മതവിശ്വാസം ഭരണഘടനയ്ക്കു മുകളിലല്ല: ഹൈക്കോടതി
Tuesday, October 8, 2024 2:46 AM IST
കൊച്ചി: മതവിശ്വാസം ഭരണഘടനയ്ക്കു മുകളിലല്ലെന്നും ഒരാളുടെ മതവിശ്വാസം മറ്റൊരാളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി. മതവിശ്വാസം വ്യക്തിപരമാണെന്നും ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന് വ്യക്തമാക്കി.
മന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്കിന് ഹസ്തദാനം ചെയ്ത മുസ്ലിം പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തിയ പ്രതി കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ നൗഷാദിന്റെ ഹര്‍ജി തള്ളിയാണു കോടതി ഉത്തരവ്.
മതവിശ്വാസ സ്വാതന്ത്ര്യത്തെപ്പറ്റി ഭരണഘടനയില്‍ വിശദമാക്കുന്നുണ്ട്. മതവിശ്വാസം പ്രചരിപ്പിക്കാന്‍ വ്യക്തികള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ അത് മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാനാകില്ല. അതേ സന്ദേശം തന്നെയാണ് ഇസ്ലാമിലും ഉള്ളത്. മതാചാരങ്ങള്‍ പാലിക്കാന്‍ ആരെയും നിര്‍ബന്ധിക്കരുതെന്ന് ഖുറാന് വചനങ്ങളിലും വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
2017ല്‍ കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസ് കോളജില്‍ അന്നത്തെ ധനമന്ത്രി തോമസ് ഐസക്കുമായി വിദ്യാര്‍ഥികള്‍ സംവാദം നടത്തിയിരുന്നു. പങ്കെടുത്തവര്‍ക്കുള്ള സമ്മാനം നല്‍കുന്നതിനിടെ, എല്‍എല്‍ബി വിദ്യാര്ഥിനിക്കടക്കം അദ്ദേഹം ഹസ്തദാനവും നല്കി.
വിദ്യാര്‍ഥിനി ഹസ്തദാനം ചെയ്ത ദൃശ്യമടക്കം ഹര്ജിക്കാരന് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ശരീഅത്ത് നിയമം ലംഘിച്ചെന്നും വ്യഭിചരിച്ചെന്നും മറ്റും ആരോപിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി നല്കിയ പരാതിയിലാണു ഹര്‍ജിക്കാരനെതിരേ കുന്ദമംഗലം പോലീസ് കേസെടുത്തത്.
കേസ് കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയില്‍ വിചാരണ ചെയ്യാനിരിക്കേയാണു പ്രതി ഹൈക്കോടതിയെ സമീപിച്ചത്. വീഡിയോ പ്രചരിപ്പിച്ചതു നിഷേധിച്ചിട്ടില്ലെങ്കിലും തനിക്കെതിരേ കലാപശ്രമത്തിനും ക്രമസമാധാനപ്രശ്നത്തിനും കുറ്റം ചുമത്തിയത് നിലനില്‍ക്കില്ലെന്നും റദ്ദാക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.
തനിക്കു നേരിട്ട മാനഹാനിക്കെതിരേ ധീരമായി പ്രതികരിച്ച പെണ്‍കുട്ടിക്ക് ഭരണഘടനാപരമായ സംരക്ഷണം നല്‍കേണ്ടതുണ്ടെന്നും പിന്തുണയ്ക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും കോടതി പറഞ്ഞു.