മലപ്പുറം പരാമർശം: മുഖ്യമന്ത്രിയെ രക്ഷിക്കാൻ സ്പീക്കർ രാഷ്ട്രീയം കളിച്ചെന്ന് കെ. സുധാകരൻ
Tuesday, October 8, 2024 2:46 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമർശത്തിൽ അദ്ദേഹത്തെ രക്ഷിക്കാൻ സ്പീക്കർ എ.എൻ.ഷംസീർ രാഷ്ട്രീയം കളിച്ചെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ.
മുഖ്യമന്ത്രിക്കു മറുപടി പറയാനില്ലാത്തതിനാലാണ് അടിയന്തര പ്രമേയത്തിനു സമയം നിശ്ചയിച്ച ശേഷം അതിനു മുന്പായി സഭാനടപടികൾ വേഗത്തിൽ തീർത്തത്. ഇക്കാര്യത്തിൽ ഒളിച്ചോടുന്ന നടപടിയാണു സ്പീക്കറുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നു കെ. സുധാകരൻ പറഞ്ഞു.
സ്വർണക്കടത്ത്, വിദ്വേഷ പരാമർശം ഉൾപ്പെടെ കേരളം ചർച്ച ചെയ്യുന്ന വിവാദ വിഷയങ്ങളിൽ ചോദ്യം ഉന്നയിക്കാനുള്ള പ്രതിപക്ഷത്തിന്റെ ജനാധിപത്യപരമായ അവകാശമാണു സർക്കാർ നിയമസഭയിൽ നിഷേധിച്ചത്.
മലപ്പുറത്തെ മോശമായി ചിത്രീകരിക്കാനുള്ള മുഖ്യമന്ത്രിയുടെ ബോധപൂർവമായ ശ്രമങ്ങളെ നിയമസഭയിൽ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോൾ പ്രശ്നം സൃഷ്ടിച്ചതു ഭരണപക്ഷമാണ്. ഇതിൽ നിന്നു തന്നെ മലപ്പുറം പരാമർശത്തിൽ സർക്കാരിനു മറുപടി പറയാൻ താത്പര്യമില്ലെന്നു കേരളത്തിനു ബോധ്യപ്പെട്ടു.
കേരള നിയമസഭയുടെ ചരിത്രത്തിൽ ഒരു മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവിനെ ഇതുപോലെ മോശമായി അധിക്ഷേപിച്ചിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന്റെ തരംതാണ നിലവാരം നിയമസഭയിലും കാട്ടി.
മുഖത്തു നോക്കി ചോദ്യം ചോദിക്കുന്നവരോടു മുഖ്യമന്ത്രിക്കു വെറുപ്പാണ്. ആ അസഹിഷ്ണുതയാണു മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനോടു കാട്ടിയതെന്നും കെ. സുധാകരൻ പറഞ്ഞു.