സഭയില്‍ സ്പീക്കറും സതീശനും നേർക്കുനേർ
Tuesday, October 8, 2024 2:46 AM IST
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനമായിരുന്ന ഇന്നലെ സ്പീക്കറും പ്രതിപക്ഷനേതാവും നേര്‍ക്കുനേര്‍. പ്രതിപക്ഷാംഗങ്ങള്‍ ചോദ്യോത്തരവേളയില്‍ പ്രതിഷേധിച്ച് നടുത്തളത്തില്‍ ഇറങ്ങിയപ്പോള്‍ ആരാണ് പ്രതിപക്ഷനേതാവെന്നു സ്പീക്കര്‍ ചോദിച്ചതാണ് പ്രതിപക്ഷ അംഗങ്ങളെയും പ്രതിപക്ഷനേതാവിനെയും ചൊടിപ്പിച്ചത്.
പ്രതിപക്ഷാംഗങ്ങള്‍ നല്കിയ നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ നിയമസഭാ സെക്രട്ടേറിയറ്റ് നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളാക്കി മാറ്റിയതിനെ തുടര്‍ന്നാണ് ഇന്നലെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്.
സഭയ്ക്കുള്ളില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശത്തെ സര്‍ക്കാരും സ്പീക്കറും ചേര്‍ന്ന് വെട്ടിനിരത്തുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആരോപിച്ചു. ഈ രീതിയാണു സ്വീകരിക്കുന്നതെങ്കില്‍ തങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
എന്നാല്‍ ചോദ്യങ്ങള്‍ക്കായി നല്കുന്ന നോട്ടീസുകളില്‍ യാതൊരു വിവേചനവും കൂടാതെ ചട്ടത്തില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായാണ് നക്ഷത്ര ചിഹ്നമായും നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളായും തരംതിരിച്ചിട്ടുള്ളതെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പറഞ്ഞു.
സഭയില്‍ ചോദ്യം ചോദിക്കുന്നതുവരെ ചോദ്യം പ്രസിദ്ധപ്പെടുത്താനാകില്ലെന്നാണ് ചട്ടമെന്നും റൂള്‍ ബുക്കിലെ സെക്ഷനടക്കം വിശദീകരിച്ച് സ്പീക്കര്‍ പറഞ്ഞു.
പ്രതിപക്ഷനേതാവിന്റെ പരാതിയില്‍ ഉന്നയിച്ചിട്ടുള്ള എല്ലാ ചോദ്യങ്ങളും തദ്ദേശീയ പ്രാധാന്യമുള്ളതും വാദങ്ങളുടെയോ അഭ്യൂഹങ്ങളുടെയോ അടിസ്ഥാനത്തിലുള്ളതാണെന്നായിരുന്നു സ്പീക്കറുടെ നിലപാട്. ചോദ്യങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നതിനു മുന്‍പ് പത്രദൃശ്യ മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രതിപക്ഷം അവയെ വിമര്‍ശിച്ചത് അവകാശ ലംഘനമാണെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ട വിഷയം പ്രാധാന്യമുള്ള ചോദ്യമല്ലെന്നാണോ സ്പീക്കര്‍ പറയുന്നതെന്ന് വി.ഡി. സതീശന് ചേദിച്ചു. പിന്നാലെ, പ്രതിപക്ഷം പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലേക്കിറങ്ങി.
തുടര്‍ന്ന് എഴുന്നേറ്റ മുഖ്യമന്ത്രി സര്‍ക്കാരിനെതിരേയുള്ള ചോദ്യങ്ങളെ ഒരിക്കലും ഭയന്നിട്ടില്ലെന്നും എല്ലാ ചോദ്യങ്ങള്‍ക്കും സഭയില്‍ ഉത്തരം നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു.
ഇതേതുടര്‍ന്ന് കെട്ടിട സമുച്ചയങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് ഇളവുകളെ സംബന്ധിച്ച് മുഖ്യമന്ത്രിയോടുള്ള ആദ്യ ചോദ്യത്തിന് ടി. സിദ്ദിഖിനെ സ്പീക്കര്‍ ക്ഷണിച്ചെങ്കിലും പ്രതിപക്ഷം സഹകരിച്ചില്ല.
ഇതോടെ ദുരിതാശ്വാസനിധി സംബന്ധിച്ച ഭരണപക്ഷാംഗങ്ങളുടെ ചോദ്യത്തിന് മറുപടി പറയാന്‍ മുഖ്യമന്ത്രി എഴുന്നേറ്റു. മുഖ്യമന്ത്രിയുടെ മറുപടിക്കിടെ ഹ.ഹ..ഹ എന്നു പ്രതിപക്ഷാംഗങ്ങള്‍ പൊട്ടിച്ചിരിച്ചത് ഭരണ പക്ഷ അംഗങ്ങളെ പ്രകോപിതരാക്കി.
പ്രതിഷേധം തുടരുന്നതിനിടയില്‍ വി.ഡി. സതീശന് പ്രസംഗിക്കാന്‍ എഴുന്നേറ്റെങ്കിലും സ്പീക്കര്‍ മൈക്ക് നല്‍കിയില്ല. പ്രതിഷേധം അവസാനിപ്പിച്ച് പ്രതിപക്ഷ അംഗങ്ങള്‍ സീറ്റിലേക്ക് മടങ്ങാതെ മൈക്ക് അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു സ്പീക്കര്‍. ഇതോടെ ചില അംഗങ്ങള്‍ സീറ്റിലേക്കു മടങ്ങി.
എന്നാല്‍ പ്രതിപക്ഷ നേതാവിനു മൈക്ക് നല്‍കാത്തതില്‍ മാത്യു കുഴല്നാടന് സ്പീക്കര്‍ക്കെതിരേ ഡയസിന് മുന്നില്‍ നിന്നു പ്രതിഷേധിച്ചു. ഇതിനിടെ ആരാണ് പ്രതിപക്ഷനേതാവ് എന്ന ചോദ്യം സ്പീക്കറില്‍ നിന്നുണ്ടായി. ആരാണ് ലീഡര്‍, പ്രതിപക്ഷത്തിന് ഒരുപാട് ലീഡര്മാരുണ്ടോ.. എന്നായിരുന്നു സ്പീക്കറുടെ ചോദ്യം. ഇതില്‍ കുപിതരായ പ്രതിപക്ഷം ബഹളം തുടര്‍ന്നു.
അതിനിടെ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് സ്പീക്കറുടെ ചോദ്യം അപക്വമാണെന്നും സ്പീക്കര്‍ പദവിക്ക് അപമാനമെന്നും വിമര്‍ശിച്ചു. പിന്നാലെ പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ചു പുറത്തേക്കു പോയി. പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി മന്ത്രി എം.ബി. രാജേഷും മുഖ്യമന്ത്രിയും രംഗത്തെത്തി. നിലവാരമില്ലാത്ത പ്രതിപക്ഷ നേതാവാണ് വി.ഡി.സതീശനെന്നു രാജേഷ് പറഞ്ഞു.
പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടും മാത്യു കുഴല്നാടന് പിന്തിരിയാതെ പ്രതിഷേധം തുടര്‍ന്നതുകൊണ്ടാണ് താന്‍ പ്രതിപക്ഷ നേതാവ് ആരെന്ന ചോദ്യം ചോദിച്ചതെന്നും സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷ നേതാവ് നടത്തിയ പരാമര്‍ശങ്ങള്‍ രേഖകളില്‍നിന്ന് നീക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി. എന്നാല്‍ ചോദ്യോത്തരവേളയ്ക്കു ശേഷം മടങ്ങിയെത്തിയ പ്രതിപക്ഷ നേതാവ് രൂക്ഷമായ ഭാഷയിലാണ് സ്പീക്കറെയും മുഖ്യമന്ത്രിയെയും മന്ത്രി രാജേഷിനെയും വിമര്‍ശിച്ചത്.