ദുരിതാശ്വാസനിധിയെക്കുറിച്ച് വ്യാജവാർത്തകൾ നൽകി: മുഖ്യമന്ത്രി
Tuesday, October 8, 2024 2:46 AM IST
തിരുവനന്തപുരം: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിനു നല്കിയ നിവേദനം സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ നല്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ വിചാരണ ചെയ്യാന്‍ ശ്രമം നടന്നതായി മുഖ്യമന്ത്രി പിണറായി വിജയന്.
നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആളുകള്‍ പണം നല്‍കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയായിരുന്നു വ്യാജവാര്‍ത്തകള്‍ നല്‍കിയത്. ദുരന്തത്തിന് ഇരയായവരാണ് ഈ വാര്‍ത്തകള്‍ വഴി ദ്രോഹിക്കപ്പെട്ടത്.
മുണ്ടക്കൈയിലും ചൂരല്‍മലയിലും ദുരന്തമുണ്ടായ ശേഷം കഴിഞ്ഞ ദിവസം വരെ 513.5 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെത്തിയത്. ദുരിതാശ്വാസ നിധിയെ സഹായിക്കുന്ന നിലപാട് സ്വീകരിക്കാന്‍ എല്ലാവരും തയാറാകണം.
ദുരന്തബാധിതരെ സഹായിക്കാന്‍ രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ദുരിതാശ്വാസനിധിയിലേക്ക് സഹായമെത്തിച്ചു. വലിയ രീതിയിലുള്ള പുനരധിവാസമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സപ്ലൈകോ ഉത്സവ ചന്ത: 4.38 കോടി രൂപയുടെ വില്‍പ്പന
ഓണക്കാലത്ത് സപ്ലൈകോ നടത്തിയ പ്രത്യേക ഉത്സവ ചന്തയിലൂടെ 4.38 കോടി രൂപയുടെ വില്‍പ്പന നടന്നതായി മന്ത്രി ജി.ആര്. അനില്‍. സബ്സിഡി ഇനത്തില്‍ 2.35 കോടിയുടെയും സബ്സിഡി ഇതര വിഭാഗത്തില്‍ 1.76 കോടി രൂപയുടെയും വില്പനയാണ് നടന്നത്. ഓണച്ചന്തയുടെ ഭാഗമായി 25 കോടി രൂപയുടെ വിപണി ഇടപെടല്‍ ബാധ്യത സര്‍ക്കാരിനുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
56.2 ശതമാനം കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍നിന്ന് മോചിപ്പിച്ചു
സംസ്ഥാനത്ത് അതിദരിദ്രരായി കണ്ടെത്തിയ 64,006 കുടുംബങ്ങളില്‍ 56.2 ശതമാനം കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍നിന്ന് മോചിപ്പിക്കാന്‍ സാധിച്ചതായി മന്ത്രി എം.ബി. രാജേഷ്. അതിദാരിദ്ര്യം ലഘൂകരിക്കാന്‍ മൈക്രോ പ്ലാനാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. ദാരിദ്ര്യഘടകം എന്താണെന്ന് കണ്ടെത്തിയാണ് ഇതിനുള്ള പരിഹാരം കണ്ടത്.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നഗരങ്ങളിലേക്കു കൂടി വ്യാപിപ്പിച്ച ആദ്യ സംസ്ഥാനമാണ് കേരളം. നഗര തൊഴിലുറപ്പ് പദ്ധതി കേരളം സമഗ്രമായി നടപ്പാക്കി. മറ്റ് പല സംസ്ഥാനങ്ങളും ഈ മാതൃക അനുകരിച്ചെങ്കിലും സമഗ്രമായില്ല. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ കേരളം രാജ്യത്ത് ഒന്നാമതാണ്. പദ്ധതി നടത്തിപ്പിന്റെ നാല് ഘടകങ്ങളില്‍ കേരളം ഒന്നാമതും നാലില്‍ രണ്ടാം സ്ഥാനത്തുമാണെന്നും മന്ത്രി പറഞ്ഞു.
കെ ഫോണ്‍ 22,357 ഓഫീസുകളില്‍
കെ ഫോണ്‍ വഴി 22,357 ഓഫീസുകളില്‍ ഇതുവരെ ഇന്റര്‍നെറ്റ് കണക്ഷന് നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 5833 വീടുകളില്‍ ഇതുവരെ കെ ഫോണ്‍ വഴി സൗജന്യമായി ഇന്റര്‍നെറ്റ് നല്‍കിയിട്ടുണ്ട്. 32,379 വാണിജ്യ കണക്ഷനുകളും നല്കി.
സംസ്ഥാനത്ത് ബെവ്കോ വഴി വില്‍ക്കുന്ന മദ്യത്തില്‍ ക്യുആര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.