അതിർത്തികളിൽ ചെക്ക്പോസ്റ്റുകൾ വേണ്ട
Tuesday, October 8, 2024 2:46 AM IST
റെനീഷ് മാത്യു
കണ്ണൂർ: സംസ്ഥാനത്തെ അതിർത്തി ചെക്ക് പോസ്റ്റുകൾ നിർത്തലാക്കി ജീവനക്കാരെ എൻഫോഴ്സ്മെന്റ് സ്ക്വാഡിലേക്കു നിയമിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ. എന്നാൽ, ട്രാൻസ്പോർട്ട് കമ്മീഷണറുടെ തീരുമാനത്തെ അട്ടിമറിക്കാൻ സർവീസ് സംഘടനാ നേതാക്കൾ നീക്കം തുടങ്ങി. ഇന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ വിളിച്ചുചേർക്കുന്ന ആർടിഒമാരുടെ യോഗത്തിന്റെ അജൻഡ 18 (e) ലാണ് ഇക്കാര്യം ഉൾപ്പെടുത്തിയിരിക്കുന്നത്.
2021 സെപ്റ്റംബർ മുതൽ ചെക്ക്പോസ്റ്റുകളിലെ എല്ലാ സർവീസുകളും ഓൺലൈനാക്കി കേന്ദ്ര സർക്കാർ പരിവാഹൻ സൈറ്റ് നവീകരിച്ചിരുന്നു. കേരളത്തിൽ ഇതുപ്രകാരം ഓൺലൈൻ സേവനങ്ങൾ നടത്തുന്നതിനു സർക്കാർ ഉത്തരവും നല്കിയിരുന്നു.
എന്നാൽ, വകുപ്പിലെ എല്ലാ സർവീസ് സംഘടനകളും ഒറ്റക്കെട്ടായി എതിർത്തതിനാൽ ഇതു നടപ്പായില്ല. ഓൺലൈനായി നൽകുന്ന അപേക്ഷപ്രകാരമുള്ള ടാക്സ്, പെർമിറ്റ് എന്നിവയുടെ പ്രിന്റ് ചെക്ക്പോസ്റ്റിൽ കാണിച്ച് സീൽ ചെയ്യണമെന്ന നിർദേശം നൽകിയാണു സർക്കുലർ അട്ടിമറിച്ചത്.
വാഹൻ ചെക്ക്പോസ്റ്റ് മൊഡ്യൂൾ ചെക്ക്പോസ്റ്റുകളിൽ ഉപയോഗിച്ചതോടെ ജീവനക്കാരുള്ള കാഷ്ലെസ് ചെക്ക്പോസ്റ്റുകൾ സർക്കാരിന് നഷ്ടമെന്നു മോട്ടോർ വെഹിക്കിൾ ഇൻസ്പെകടർ റിപ്പോർട്ടും നല്കിയിരുന്നു.
കേരളത്തിലെ 19 ചെക്ക് പോസ്റ്റുകളിൽ 22 എംവിഐമാരും 70 എഎവിഐമാരും 58 ഓഫീസ് അറ്റൻഡർമാരും ഉൾപ്പെടെ 150 ജീവനക്കാർ വെറുതെയിരുന്നു ശന്പളം വാങ്ങുന്നതായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
ഇവരെ അടിയന്തരമായി ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ നിയോഗിക്കാൻ മന്ത്രി ട്രാൻസ്പോർട്ട് കമ്മീഷണർക്കു നിർദേശം നല്കിയിരുന്നു. എന്നാൽ, സർവീസ് സംഘടനാ നേതാക്കൾ ഇടപെട്ട് ഈ നിർദേശം അട്ടിമറിക്കുകയും എൻഫോഴ്സ്മെന്റ് ആർടിഒ സ്ക്വാഡുകളിൽനിന്നു ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ ജീവനക്കാരെ നിയമിക്കുകയുമായിരുന്നു.
ഒരു മാസം 80 ലക്ഷത്തിലധികം രൂപയാണു ശമ്പള ഇനത്തിൽ ചെക്ക്പോസ്റ്റിൽ മാത്രം സർക്കാർ ചെലവിടുന്നത്. 20 ലക്ഷം രൂപയോളം വാടകയിനത്തിലും കറന്റ് ചാർജ്, ടെലഫോൺ ചാർജ്, ഇന്റർനെറ്റ് ചാർജ് തുടങ്ങിയവയ്ക്കായി ലക്ഷങ്ങളാണ് 19 ചെക്ക് പോസ്റ്റുകളിൽ ചെലവഴിക്കുന്നത്. ഒരു വർഷം ഏകദേശം 12 കോടിയിലധികം രൂപയാണ് ചെലവഴിക്കുന്നത്.