അതുല്യമായ സംഭാവനകൾ നൽകും: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
Tuesday, October 8, 2024 2:46 AM IST
കൊച്ചി: ഫ്രാൻസിസ് മാർപാപ്പ കർദിനാൾ സംഘത്തിലേക്ക് പുതുതായി നിയമിച്ച ജോർജ് കൂവക്കാട്ട് അച്ചന് ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
ആഗോള കത്തോലിക്കാസഭയുടെ ക്രൈസ്തവസാക്ഷ്യം ഏറ്റവും നന്നായി നൽകുന്നതിന് ഉപകരിക്കുന്ന സഭാനേതൃത്വത്തെ കർദിനാൾ സംഘത്തിലൂടെ രൂപപ്പെടുത്തുവാൻ മാർപാപ്പമാർ ശ്രദ്ധിക്കുന്നു.
ഈ വീക്ഷണമനുസരിച്ച് ഫ്രാൻസിസ് മാർപാപ്പ ചെറിയ രാജ്യങ്ങളിൽനിന്നും ചെറിയ സഭകളിൽനിന്നും ഉത്തമവ്യക്തികളെ കർദിനാൾ പദവിയിലേക്ക് ഉയർത്തിയിട്ടുണ്ട്.
ഇന്ത്യയിൽനിന്ന് പ്രത്യേകിച്ച സീറോമലബാർ സഭയിൽനിന്ന് ധാരാളം വൈദികർ വിവിധ രാജ്യങ്ങളിലെ പ്രേഷിതമേഖലകളിലും റോമൻ കൂരിയയിലുമായി പ്രവർത്തിക്കുന്നുണ്ട്. മോൺ. ജോർജ് കൂവക്കാട്ട് ഇപ്രകാരമുള്ള പ്രവർത്തനത്തിൽ തന്റെ വ്യക്തിത്വവും ശുശ്രൂഷയും അതിവിശിഷ്ടമായ രീതിയിൽ നിർവഹിച്ചുകൊണ്ടിരിക്കുന്ന ആളാണ്.
പരിശുദ്ധ പിതാവിന്റെ അജപാലനയാത്രകളിൽ വേണ്ട ക്രമീകരണങ്ങൾ ചെയ്യുക എന്നതായിരുന്നു ഏറ്റവും അവസാനമായി അദ്ദേഹം നിർവഹിച്ചിരുന്ന ശുശ്രൂഷ.
ആ ശുശ്രൂഷയെക്കുറിച്ച് പരിശുദ്ധ പിതാവ് സന്ദർശിച്ച രാജ്യങ്ങളിലെ മെത്രാന്മാരും വിശിഷ്യാ കർദിനാൾമാരും വളരെയേറെ പ്രസംശിച്ചു സംസാരിക്കുന്നതു കേട്ടിട്ടുണ്ട്. പക്വമതിയും ശാന്തനും വിവേകിയും മിതഭാഷിയും കൂർമബുദ്ധിയുമായ ജോർജ് കൂവക്കാട്ടച്ചൻ ഇതിനകം പ്രവർത്തിച്ച നുണ് ഷ്യേച്ചറുകളിലും റോമൻ കൂരിയയിലും അദ്ദേഹം തികച്ചും അഭിമതനാണ്. ആത്മീയമായ അടിത്തറയിൽ ഉറച്ചുനിന്നാണ് അദ്ദേഹം തന്റെ ശുശ്രൂഷകൾ നിർവഹിക്കുന്നത്.
ആഗോളസഭയുടെ കൂട്ടായ്മയെ ശക്തിപ്പെടുത്താൻ കർദിനാൾ എന്ന നിലയിൽ ജോർജ് കൂവക്കാട്ടച്ചൻ അതുല്യമായ സംഭാവനകൾ നൽകുമെന്നതിൽ സംശയമില്ല. സീറോമലബാർ സഭയ്ക്കും ഭാരതത്തിനും ഈ നിയമനത്തിൽ സന്തോഷിക്കാം.
അദ്ദേഹത്തിന്റെ കർദിനാൾ പദവിയിലുള്ള ശുശ്രൂഷ സഭയ്ക്കും സമൂഹത്തിനും ക്രിസ്തുസാക്ഷ്യം നൽകുന്നതായിരിക്കട്ടെ എന്നു നമുക്കു പ്രാർഥിക്കാമെന്നും മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.