ശ്രീനാഥ് ഭാസിയും പ്രയാഗയും ഓംപ്രകാശിനെ സന്ദര്‍ശിച്ചു
Tuesday, October 8, 2024 2:46 AM IST
കൊച്ചി: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനെതിരായ ലഹരിക്കേസിലെ അന്വേഷണം മലയാള സിനിമാതാരങ്ങളിലേക്കും.
കൊച്ചി മരടില്‍ ഓംപ്രകാശ് താമസിച്ച ആഡംബര ഹോട്ടലിലെ മുറിയില്‍ സിനിമാതാരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും എത്തിയിരുന്നതായി പോലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ക്കുപുറമെ സ്ത്രീകളടക്കം ഇരുപതോളം പേര് ഓം പ്രകാശിന്റെ മുറിയില്‍ എത്തിയതായാണു വിവരം. സംഭവവുമായി ബന്ധപ്പെട്ട് മരട് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ലഹരിപ്പാര്‍ട്ടി നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഞായറാഴ്ച ഉച്ചയോടെ കുണ്ടന്നൂരിലെ ആഡംബര ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് ഓംപ്രകാശും (44) സുഹൃത്ത് കൊല്ലം സ്വദേശി ഷിഹാസും (45) പിടിയിലായത്. ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണു മരട് പോലീസ് കേസെടുത്തത്.
പിടിയിലായ ഷിഹാസിന്റെ കൈയില്‍ നിന്ന് പോലീസ് കുറഞ്ഞ അളവില്‍ കൊക്കെയ്ന്‍ പിടികൂടിയിരുന്നു. തുടര്‍ന്നാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ബോള്‍ഗാട്ടിയില്‍ നടന്ന ഡിജെ പാർട്ടിക്ക് എത്തിയതാണെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണു മുറിയില്‍നിന്നു ലഹരിവസ്തുക്കള്‍ പിടികൂടിയത്.
ബോബി ചലപതി എന്നയാളുടെ പേരിലാണു മുറി ബുക്ക് ചെയ്തത്. ഓംപ്രകാശിന്റെയും ഷിഹാസിന്റെയും ജാമ്യഹര്‍ജി പരിഗണിക്കവേയാണ് പോലീസ് കോടതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് സിനിമാതാരങ്ങളുടെ പേരുള്ളത്. താരങ്ങൾ എന്തിന് എത്തിയെന്ന് അറിയാന്‍ പ്രതികളായ ഷിഹാസിനെയും ഓംപ്രകാശിനെയും കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇരുവര്‍ക്കും ജാമ്യം ലഭിച്ചു.
സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം
മൂന്നു മുറികളിലായാണ് ലഹരി ഇടപാടുകള്‍ നടന്നതെന്നാണ് ലഭ്യമാകുന്ന വിവരം. കൊക്കെയ്ന്‍ അടക്കം പ്രതികളില്‍ നിന്നു പിടികൂടിയിരുന്നു. വിദേശത്തുനിന്ന് മയക്കുമരുന്നെത്തിച്ച് വിതരണം ചെയ്യുകയായിരുന്നു പ്രതികളെന്നും സൂചനയുണ്ട്. ഇവര്‍ ബുക്ക് ചെയ്ത മുറിയിലും അടുത്തുള്ള രണ്ട് മുറികളിലുമായാണ് അന്വേഷണം നടക്കുന്നത്. ഹോട്ടലിലെ സിസിടിവി അടക്കം പരിശോധിച്ചു പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. ഇതില്‍നിന്നാണ് താരങ്ങളുടെ അടക്കം ദൃശ്യങ്ങള്‍ ലഭിച്ചത്.
പോള്‍ ജോര്‍ജ് വധക്കേസുള്‍പ്പെടെ ഒട്ടേറെ കൊലക്കേസുകളിലെ പ്രതിയാണ് ഓംപ്രകാശ്.1999 മുതല്‍ സംസ്ഥാനത്ത് കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, വീടുകയറി ആക്രമണം, ലഹരി ഇടപാടുകള്‍ ഉള്‍പ്പെടെ ഇരുപതിലേറെ കേസുകളിലെ പ്രതിയാണ് ഇയാൾ. അടുത്തിടെ ജാമ്യത്തില്‍ ഇറങ്ങിയതാണ്. പാറ്റൂര്‍ ഗുണ്ടാ ആക്രമണക്കേസിലെ മുഖ്യപ്രതിയായിരുന്ന ഓംപ്രകാശിനെ ഒരു മാസം മുന്‍പ് തിരുവനന്തപുരത്ത് വാഹനാപകടവുമായി ബന്ധപ്പെട്ട കേസിലും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പല സാമ്പത്തിക ഇടപാടുകളും കരാറുകളുമായി ബന്ധപ്പെട്ട് കൊച്ചിയിലും ഗോവയിലും സംസ്ഥാനത്തിനുപുറത്തും ഇയാള്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. ഈ സാഹചര്യത്തിലാണ് ഓംപ്രകാശിനെ കേന്ദ്രീകരിച്ച് പോലീസ് കൂടുതല്‍ അന്വേഷണം തുടരുന്നത്.
താരങ്ങളെ എത്തിച്ചയാള്‍ കസ്റ്റഡിയില്‍
ഓംപ്രകാശ് സംഘടിപ്പിച്ച ലഹരിപ്പാര്ട്ടിയിലേക്കു സിനിമാ താരങ്ങളെ എത്തിച്ചതായി സംശയിക്കുന്നയാള്‍ പോലീസ് കസ്റ്റഡിയില്‍. എളമക്കര സ്വദേശി ബിനു ജോസഫിനെയാണ് എറണാകുളം സൗത്ത് പോലീസ് ഇന്നലെ വൈകുന്നേരം കസ്റ്റഡിയിലെടുത്തത്.
ശ്രീനാഥ് ഭാസിയെയും പ്രയാഗ മാര്‍ട്ടിനെയും ഹോട്ടലില്‍ എത്തിച്ചത് ഇയാളാണെന്നാണു വിവരം. പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ബിനു ജോസഫിന് കുപ്രസിദ്ധ ഗുണ്ട ഭായി നസീറുമായി ബന്ധമുണ്ടെന്നും സൂചനയുണ്ട്.