പ്രതിപക്ഷ അവകാശം നിഷേധിച്ചതിനു പിന്നിൽ ഗൂഢാലോചന: വി.ഡി. സതീശൻ
Tuesday, October 8, 2024 2:46 AM IST
തിരുവനന്തപുരം: ചോദ്യങ്ങൾ ചോദിക്കാനുള്ള പ്രതിപക്ഷ അവകാശം നിഷേധിച്ചതിനു പിന്നിൽ സ്പീക്കറുടെയും മുഖ്യമന്ത്രിയുടെയും ഓഫീസുകളുടെ ഗൂഢാലോചനയെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിയമസഭ ബഹിഷ്കരിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷനേതാവ് പറഞ്ഞത് രേഖകളിൽനിന്നു നീക്കിയ സ്പീക്കർ മുഖ്യമന്ത്രിയുടെയും പാർലമെന്ററികാര്യ മന്ത്രിയുടെയും സഭ്യേതര പരാമർശങ്ങൾ നീക്കം ചെയ്തില്ല. സ്പീക്കറുടെയും സർക്കാരിന്റെയും ഭാഗത്തുനിന്നു ദൗർഭാഗ്യകരമായ നടപടിയാണ് നിയമസഭയിലുണ്ടായത്.
പ്രതിപക്ഷം ജനാധിപത്യപരമായ ആവശ്യമാണ് ഉന്നയിച്ചത്. സ്പീക്കറുടെ ഓഫീസും മുഖ്യമന്ത്രിയുടെ ഓഫീസും ഗൂഡാലോചന നടത്തി രാജ്യ, സംസ്ഥാന താത്പര്യങ്ങളെ ബാധിക്കുന്ന 49 ചോദ്യങ്ങൾ സഭയിൽ വരാതിരിക്കുന്നതിനുവേണ്ടി നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളാക്കി മാറ്റി. സ്പീക്കറുടെ പഴ്സണൽ സ്റ്റാഫിൽ ഉൾപ്പെട്ട ഒരാൾ നിയമസഭ സെക്രട്ടേറിയറ്റിൽ ചെന്നിരുന്നാണ് പ്രതിപക്ഷം നൽകിയ ചോദ്യങ്ങൾ വെട്ടിമാറ്റിയത്.
നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശമാണ് പച്ചയായി നിഷേധിക്കപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ടുണ്ടായ ബഹളത്തിനിടെ സ്പീക്കർ പ്രതിപക്ഷ നേതാവിനെ പരാമർശിച്ച് അനാദരവോടെ സംസാരിച്ചു.
ഒരു സ്പീക്കറും ആ കസേരയിൽ ഇരുന്ന് ഇതുപോലെ സംസാരിച്ചിട്ടില്ല. അതിൽ ഒരു അനൗചിത്യമുണ്ട്. ഇക്കാര്യത്തിലുള്ള പ്രതിഷേധം പ്രതിപക്ഷം സഭയിൽ രേഖപ്പെടുത്തിയെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു.
ഒരു മാസത്തിൽ അധികമായി കേരളം ചർച്ചചെയ്തുകൊണ്ടിരിക്കുന്ന വിഷയങ്ങൾ പ്രതിപക്ഷത്തിന് നിയമസഭയിൽ അവതരിപ്പിക്കാനുള്ള ആദ്യ അവസരം ചോദ്യോത്തര വേളയാണെന്നും അതിനെയാണ് ഒറ്റയടിക്ക് ഇല്ലാതാക്കിയതെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സ്പീക്കർ സ്വന്തം നിലയ്ക്കല്ല, സർക്കാരാണ് ചോദ്യങ്ങളിൽനിന്നു ഒളിച്ചോടിയത്. ഒളിച്ചോടിയത് എന്തുകൊണ്ടാണെന്ന് ചോദിച്ചു കൊണ്ടാണ് പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങിയത്. ഇന്ത്യയിൽ ബിജെപി ചെയ്യുന്ന അതേ കാന്പയിൻ സിപിഎം കേരളത്തിൽ നടത്തുന്നതിനെ പ്രതിപക്ഷം ഇനിയും പ്രതിരോധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സർക്കാരിന്റെ തെറ്റായ നിലപാടുകൾക്കെതിരേ പ്രതിഷേധിച്ചപ്പോൾ മറുപടി ഇല്ലാത്തതിനാലാണ് ചോദ്യങ്ങൾ തിരസ്കരിച്ച് സർക്കാർ ഒളിച്ചോടിയതെന്ന് മോൻസ് ജോസഫ് പറഞ്ഞു.
മുഖ്യമന്ത്രിയും സർക്കാരും ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാൻ നടത്തിയ ശ്രമത്തിലാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. സർക്കാർ മാന്യമായ നിലപാട് എടുക്കുന്നതിനു പകരം പ്രതിഷേധാർഹമായ സമീപനമാണ് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ മനഃപൂർവം പ്രകോപനമുണ്ടാക്കുകയായിരുന്നുവെന്ന് അനൂപ് ജേക്കബ് പറഞ്ഞു. നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ നക്ഷത്ര ചിഹ്നമില്ലാത്തതാക്കിയത് പ്രതിപക്ഷ അവകാശങ്ങളുടെ ലംഘനമാണ്. അത് ചോദ്യം ചെയ്തപ്പോൾ പ്രകോപനപരമായ മറുപടിയാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഭാഗത്തു നിന്നുണ്ടായതെന്നും അനൂപ് കൂട്ടിച്ചേർത്തു.