കൂത്താട്ടുകുളം വാഹനാപകടം: മരണം മൂന്നായി
Tuesday, October 8, 2024 2:46 AM IST
മങ്കൊമ്പ്: പേരക്കുട്ടിയുടെ ജന്മദിനാഘോഷങ്ങളിൽ പങ്കെടുത്തു മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ഒരാൾകൂടി മരിച്ചു. ഇതോടെ ഞായറാഴ്ചയുണ്ടായ അപകടത്തിൽ മരണം മൂന്നായി.
പുളിങ്കുന്ന് പഞ്ചായത്ത് കായൽപ്പുറം കരീപ്പറമ്പിലായ കോയിപ്പള്ളി ജോസഫ് ആന്റണി (തങ്കച്ചൻ-68), ഭാര്യ തങ്കമ്മ (60), ചെറുമകൾ എസ്തേർ (രണ്ടര വയസ്) എന്നിവരാണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന തങ്കച്ചന്റെ മകനും മരിച്ച എസ്തേറിന്റെ പിതാവുമായ എബി (32), എബിയുടെ ഭാര്യ ട്രീസ സി. മോനി (26) എന്നിവർ ഗുരുതര പരിക്കുകളോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച വൈകുന്നേരം നാലിന് എംസി റോഡിൽ കൂത്താട്ടുകുളം പുതുവേലി ചോരക്കുഴി പാലത്തിനു സമീപമായിരുന്നു അപകടം. അങ്കമാലിയിലുള്ള മകൾ സെബിയുടെ കുട്ടിയുടെ ജന്മദിനാഘോഷങ്ങളിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു തങ്കച്ചനും കുടുംബവും. ഇവർ സഞ്ചരിച്ചിരുന്ന കാർ എതിർദിശയിൽനിന്നു വന്ന മിനി ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
തങ്കച്ചനും എസ്തേറും സംഭവസ്ഥലത്തും തങ്കമ്മ ചികിത്സയിലിരിക്കേ ഇന്നലെ പുലർച്ചെയുമാണ് മരിച്ചത്. പാലാ ജനറൽ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളജിലുമായി പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹങ്ങൾ കോട്ടയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങൾ ഇന്നു വൈകുന്നേരത്തോടെ വീട്ടിലെത്തിക്കും. സംസ്കാരം ഉച്ചയ്ക്ക് 1.30ന് കായൽപ്പുറം സെന്റ് ജോസഫ്സ് പള്ളിയിൽ.