പ്രതിപക്ഷത്തിനു സമനില തെറ്റി, രാജ്യത്തു ചികിത്സിച്ചാൽ ഭേദമാകില്ല: എ.കെ. ബാലൻ
Tuesday, October 8, 2024 2:46 AM IST
പയ്യന്നൂർ: കേരളത്തിലെ പ്രതിപക്ഷത്തിനു സമനില തെറ്റിയെന്നും ഇന്ത്യാ രാജ്യത്തെ ഏതെങ്കിലും ആശുപത്രിയിൽ ചികിത്സിച്ചാൽ ഭേദമാകുമെന്ന് തോന്നുന്നില്ലെന്നും മുതിർന്ന സിപിഎം നേതാവ് എ.കെ. ബാലൻ.
സർക്കാർ ചട്ടപ്രകാരം അടിയന്തര പ്രമേയം അനുവദിച്ചിട്ടും പ്രതിപക്ഷം സമരം നടത്തുകയാണ്. മുന്പ് സ്വപ്നയുടെ സ്വർണക്കടത്ത് വിഷയവുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയം കൊണ്ടുവന്നപ്പോഴും പ്രതിപക്ഷം ഇറങ്ങിപ്പോകുകയായിരുന്നു. പയ്യന്നൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി എടുക്കുന്പോൾ ആലോചിച്ചേ ചെയ്യാൻ പറ്റൂ. ചട്ടവിരുദ്ധമായി നടപടിയെടുത്താൽ അവർ നിയമപരമായ മാർഗത്തിലൂടെ തിരിച്ചുവരുമെന്ന അനുഭവം നമുക്കു മുന്നിലുണ്ട്. അതിനാലാണ് ഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണം നടത്തിയത്. അഞ്ച് അന്വേഷണങ്ങളാണ് ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരേ നടക്കുന്നത്. ഉപ്പു തിന്നവൻ വെള്ളം കുടിക്കും. എഡിജിപിക്കെതിരെ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.
ആളുകളുമായി പോലീസ് ചർച്ച നടത്തുന്നതിൽ എന്താണ് തെറ്റെന്ന് മനസിലാകുന്നില്ല. ഇത്തരം ചർച്ചകൾ എല്ലാം നാട്ടിൽ സമാധാനം ഉണ്ടാകണം എന്ന ലക്ഷ്യത്തോടെയുള്ളതാണ്. ചേലക്കരയിൽ സിപിഎമ്മിനെ പരാജയപ്പെടുത്താൻ ആയിരം അൻവർമാർ ഒന്നിച്ചു വന്നാലും കഴിയില്ല.
അൻവറിന്റെ എല്ലാ സഹായവും കിട്ടിയാലും യുഡിഎഫിനു ജയിക്കാനുമാകില്ല. പാലക്കാടാണെങ്കിൽ അദ്ഭുതം സൃഷ്ടിക്കാൻ പോവുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തോടൊപ്പം നിന്ന അതേ അനുഭവമാണ് വരുന്ന തെരഞ്ഞെടുപ്പിലും സംഭവിക്കാൻ പോകുന്നത്.
നിരപരാധിയായ ജലീലിനെ ഈന്തപ്പഴത്തിനുള്ളിലും ഖുറാന്റെയുള്ളിലും സ്വർണം കടത്തി എന്ന് പറഞ്ഞു കുടുക്കാൻ ശ്രമിച്ചവരാണ് പ്രതിപക്ഷം- എ.കെ. ബാലൻ പറഞ്ഞു.