മോൺ. കൂവക്കാട്ട് സദാ സേവനസന്നദ്ധൻ: മാർ ക്ലീമിസ്
Tuesday, October 8, 2024 2:46 AM IST
കൊച്ചി: വത്തിക്കാനിലെ ഔദ്യോഗിക ചുമതലകളുടെ നിർവഹണത്തിലും സഭയുടെ ഏതു ശുശ്രൂഷാമേഖലകളിലും സദാ സേവനസന്നദ്ധനായ വൈദികനാണു നിയുക്ത കർദിനാൾ മോൺ. ജോർജ് കൂവക്കാട്ടെന്നു കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. എല്ലാവരോടും സൗമ്യമായ പെരുമാറ്റവും സഹായിക്കാനുള്ള മനസും അദ്ദേഹത്തിലെ ആകർഷകഘടകമാണ്.
മോൺ. കൂവക്കാട്ടിന്റെ ശുശ്രൂഷകളിൽ ഫ്രാൻസിസ് മാർപാപ്പയ്ക്കുള്ള വലിയ സംതൃപ്തിയും സ്നേഹവുമാണ് അദ്ദേഹത്തിന്റെ പുതിയ നിയോഗത്തിലൂടെ പ്രകാശിതമാകുന്നത്. ഇതു കേരളത്തിലെ കത്തോലിക്കാസഭയ്ക്കു മുഴുവനുമുള്ള അംഗീകാരവും സന്തോഷവാർത്തയുമാണ്. കെസിബിസിയുടെയും കേരളസഭയുടെയും പേരിൽ മോൺ. കൂവക്കാട്ടിനു പ്രാർഥനകളും ആശംസകളും നേരുന്നതായും കർദിനാൾ മാർ ക്ലീമിസ് പറഞ്ഞു.