നടൻ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി
Tuesday, October 8, 2024 2:46 AM IST
തിരുവനന്തപുരം: യുവതിയുടെ പീഡനപരാതിയിൽ നടൻ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി. തിരുവനന്തപുരത്തെ കമ്മീഷണർ ഓഫീസിലാണ് ഇന്നലെ രാവിലെ സിദ്ദിഖ് ചോദ്യം ചെയ്യലിനായി ഹാജരായത്. എന്നാൽ കേസിലെ അന്വേഷണ ഉദ്യോഗസ്ഥ മെറിൻ ജോസഫ് ആവശ്യപ്പെട്ടതനുസരിച്ച് സിദ്ദിഖ് പിന്നീട് കന്റോണ്മെന്റ് സ്റ്റേഷനിൽ എത്തി.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് തിരുവനന്തപുരത്തെ ഹോട്ടലിൽവച്ച് സിദ്ദിഖ് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചില സാഹചര്യത്തെളിവുകൾ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം നർകോട്ടിക്സ് സെൽ എസ്പിക്കു മുന്നിൽ ഹാജരായ സിദ്ദിഖ് രണ്ടര മണിക്കൂറിന് ശേഷമാണ് മടങ്ങിയത്.
അതേസമയം ബലാത്സംഗ കേസിൽ വിശദമായ ചോദ്യം ചെയ്യൽ നടന്നിട്ടില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. സിദ്ദിഖിനെ രണ്ടോ മൂന്നോ ദിവസം തുടർച്ചയായി ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
ചില രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും സിദ്ദിഖ് ഹാജരാക്കിയില്ല. അക്കാര്യങ്ങൾ ചോദിച്ചതല്ലാതെ മൊഴിയെടുപ്പിലേക്ക് കടന്നിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. രേഖകളുമായി ഈ മാസം 12ന് വീണ്ടും ഹാജരാകാനും സിദ്ദിഖിന് അന്വേഷണ സംഘം നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, ആലുവ സ്വദേശിനിയായ നടി നൽകിയ പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നടൻ ജയസൂര്യയ്ക്ക് പൊലീസ് നോട്ടീസ് നൽകി. 15 ന് തിരുവനന്തപുരം കന്റോണ്മെന്റ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശം.
ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ദേ ഇങ്ങോട്ടു നോക്കിയേ എന്ന സിനിമയുടെ ചിത്രീകരണം സെക്രട്ടേറിയറ്റിൽ നടക്കുന്നതിനിടെ ജയസൂര്യ കടന്നുപിടിച്ച് ചുംബിച്ചു എന്നായിരുന്നു നടിയുടെ പരാതി. ഇതിന് ശേഷം ജയസൂര്യ ദുരുദ്ദേശത്തോടെ ഫ്ളാറ്റിലേക്ക് ക്ഷണിച്ചതായും ആരോപിച്ചിരുന്നു.