സാമൂഹിക സംഘടന പ്രഖ്യാപിച്ച് അന്‍വര്‍ ; ബിജെപിക്ക് പരവതാനി വിരിച്ചത് മുഖ്യമന്ത്രി
Monday, October 7, 2024 5:42 AM IST
മഞ്ചേരി: സിപിഎമ്മിനും മുഖ്യമന്ത്രിക്കും എതിരേ കടുത്ത ആരോപണങ്ങളുയര്‍ത്തിയ പി.വി. അന്‍വര്‍ എംഎല്‍എ, ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) എന്ന സാമൂഹിക സംഘടന പ്രഖ്യാപിച്ച് നയം വ്യക്തമാക്കി.
മഞ്ചേരിയിലെ ബൈപാസ് റോഡിനു സമീപം ജസീല ജംഗ്ഷനില്‍ ഇന്നലെ വൈകുന്നേരം നടന്ന പൊതുസമ്മേളനത്തിലാണു സംഘടനയുടെ പേരും നയനിലപാടുകളും ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രതികൂല കാലാവസ്ഥയിലും ആയിരക്കണക്കിനു പേരാണു പരിപാടിയില്‍ പങ്കെടുത്തത്.
“തമിഴ്നാട്ടില്‍ ഒരു സീറ്റുപോലും ബിജെപിക്കു നല്‍കാതെയാണ് ഡിഎംകെ മുന്നണി നാല്പതില് നാല്പത് സീറ്റും സ്വന്തമാക്കിയത്. ബിജെപിക്ക് രാഷ്ട്രീയമായി കടന്നുവരാന്‍ ഒരു പഴുതുമില്ലാത്ത കേരളത്തില്‍ അവര്‍ക്ക് പരവതാനി വിരിച്ചുകൊടുത്തത് ആരാണ്? അറിയില്ലേ, കേരളത്തിന്റെ മുഖ്യമന്ത്രി. രണ്ടു ദിവസമാണ് പൂരം കലക്കാന്‍ അജിത്കുമാര്‍ തൃശൂരില്‍ ക്യാമ്പ് ചെയ്തത്. രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കാനല്ല ഞാന്‍ ചെന്നൈയില്‍ പോയത്. ഇതൊരു രാഷ്ട്രീയ പാര്‍ട്ടിയോ മുന്നേറ്റമോ അല്ല. ഇതൊരു സാമൂഹിക മുന്നേറ്റമാണ്. നിയമപരമായ ജനകീയ മുന്നേറ്റമാണ് ഡിഎംകെ ലക്ഷ്യമിടുന്നത്’’- അന്‍വര്‍ പറഞ്ഞു.
മുഴുവന്‍ പൗരന്മാര്ക്കും രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക നീതി, വിശ്വാസ സ്വാതന്ത്ര്യം, സമത്വം എന്നിവ സാക്ഷാത്കരിക്കാനുള്ള സാമൂഹിക മുന്നേറ്റം എന്നിവയാണ് ഡിഎംകെ എന്ന സംഘടന മുന്നോട്ടുവയ്ക്കുന്നതെന്ന് അന്‍വര്‍ പ്രഖ്യാപിച്ചു. സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ ജനാധിപത്യ സോഷ്യലിസ്റ്റ് നയം നടപ്പാക്കും.