കെഎസ്ഇബിക്ക് മീറ്റര്‍ ചാകര
Tuesday, October 8, 2024 2:46 AM IST
സിജോ പൈനാടത്ത്
കൊച്ചി: ഉപയോക്താക്കളുടെ വീടുകളില്‍ കെഎസ്ഇബി സ്ഥാപിച്ചിട്ടുള്ള മീറ്ററുകള്‍ ബോര്‍ഡിന് വൈദ്യുതി ഉപയോഗത്തിന്റെ അളവറിയാനുള്ള ഉപകരണം മാത്രമല്ല, അത് അക്ഷരാര്‍ഥത്തില്‍ കെഎസ്ഇബിക്ക് ചാകരക്കോളാണെന്നു കണക്കുകള്‍. കഴിഞ്ഞ 13 വര്‍ഷത്തിനിടെ ഗാര്‍ഹിക ഉപഭോക്താക്കളില്‍നിന്നു മീറ്റര്‍ വാടകയിനത്തില്‍ മാത്രം കെഎസ്ഇബി പിരിച്ചെടുത്തത് 1532.17 കോടി രൂപയാണ്.
ഗുണഭോക്താക്കളുടെ വിഭാഗമനുസരിച്ചു പ്രതിമാസം ആറു മുതല്‍ 1000 രൂപ വരെ വാടകയിനത്തില്‍ ഈടാക്കുന്നതിലൂടെയാണ് കെഎസ്ഇബിയിലേക്ക് ഇത്രയും തുക എത്തിയത്. 2010-11 സാമ്പത്തികവര്‍ഷം മുതല്‍ 2023-24 വരെയുള്ള കാലയളവിലെ മീറ്റര്‍ വാടക നിരക്കാണ് 1532.17 കോടി. 2002 മേയ് ഒന്നുമുതല്‍ കെഎസ്ഇബി വൈദ്യുതി നിരക്കിനൊപ്പം മീറ്റര്‍ വാടക പിരിക്കുന്നുണ്ട്.
2021 മുതല്‍ പ്രതിവര്‍ഷം 100 കോടിക്കു മുകളിലാണ് ബോര്‍ഡിന്റെ മീറ്റര്‍ വാടക വരുമാനമെന്ന് വിവരാവകാശ നിയമപ്രകാരം കെഎസ്ഇബി പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം മാത്രം 108.38 കോടി രൂപ വാടകയിനത്തില്‍ പിരിച്ചെടുത്തു. 2022-23ല്‍ ഇത് 105.34 കോടിയായിരുന്നു.
സംസ്ഥാനത്തെ ലോ ടെന്‍ഷന്‍ ഗാര്‍ഹിക വൈദ്യുതി ഉപയോക്താക്കള്‍ 1.04 കോടിയാണ്. ഹൈടെന്‍ഷന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ 146 പേരുണ്ട്. സിംഗിള്‍ ഫേസ് കണക്ഷന് പ്രതിമാസം ആറു രൂപയും (രണ്ടു മാസത്തിലെ ബില്ലിംഗില്‍ 12 രൂപ) ത്രീ ഫേസിന് 15 രൂപയുമാണു മീറ്റര്‍ വാടക. അതിനു മുകളില്‍ വൈദ്യുതി ഉപഭോഗമുള്ള രണ്ടു വിഭാഗങ്ങളിലെ ഉപഭോക്താക്കള്‍ പ്രതിമാസം യഥാക്രമം 30, 1000 രൂപ വീതം മീറ്റര്‍ വാടക നല്‍കണം.
മീറ്ററിനു വില 612 രൂപ
സിംഗിള്‍ ഫേസ് മീറ്റര്‍ കെഎസ്ഇബി വാങ്ങുന്നത് 612.42 രൂപയ്ക്കാണ്. ത്രീ ഫേസാകുമ്പോള് മീറ്റര്‍ വില 1620 രൂപ. ജിഎസ്ടി ഉള്‍പ്പെടെയുള്ള നിരക്കാണിതെന്ന് കെഎസ്ഇബി തന്നെ സമ്മതിക്കുന്നു.
2002 മുതല്‍ മീറ്റര്‍ വാടക പിരിക്കുന്ന കെഎസ്ഇബി ഇതിനകം ഗുണഭോക്താക്കളില്‍നിന്ന് മീറ്ററിന്റെ ഇന്നത്തെ വിലയനുസരിച്ച് ഇരട്ടിയിലധികം തുക ഈടാക്കിയിട്ടുണ്ടെന്ന് പൊതുപ്രവര്‍ത്തകനായ രാജു വാഴക്കാല ചൂണ്ടിക്കാട്ടി.
പത്തു വര്‍ഷം മുമ്പ് സിംഗിള്‍ ഫേസ് മീറ്റിന് 600 രൂപയില്‍ താഴെയാണു നിരക്ക്. മീറ്റര്‍ വാടകയിനത്തില്‍ തുടര്‍ച്ചയായി ജിഎസ്ടി പിരിക്കുന്നതിലും അനീതിയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിമാസം ആറു രൂപ വീതം വാടക നല്കുന്ന സിംഗിള്‍ ഫേസ് ഉപയോക്താക്കള്‍ ഒമ്പതു വര്‍ഷം കൊണ്ടുതന്നെ മീറ്റര്‍ വിലയേക്കാളധികം തുക കെഎസ്ഇബിക്ക് കൊടുത്തു. അവര്‍ ഇപ്പോഴും വൈദ്യുതിനിരക്കിനൊപ്പം മീറ്റര്‍ വാടക നല്കുന്നതു തുടരുകയാണ്.