സതീശൻ കാപട്യത്തിന്റെ മൂർത്തീരൂപമെന്നു മുഖ്യമന്ത്രി
Tuesday, October 8, 2024 2:46 AM IST
തിരുവനന്തപുരം: നിയമസഭയിൽ ചോദ്യോത്തര വേളയിൽ പ്രതിപക്ഷ നേതാവിനെതിരേ മുഖ്യമന്ത്രി നടത്തിയ ചില പരാമർശങ്ങൾ ശൂന്യവേളയിൽ ഇവരുവരും തമ്മിലുള്ള രൂക്ഷമായ വാക്പോരിലേക്ക് വഴിമാറി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കാപട്യത്തിന്റെ മൂർത്തീരൂപമെന്നു മുഖ്യമന്ത്രി തുറന്നടിച്ചപ്പോൾ മുഖ്യമന്ത്രിയെപ്പോലെ അഴിമതിക്കാരനും നിലവാരമില്ലാത്തവനുമാകരുതേയെന്നാണ് താൻ പ്രാർഥിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മറുപടി.
ചോദ്യോത്തരവേള ബഹിഷ്കരിച്ച പ്രതിപക്ഷം ശൂന്യവേളയിൽ സഭയിൽ തിരിച്ചുവന്നപ്പോൾ പ്രതിപക്ഷനേതാവാണ് ആദ്യം പരാമർശം നടത്തിയത്. സഭാ നടപടി ബഹിഷ്കരിച്ച് തങ്ങൾ പുറത്തേക്കുപോയശേഷം മുഖ്യമന്ത്രിയും പാർലമെന്ററി കാര്യ മന്ത്രിയും തനിക്കെതിരേ ചില വ്യക്തിപരമായ പരാമർശം നടത്തി.
താനൊരു ദൈവവിശ്വാസിയാണ്. എല്ലാ ദിവസവും പ്രാർഥിക്കുന്ന വ്യക്തിയുമാണ്. അങ്ങയെപ്പേലെ ഒരു അഴിമതിക്കാരും നിലവാരമില്ലാത്തവനും ആകരുതെന്നാണ് പ്രാർഥിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് പറഞ്ഞു.
ഇതിനു പ്രതികരണവുമായി എഴുന്നേറ്റ മുഖ്യമന്ത്രി പ്രതിപക്ഷനേതാവ് സ്പീക്കർക്കെതിരേ നിലവാരമില്ലാത്ത ആക്ഷേപമാണ് ചൊരിഞ്ഞതെന്നും ഈ ഘട്ടത്തിലല്ല, പലഘട്ടത്തിലും അദ്ദേഹം ഇത് തന്നെ നടത്തുന്നുവെന്നും ആ നിലവാരമില്ലായ്മ മടങ്ങിവന്നശേഷവും ആവർത്തിക്കുകയായിരുന്നുവെന്നും കൂട്ടിച്ചേർത്തു.
സമൂഹത്തിനു മുന്നിൽ പിണറായി വിജയൻ ആരാണ്, വി.ഡി. സതീശൻ ആരാണെന്നു എല്ലാവർക്കുമറിയാം. പിണറായി വിജയൻ അഴിമതിക്കാരൻ ആണെന്നു പറഞ്ഞാൽ ഈ സമൂഹം അംഗീകരിക്കില്ല. നിങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളും ഞങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളും സമൂഹം വിലയിരുത്തുന്നുണ്ട്.
സമൂഹം എല്ലാം കാണുന്നുണ്ട് എന്ന കാര്യവും മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷനേതാവ് അതൊക്കെ മനസിൽ വച്ചാൽ മതിയെന്നും നല്ലകണ്ണാടിയിൽ നോക്കേണ്ടത് നിങ്ങളാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നിലവാരമില്ലെന്നു പറഞ്ഞ കാര്യം സ്വയം കണ്ണാടിയിൽ നോക്കിയാൽ മതിയെന്നു പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു. ചെകുത്താൻ വേദം ഓതുന്നതുപോലയൊണ് അഴിമതി വിരുദ്ധ പ്രഭാഷണം നടത്തുന്നത്. നിങ്ങൾക്ക് ചുറ്റുമുള്ളത് അവതാരങ്ങളാണ്.
എം.വി. രാഘവനെ നിയമസഭയ്ക്കുള്ളിൽ തല്ലിച്ചതച്ചപ്പോൾ ആരായിരുന്നു പാർലമെന്ററി പാർട്ടി നേതാവ്. കെ.കെ. രമയെ അധിഷേപിച്ചപ്പോൾ ആരായിരുന്നു പാർലമെന്ററി പാർട്ടി ലീഡർ, സഭ തല്ലിപ്പൊളിച്ചപ്പോൾ പുറത്തു നിന്നും ഒത്താശ നല്കിയത് ആരായിരുന്നുവെന്നും സതീശൻ ചോദിച്ചു.