തിരുശേഷിപ്പ് വിവാദം: ആർഎസ്എസ് ആവശ്യമെന്നത് അടിസ്ഥാനരഹിതം: ഗോവ ഗവർണർ ശ്രീധരൻപിള്ള
Tuesday, October 8, 2024 2:46 AM IST
കൊടകര: വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ഗോവയിലെ തിരുശേഷിപ്പ് ഡിഎൻഎ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് ആർഎസ്എസ് ആവശ്യപ്പെട്ടെന്ന രീതിയിൽ കേരളത്തിൽ പരക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നു ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള.
കൊടകര സഹൃദയ എൻജിനിയറിംഗ് കോളജിന്റെ സ്വയംഭരണാവകാശപ്രഖ്യാപനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
20 വർഷം മുൻപ് ആർഎസ്എസുമായി ബന്ധം വേർപെടുത്തിയയാളാണ് സുബാഷ് വെലിംഗ്കർ. മനോഹർ പരീക്കർ ഗോവയിൽ ബിജെപിയെ നയിക്കുമ്പോൾ അദ്ദേഹവുമായി തെറ്റിപ്പിരിഞ്ഞ് ഭാരത്മാത എന്ന പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കിയ വെലിംഗ്കർ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ആകെ കിട്ടിയതു 237 വോട്ടാണ്. ജനം തള്ളിക്കളഞ്ഞ ഈ നേതാവിന്റെ പ്രസ്താവനയ്ക്കു യാതൊരു വാർത്താപ്രാധാന്യവും ഇല്ലെന്നുമാത്രമല്ല, വിവാദലക്ഷ്യം മാത്രമാണുള്ളത്. അതുകൊണ്ടുതന്നെയാണ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഇദ്ദേഹത്തെ അറസ്റ്റ്ചെയ്യാൻ ഉത്തരവിട്ടത്. മുൻകൂർജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിനാലാണ് ഇദ്ദേഹത്തെ അറസ്റ്റ്ചെയ്യാത്തത്. ജാമ്യാപേക്ഷ തള്ളിയാൽ ഉടൻ അറസ്റ്റ് ചെയ്യുമെന്നതിൽ യാതൊരു സംശയവും വേണ്ട.
ഓൾഡ് ഗോവയിലെ ബോം ജീസസ് ബസിലിക്കയിലുള്ള വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പ് പുറത്തേക്കെടുത്തു പൊതുവണക്കത്തിനുവയ്ക്കാനിരിക്കേ ഇത്തരം പ്രസ്താവനകൾ വരുന്നതു ഗൂഢലക്ഷ്യത്തോടെ മാത്രമാണ്.
ഈ വർഷം നടക്കാനിരിക്കുന്ന പരിപാടികൾക്കു സൗകര്യമൊരുക്കാൻ കോടിക്കണക്കിനു രൂപയാണ് ബിജെപി ഭരിക്കുന്ന ഗോവ സർക്കാർ കേന്ദ്രത്തോടു ചോദിച്ചിട്ടുള്ളത്. ഇതിനു നല്ല പ്രതികരണമാണ് കേന്ദ്രസർക്കാർ നടത്തിയിട്ടുള്ളതും- ശ്രീധരൻപിള്ള പറഞ്ഞു.