അജിത്കുമാറിനെതിരേ ‘കരുതൽ’ നടപടി
ഡി. ദിലീപ്
Monday, October 7, 2024 5:42 AM IST
തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങള്‍ക്കൊപ്പം എല്‍ഡിഎഫിലെ മുഖ്യ ഘടകകക്ഷിയായ സിപിഐയുടെ സമ്മര്‍ദം കൂടി മുറുകിയതോടെ പരിക്കേൽപ്പിക്കാതെ എഡിജിപി എം.ആര്. അജിത്കുമാറിനെ കൈവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്. എഡിജിപി അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്നു സായുധ പോലീസ് ബറ്റാലിയനിലേക്ക് മാറ്റിക്കൊണ്ടാണ് സര്‍ക്കാര്‍ വിവാദങ്ങളെ താത്കാലികമായി തണുപ്പിച്ചത്. ഇന്റലിജന്‍സ് എഡിജിപി മനോജ് ഏബ്രഹാമിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി മാറ്റി നിയമിച്ചു.
രാവിലെ മുതല്‍ ആരംഭിച്ച മാരത്തണ്‍ ചര്‍ച്ചകള്‍ക്കും തിരക്കിട്ട കൂടിയാലോചനകള്‍ക്കും ശേഷം രാത്രി മുഖ്യമന്ത്രി പിണറായി വിജയന് സെക്രട്ടേറിയറ്റിലെത്തി മടങ്ങിയതിനു പിന്നാലെ ഒന്പതിനു ശേഷമാണ് തീരുമാനം പുറത്തുവന്നത്.
എഡിജിപിയെ സ്ഥാനത്തുനിന്ന് നീക്കിയതോടെ എല്‍ഡിഎഫിലെ പ്രശ്നങ്ങള്‍ താത്കാലികമായി തണുത്തെങ്കിലും പി.വി. അന്‍വറും പ്രതിപക്ഷവും മാധ്യമങ്ങളും ഉന്നയിച്ച പ്രശ്നങ്ങളില്‍ സിപിഎമ്മും സര്‍ക്കാരും എന്തു നിലപാട് സ്വീകരിക്കുമെന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. ഇടതു പാളയത്തില്നിന്നടക്കം അജിത് കുമാറിനെതിരായി ആരോപണങ്ങള്‍ ഒന്നിനു പിന്നാലെ ഒന്നായി ഉയര്‍ന്നപ്പോള്‍ മുതല്‍ എല്ലാവരും കാത്തിരുന്ന ഒരു സാധാരണ നടപടി മാത്രമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.
നിയമസഭാ സമ്മേളനം നാളെ മുതൽ സജീവമാകാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ തിടുക്കത്തിലുള്ള നീക്കം. ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള നടപടിയായി പോലും വ്യക്തമാക്കാതെയാണ് ഉത്തരവ്. മുഖ്യമന്ത്രി എഡിജിപിക്ക് സംരക്ഷണകവചമൊരുക്കുന്നു എന്ന വിമര്‍ശനങ്ങള്‍ ശരിവയ്ക്കുന്നതാണിതെല്ലാം.
പി.വി. അന്‍വര്‍ ഉന്നയിച്ച റിദാന്‍, മാമി കേസുകളിലും പൂരംകലക്കലിലും എഡിജിപിക്ക് വീഴ്ചയുണ്ടായെന്ന ഡിജിപിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് ആഭ്യന്തര സെക്രട്ടറിക്കു കൈമാറിയത്. എഡിജിപിക്കെതിരേ നടപടി വേണമെന്ന് സിപിഐ തുടക്കം മുതല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അന്വേഷണ റിപ്പോര്‍ട്ട് വേണമെന്ന സാങ്കേതിക വാദമാണ് ഇതുവരെ മുഖ്യമന്ത്രി ഉയര്‍ത്തിയത്.
കഴിഞ്ഞ ദിവസം എഡിജിപിക്ക് വീഴ്ചയുണ്ടായെന്ന ഡിജിപിയുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ചതോടെ പിടിച്ചു നില്ക്കാന് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഈ തീരുമാനമല്ലാതെ മറ്റു മാര്‍ഗമില്ലെന്നാണ് വിലയിരുത്തല്‍.