അജിത്കുമാറിനെ മാറ്റിയതു കൃത്യസമയത്തെന്ന് എം.വി. ഗോവിന്ദൻ
Tuesday, October 8, 2024 2:46 AM IST
കണ്ണൂർ: എഡിജിപി എം.ആർ. അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്നു മാറ്റിയത് കൃത്യമായ സമയത്താണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കണ്ണൂരിൽ മാധ്യമങ്ങളോടു പറഞ്ഞു.
എന്നാൽ, അജിത്കുമാറിനെതിരായ നടപടിയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ആണെന്നും അല്ലെന്നും നിങ്ങൾക്കു വിലയിരുത്താമെന്നും അദ്ദേഹം പറഞ്ഞു. “സിപിഐയിൽനിന്ന് ഒരു സമ്മർദവുമുണ്ടായിരുന്നില്ല. അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ നടപടിയെടുക്കുമെന്നാണു സർക്കാർ പറഞ്ഞത്. അന്വേഷണം പുരോഗമിക്കുകയാണ്. ആ തീരുമാനം അക്ഷരംപ്രതി നടപ്പാക്കിയിരിക്കും” -ഗോവിന്ദൻ പറഞ്ഞു.
എഡിജിപിയെ എന്തുകൊണ്ട് ക്രമസമാധാന ചുമതലയിൽനിന്നു ബറ്റാലിയൻ ചുമതലയിലേക്ക് മാറ്റുന്നുവെന്നതിലും എം.വി. ഗോവിന്ദൻ കൃത്യമായ മറുപടി നൽകിയില്ല. ആർഎസ്എസ് നേതാക്കളെ കണ്ടതുമായി ബന്ധപ്പെട്ടാണോയെന്ന ചോദ്യത്തിന്, അങ്ങനെയുമാകാമെന്നായിരുന്നു മറുപടി.