തെക്കൻ കേരളത്തിലും മധ്യകേരളത്തിലും തീവ്രമഴയ്ക്ക് സാധ്യത
Tuesday, October 8, 2024 2:46 AM IST
തിരുവനന്തപുരം: അടുത്ത നാല് ദിവസം തെക്കൻ കേരളത്തിലും മധ്യകേരളത്തിലും തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്നും വെള്ളിയാഴ്ചയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഇടുക്കിയിൽ നാളെയും വ്യാഴാഴ്ചയും പത്തനംതിട്ടയിൽ വ്യാഴാഴ്ചയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ അടുത്ത മൂന്നു ദിവസവും പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ വെള്ളിയാഴ്ചയും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
ഇവിടങ്ങളിലെ പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും മുന്നറിയിപ്പു നൽകി.