സർഗാത്മകത കണ്ടെത്താൻ വിദ്യാഭ്യാസത്തിനു സാധിക്കണം: ഗവർണർ ശ്രീധരൻപിള്ള
Tuesday, October 8, 2024 2:46 AM IST
കൊടകര: പൂർണത കൈവരിക്കാൻ കഴിയുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളെ അവരുടേതായ ശൈലി ആവിഷ്കരിച്ച് കഴിയുന്നത്ര സ്വതന്ത്രമായി പോകാൻ അനുവദിക്കണമെന്നു ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള. സഹൃദയ കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയുടെ സ്വയംഭരണാവകാശ പ്രഖ്യാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.
കഴിയുന്നത്ര വിദ്യാഭ്യാസസ്ഥാപനങ്ങൾക്കു സ്വയംഭരണാവകാശം നല്കുക എന്നതാണ് കേന്ദ്രസർക്കാരിന്റെ പുതിയ വിദ്യാഭ്യാസനയം. യുജിസിയുടെ അക്കാദമിക് നിർദേശങ്ങൾ പാലിക്കേണ്ടതുണ്ടെങ്കിലും അതിനായുള്ള നിബന്ധനകൾ തുച്ഛമാണ്.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ആ രംഗത്തു കർക്കശമായ നിലപാടുകൾ നിലനിൽക്കുന്നുണ്ടോയെന്നാണ് സംശയം. ഗ്രാമപ്രദേശങ്ങളിൽപ്പോലും സ്വതന്ത്ര വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉണ്ടാകണം. അക്കാദമിക് കഴിവുകൾക്കൊപ്പം സർഗാത്മക കഴിവുകളെക്കൂടി കണ്ടെത്താൻ വിദ്യാഭ്യാസത്തിനു സാധിക്കണമെന്നു ഗവർണർ പറഞ്ഞു.
ഈശ്വരസേവനത്തോടു ബന്ധപ്പെട്ട് ആതുരസേവനത്തിലും വിദ്യാഭ്യാസമേഖലയിലും കേരളചരിത്രം വലിയ അളവോളം ക്രിസ്തീയസന്ദേശത്തോടൊപ്പം വളർന്നു. ചാവറയച്ചന്റെ പള്ളിക്കൊരു പള്ളിക്കൂടം എന്ന ആഹ്വാനം അതിനുദാഹരണമാണ്.
അദ്ദേഹത്തിന്റെ ആദ്യത്തെ സ്കൂളിനോടു ചേർന്നു സംസ്കൃത വിദ്യാഭ്യാസസ്ഥാപനവും തുടങ്ങിയിരുന്നു. കേരളത്തിലെ സാംസ്കാരിക നവോഥാന നായകരുടെ പട്ടികയിൽ ചാവറയച്ചനെയും ഉൾപ്പെടുത്തണമെന്നു ഗവർണർ നിർദേശിച്ചു.
ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. സ്വയംഭരണാവകാശത്തിലേക്കുള്ള സഹൃദയയുടെ യാത്രയെക്കുറിച്ച് എസ്സിഇടി ഡയറക്ടർ ഡോ. ലിയോൺ ഇട്ടിച്ചൻ വിവരിച്ചു.
എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ. ആന്റോ ചുങ്കത്ത് സ്വാഗതവും കോളജ് പ്രിൻസിപ്പൽ ഡോ. നിക്സൺ കുരുവിള നന്ദിയും പറഞ്ഞു. കോളജ് മാനേജർ മോൺ. വിൽസൺ ഈരത്തറ വിജയികളെ ആദരിച്ചു. എ.പി.ജെ. അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് ഓൺലൈനിലൂടെ പങ്കെടുത്തു.
ഗവർണർ പി.എസ്. ശ്രീധരൻപിള്ളയുടെ ഭാര്യ റീത്ത പിള്ള, സിൻഡിക്കറ്റ് അംഗങ്ങൾ, ബോർഡ് ഓഫ് ഗവേണൻസ്-അക്കാദമി കൗൺസിൽ അംഗങ്ങൾ, വിപിൻ, ടോണി പറോക്കാരൻ, അഡ്വ. രമേശ് കൂട്ടാല, സഹൃദയ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ. ഡേവീസ് ചെങ്ങനിയാടൻ, സഹൃദയ കോളജ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ. ജിനോ മാളക്കാരൻ, ഡയറക്ടർ ധന്യ അലക്സ്, സഹൃദയ എൻജിനിയറിംഗ് കോളജ് മുൻ എക്സിക്യൂട്ടീവ് ഡയറക്ടർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.