തനിക്കു മാത്രമേ എല്ലാം അറിയൂ എന്നാണു സതീശന്റെ വാദം: ടി.പി. രാമകൃഷ്ണൻ
Tuesday, October 8, 2024 2:46 AM IST
തിരുവനന്തപുരം: തനിക്കു മാത്രമേ എല്ലാം അറിയൂ എന്നാണു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വാദമെന്നു ഇടതുമുന്നണി കണ്‍വീനർ ടി.പി. രാമകൃഷ്ണൻ. നിയമസഭയിൽ സതീശൻ പറഞ്ഞാൽ പോലും അനുസരിക്കാത്ത എംഎൽഎമാരാണു പ്രതിപക്ഷത്തുള്ളത്. പ്രതിപക്ഷ നേതാവിനെ അനുസരിക്കാത്ത അംഗങ്ങളുടെ നിലപാടിനെയാണ് ഇന്നലെ സഭയിൽ സ്പീക്കർ വിമർശിച്ചത്.
പ്രതിപക്ഷ നേതാവ് സംസാരിക്കുന്പോഴാണു മാത്യു കുഴൽനാടൻ അദ്ദേഹത്തെ തടസപ്പെടുത്തിയത്. എല്ലാത്തിനും നേതൃത്വം കൊടുത്തതു പ്രതിപക്ഷ നേതാവാണ്. സർക്കാരിനെയും സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും അപമാനിക്കാനാണു ഇന്നലെ അടിയന്തര പ്രമേയം കൊണ്ടുവന്നതെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
ജനങ്ങളുടെ ജനാധിപത്യ ബോധത്തെ വെല്ലുവിളിക്കുന്ന സംഭവമാണ് ഇന്നലെ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. അടിയന്തര പ്രമേയത്തിന് അനുമതി നൽകിയിട്ടും ചർച്ച ചെയ്യാൻ പ്രതിപക്ഷം തയാറായില്ല. സ്പീക്കറുടെ മുഖം ബാനർ കൊണ്ട് മറച്ചു കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചു.
സ്പീക്കറും മുഖ്യമന്ത്രിയും കാര്യങ്ങൾ വിശദീകരിച്ചിട്ടും പ്രതിപക്ഷം അതു കേൾക്കാൻ തയാറായില്ല. ബഹളമുണ്ടാക്കി സ്പീക്കറുടെ ഡയസിലേക്കു തള്ളിക്കയറാൻ ശ്രമിച്ച പ്രതിപക്ഷാംഗങ്ങളുടെ പേരിൽ ഇടതുമുന്നണി നടപടി ആവശ്യപ്പെട്ടിട്ടില്ലെന്നും അക്കാര്യത്തിൽ സ്പീക്കറാണു തീരുമാനമെടുക്കേണ്ടതെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.