ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്ത വിഷമത്തില്‍ ഡ്രൈവര്‍ തൂങ്ങിമരിച്ചു
Tuesday, October 8, 2024 2:46 AM IST
കാസര്‍ഗോഡ്: ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തതിന്റെ മനോവിഷമത്തില്‍ കഴിയുകയായിരുന്ന ഓട്ടോറിക്ഷ ഡ്രൈവറെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് കുന്നില്‍ സ്വദേശി അബ്ദുള്‍ സത്താറിനെയാണ് (60) റെയില്‍വേ സ്റ്റേഷന് റോഡിലെ വാടക ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം ആറോടെ കാസര്‍ഗോഡ് ഗീത ജംഗ്ഷന് റോഡില്‍ സത്താര്‍ ഓടിച്ച ഓട്ടോറിക്ഷ പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും മാര്‍ഗതടസം ഉണ്ടാക്കുന്ന വിധം റോഡിന്റെ മധ്യത്തില്‍ നിര്‍ത്തിയെന്ന കുറ്റം ചുമത്തിയാണ് ബിഎന്‍എസ്എസ് ആക്ട് 35/3 പ്രകാരം നോട്ടീസ് നല്കി ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തത്.
വായ്പ എടുത്താണ് ഓട്ടോറിക്ഷ വാങ്ങിയതെന്നും വാഹനം വിട്ടുതരണമെന്നും കരഞ്ഞുപറഞ്ഞ് ആവശ്യപ്പെട്ട് പലതവണ പോലീസ് സ്റ്റേഷനിലേക്കു പോയെങ്കിലും എസ്ഐ പി. അനൂപ് ഓട്ടോറിക്ഷ വിട്ടുകൊടുക്കാന്‍ തയാറായില്ലെന്നാണ് ആക്ഷേപം.
എസ്ഐ ഓട്ടോ വിട്ടുകൊടുക്കാത്തതിനാല്‍ മറ്റു ഡ്രൈവര്‍മാര്‍ക്കൊപ്പം കാസര്‍ഗോഡ് ഡിവൈഎസ്പി സി.കെ. സുനില്‍കുമാറിനെ ഓഫീസില്‍ നേരിട്ട് ചെന്ന് അദ്ദേഹവുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ പിഴയടച്ച് വിട്ടുകൊടുക്കാന്‍ നിര്‍ദേശിച്ചതായാണു വിവരം.
തിരിച്ച് ഓടോറിക്ഷ ഡ്രൈവര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പല കാരണങ്ങള്‍ പറഞ്ഞ് വാഹനം വിട്ടുകൊടുക്കാതെ തടഞ്ഞുവയ്ക്കുകയായിരുന്നുവെന്നാണ് പരാതി.
ഇതിന് പിന്നാലെയാണ് ഇന്നലെ വൈകുന്നേരത്തോടെ അബ്ദുല്‍ സത്താറിനെ ക്വാര്‍ട്ടേഴ്സിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തെത്തുടര്‍ന്ന് നഗരത്തിലെ മുഴുവന്‍ ഓട്ടോറിക്ഷകളും പണിമുടക്കി.
പണിമുടക്കിയ ഡ്രൈവര്‍മാര്‍ കാസര്‍ഗോഡ് ടൗണ്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും നടത്തി. കാസര്‍ഗോഡ് ഡിവൈഎസ്പി പ്രശ്ന പരിഹാരത്തിനായി ഓട്ടോ ഡ്രൈവര്‍മാരുമായി പോലീസ് സ്റ്റേഷനില്‍ ചര്‍ച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോപണവിധേയനായ എസ്ഐ അനൂപിനെ ചന്തേര സ്റ്റേഷനിലേക്ക് സ്ഥലംമാറ്റി. ഹസീനയാണ് സത്താറിന്റെ ഭാര്യ. മക്കള്‍: സാനിഷ്, സന, ഷംന.
എംഎല്‍എ പരാതി നല്കി
60 വയസായിട്ടും ജീവിക്കാനായി ഓട്ടോറിക്ഷ ഓടിച്ചിരുന്ന ഒരു പാവപ്പെട്ട മനുഷ്യന് ജീവന് അവസാനിപ്പിക്കേണ്ടി വന്നത് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണെങ്കില്‍ ആ ഉദ്യോഗസ്ഥനെതിരേ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ മുഖ്യമന്ത്രിക്ക് പരാതി നല്കി.