എടിഎം കവർച്ചക്കേസ്: എടിഎം ട്രേകളും ഗ്യാസ് കട്ടറും പുഴയിൽനിന്നു കണ്ടെത്തി
Monday, October 7, 2024 5:33 AM IST
വിയ്യൂർ: എടിഎം കവർച്ചക്കേസ് പ്രതികളെ ഷൊർണൂർ റോഡിലെ എസ്ബിഐ എടിഎം കൗണ്ടറിലെത്തിച്ച് തെളിവെടുത്തു. മോഷണത്തിന് ഉപയോഗിച്ച ഗ്യാസ് കട്ടർ ഉൾപ്പെടെയുള്ളവ താണിക്കുടം പുഴയിൽനിന്നു കണ്ടെത്തി.
തൃശൂർ എസിപി സലീഷ് ശങ്കരൻ, ഈസ്റ്റ് എസ്എച്ച്ഒ എം.ജെ. ജിജോ എന്നിവരുൾപ്പെടെ വൻ പോലീസ് സന്നാഹത്തോടെയാണു മോഷണത്തിൽ നേരിട്ടു പങ്കെടുത്ത നാലുപ്രതികളെ തെളിവെടുപ്പിനെത്തിച്ചത്. എടിഎമ്മുകൾ പൊളിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ ഉപേക്ഷിച്ച താണിക്കുടത്തേക്കും പ്രതികളെ കൊണ്ടുപോയി. വാഹനത്തിൽ രക്ഷപ്പെടുന്നതിനിടെ പാലത്തിൽ കാർ നിർത്തി പുഴയിലേക്ക് ആയുധങ്ങളടക്കം വലിച്ചെറിയുകയായിരുന്നു.
ഫയർഫോഴ്സിന്റെ സ്കൂബ ഡൈവേഴ്സിനെ എത്തിച്ചാണ് ഇവ പുഴയിൽനിന്നു കണ്ടെത്തിയത്. എടിഎമ്മിൽ പണംസൂക്ഷിക്കുന്ന 12 ട്രേകളും രണ്ടു ഗ്യാസ് കട്ടറുകളുമാണു കണ്ടെത്തിയത്. പ്രതികൾ മോഷണംനടത്തിയ മറ്റ് എടിഎമ്മുകളിലും വരുംദിവസങ്ങളിൽ തെളിവെടുപ്പു നടത്തും. ഹരിയാന സ്വദേശികളായ മേവാത്തി കൊള്ളസംഘമാണ് തൃശൂരിലെ മൂന്ന് എടിഎമ്മുകളിൽനിന്ന് 65 ലക്ഷം രൂപ കവർന്നത്.
ശനിയാഴ്ച തൃശൂരിലെത്തിച്ച പ്രതികളെ ജില്ലാ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയശേഷം കോടതിയിൽ ഹാജരാക്കി. ഇന്നലെ 11.40നാണ് ഷൊർണൂർ റോഡിലെ എടിഎമ്മിൽ എത്തിച്ചത്. പ്രതികൾക്കെതിരേ ഇരിങ്ങാലക്കുട, തൃശൂർ ഈസ്റ്റ്, വിയ്യൂർ എന്നിവിടങ്ങളിലായി മൂന്ന് എഫ്ഐആറുകളുണ്ട്. ഈസ്റ്റിലെ തെളിവെടുപ്പ് പൂർത്തിയായാൽ വിയ്യൂർ പോലീസ് പ്രതികളെ ഏറ്റെടുക്കും.
മോഷണശേഷം ആയുധങ്ങൾ താണിക്കുടം പുഴയിൽ വലിച്ചെറിഞ്ഞ് മണ്ണുത്തിയിലെത്തി അവിടെ കാത്തുകിടന്നിരുന്ന കണ്ടെയ്നർ ലോറിയിൽ, കവർച്ചയ്ക്കെത്തിയ കാറും മോഷ്ടിച്ച പണവുമായി മോഷ്ടാക്കൾ കയറി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് തമിഴ്നാട് നാമക്കല്ലിൽ വച്ചാണ് പ്രതികൾ പിടിക്കപ്പെട്ടത്. തമിഴ്നാട് പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഒരാൾ വെടിയേറ്റു മരിച്ചു. ഗുതുതര പരിക്കേറ്റ ഒരാളുടെ കാൽ മുറിച്ചുമാറ്റി. ഏഴു പ്രതികളിൽ അഞ്ചുപേരെയാണ് കേരള പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
സംഭവം വിശദീകരിച്ച് പ്രതികൾ
വിയ്യൂർ: എടിഎമ്മിലെ അലാം മുഴങ്ങാൻ 50 മിനിറ്റ് വൈകിയതും കവർച്ചാരീതിയും പുറത്തുനിന്നു സഹായം ലഭിച്ചോ എന്നതും പോലീസ് പരിശോധിക്കും. കേരളത്തിൽ ദിവസങ്ങളോളം തങ്ങി ഗൂഗിൾ മാപ്പ് നോക്കിയാണു കവർച്ചാസംഘം വഴി നിശ്ചയിച്ചത്. പഴയ എടിഎം മെഷീനുകൾ വാങ്ങി ഗ്യാസ് കട്ടർ ഉപയോഗിച്ചു തകർത്ത് പരിശീലനം നേടിയശേഷമാണു പ്രതികളെത്തിയത്. എസ്ബിഐ എടിഎമ്മുകൾ തെരഞ്ഞെടുത്തത് എന്തുകൊണ്ടെന്നും അന്വേഷിക്കും.
മൂന്നിടങ്ങളിലെ കവർച്ചയ്ക്കുശേഷം പ്രതികൾ താണിക്കുടം പാലത്തിലെത്തി ഇരുവശത്തേക്കും ട്രേകളും കട്ടറും വലിച്ചെറിയുകയായിരുന്നു. സമീപത്തു വീടുകൾ കുറവായതിനാൽ ആരും സംഭവം അറിഞ്ഞില്ല. പാലത്തിനടുത്തുള്ള വീട്ടിലെ താമസക്കാർ എന്തോ വീഴുന്ന ശബ്ദം കേട്ടിരുന്നു. മരണാനന്തര ചടങ്ങുകൾക്കുശേഷം വീടുകളിൽനിന്ന് ഉപേക്ഷിക്കുന്ന സാധനങ്ങൾ പുഴയിൽ കളയുക പതിവായതിനാൽ സംശയം തോന്നിയില്ല. കവർച്ചയ്ക്കുശേഷം മണ്ണൂത്തിയിൽവച്ച് കണ്ടെയ്നറിൽ കാർ ഒളിപ്പിക്കുകയായിരുന്നു.
പ്രതികൾ സഹകരിക്കുന്നില്ലെന്നു തമിഴ്നാട് പോലീസ് പറഞ്ഞിരുന്നെങ്കിലും കേരള പോലീസിനോടു പദ്ധതി വിവരിക്കാൻ മടി കാട്ടിയില്ല. പ്രതികൾ കൊടുംകുറ്റവാളികളാണെന്നും ഹരിയാനയിലെ കവർച്ചാസംഘങ്ങളുടെ ഭാഗമാണ് ഇവരെന്നുമാണ് വിവരം. ഇവരുടെ ഇടത്താവളങ്ങളിൽ എത്തുന്നതിനു മുന്പ് പിടികൂടാൻ കഴിഞ്ഞതാണു നേട്ടമായത്. പ്രതികളിലൊരാളായ മുഹമ്മദ് അക്രം കൃഷ്ണഗിരി ജില്ലയിൽ എടിഎം തകർത്ത് പണം കവർന്ന കേസിൽ ശിക്ഷ കഴിഞ്ഞ് ഒരുമാസംമുന്പാണ് പുറത്തിറങ്ങിയത്. ഇയാളാണ് കാർ ഓടിച്ചത്. ഒരാൾ അടിപിടിക്കേസുകളിൽ പ്രതിയാണ്. മോഷണമുതൽ ധൂർത്തടിച്ചും റമ്മി കളിച്ചും ചെലവാക്കിയെന്നാണ് പോലീസിനു നൽകിയ മൊഴി.
കാലുകളിൽ വെടിയേറ്റ് കോയന്പത്തൂരിൽ ചികിത്സയിൽ കഴിയുന്ന അസർ അലി വാങ്ങിയതാണു കാർ. കോയന്പത്തൂർവരെ ഓടിച്ചുകൊണ്ടുവന്നശേഷം കേരളത്തിലേക്കു കണ്ടെയ്നറിലാണ് കാർ എത്തിച്ചത്. കവർച്ചയുടെ തലേന്ന് ചാലക്കുടിയിലെത്തി.
അർധരാത്രിവരെ ദേശീയപാതയോരത്ത് കാത്തുകിടന്നു. ഒരുമണിക്കൂറിനുശേഷം കാർ പുറത്തിറക്കി. മാപ്രാണത്തേക്കു പുറപ്പെട്ടു. ഇവിടെനിന്ന് ചേർപ്പിലെ എടിഎം ലക്ഷ്യമിട്ടെങ്കിലും ആൾപ്പെരുമാറ്റമുള്ളതിനാൽ തൃശൂരിലേക്കു പോന്നു. ഈസമയത്ത് ലോറി ചാലക്കുടിയിൽനിന്ന് മണ്ണുത്തിയിലെത്തിച്ചു. കവർച്ചയ്ക്കുശേഷം മണ്ണുത്തിയിലെത്തിച്ച് കാർ കണ്ടെയ്നറിൽ കയറ്റി.