ക്രിപ്റ്റോ കറൻസി തട്ടിപ്പ്: 5.25 ലക്ഷം നഷ്ടമായി
Tuesday, October 8, 2024 2:46 AM IST
പെരിങ്ങോം: ക്രിപ്റ്റോ കറൻസിയുടെ പേരിൽ നടത്തിയ തട്ടിപ്പിൽ അഞ്ചേകാൽ ലക്ഷം രൂപ നഷ്ടമായെന്ന പരാതിയിൽ മൂന്നു പേർക്കെതിരേ പെരിങ്ങോം പോലീസ് കേസെടുത്തു.
ഏറ്റുകുടുക്ക ആലപ്പടമ്പിലെ സി.ബി. ബൈജുവിന്റെ പരാതിയിലാണ് അദ്രുതി സമദീൻ, നിദ വർമ, ജയിംസ് വിൽസൺ എന്നിവർക്കെതിരേ വഞ്ചനക്കുറ്റത്തിനു കേസെടുത്തത്.
കഴിഞ്ഞ ഏപ്രിൽ ഒന്നു മുതൽ മേയ് 26 വരെയുള്ള ദിവസങ്ങളിലായാണു താൻ ചതിക്കപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. ഷെയർ ട്രേഡിംഗിൽ പങ്കാളിയാക്കാമെന്നു പറഞ്ഞ് ഇ ജി ജൂണിയർ ഗ്രൂപ്പ് കെ 5 എന്ന ഗ്രൂപ്പിൽ ചേർക്കുകയായിരുന്നു തട്ടിപ്പിന്റെ ആദ്യഘട്ടം.
പിന്നീടാണ് ക്രിപ്റ്റോ കറൻസി ഇടപാടിലൂടെ കൂടുതൽ ലാഭമുണ്ടാക്കാൻ കഴിയുമെന്ന് വിശ്വസിപ്പിച്ചത്. തുടർന്ന് ക്രിപ്റ്റോ കറൻസിയിടപാടിനായി പല തവണകളിലായി 5,25,000 രൂപ അക്കൗണ്ടിൽ നിക്ഷേപിച്ചു.
വാഗ്ദാന പ്രകാരം പണം ലഭിക്കാതെ വന്നതിനെ തുടർന്ന് അടച്ച പണം തിരികെ നൽകാൻ ആവശ്യപ്പെട്ടപ്പോൾ ട്രേഡിംഗ് ആപ്പിൽനിന്നും ഇയാളെ പുറത്താക്കി. തുടർന്ന് വാട്സാപ്പ് ഗ്രൂപ്പ് ബ്ലോക്കാക്കുകയും ചെയ്തപ്പോഴാണ് ചതി മനസിലാക്കിയ ഇയാൾ പരാതിയുമായി പോലീസിനെ സമീപിച്ചത്.