ലീഗിനെതിരേ ജലീല്‍
Monday, October 7, 2024 5:33 AM IST
വളാഞ്ചേരി: മുസ്ലിം ലീഗിനെതിരേ രൂക്ഷവിമര്‍ശനവുമായി കെ.ടി. ജലീല്‍ രംഗത്ത്. മലപ്പുറത്തുകാരനായ തന്നെ കൊത്തിവലിക്കാന്‍ മുസ്ലിം ലീഗ് എറിഞ്ഞുകൊടുക്കുകയായിരുന്നുവെന്നു ജലീല്‍ പറഞ്ഞു. ലീഗുകാര്‍ തന്റെ പിന്നാലെ വേട്ടപ്പട്ടിയെപ്പോലെ ഓടുകയായിരുന്നു. കള്ളപ്രചാരണങ്ങള്‍ മുസ്ലിം ലീഗ് തനിക്കെതിരേ ഉപയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വളാഞ്ചേരിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറം ജില്ലയെയോ ജനതയെയോ മോശക്കാരായി ചിത്രീകരിച്ചിട്ടില്ല. മുസ്ലിംകള് മുഴുവന്‍ സ്വര്ണക്കള്ളക്കടത്തുകാരെന്നു ഞാന്‍ പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിക്കുകയാണു ചെയ്തത്. ലീഗ് അധ്യക്ഷന്‍ എന്ന നിലയിലായിരുന്നില്ല പാണക്കാട് തങ്ങളോട് മതവിധി പുറപ്പെടുവിക്കാന്‍ ആവശ്യപ്പെട്ടത്. എന്റെകൂടി ഖാസി എന്ന നിലയിലായിരുന്നു താന്‍ അക്കാര്യം ആവശ്യപ്പെട്ടത്.
ഇതിനെയാണ് മലപ്പുറം വിരുദ്ധതയായി പ്രചരിപ്പിതെന്നും ജലീല്‍ പറഞ്ഞു. ലീഗുമായി അടുത്ത ബന്ധമുള്ള ഒരു മതപണ്ഡിതന് പുസ്തകത്തിന്റെ പുറംചട്ടയില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്തി. അതിന്റെ പേരില്‍ അദ്ദേഹം ദിവസങ്ങളോളം ജയിലില്‍ കിടന്നു. എന്നിട്ടും ആ പണ്ഡിതനെ ലീഗ് തള്ളിപ്പറഞ്ഞില്ല- കെ.ടി. ജലീല്‍ പറഞ്ഞു.
""തിന്മയെ നിരുത്സാഹപ്പെടുത്തണം. അതിനു മതനേതാക്കള്‍ ഇടപെടണം. ഒരു തെറ്റും ചെയ്യാത്ത എന്നെ വേട്ടപ്പട്ടിയെപ്പോലെ പിന്തുടര്ന്നു. അതു മറക്കാന്‍ ലീഗ് നേതൃത്വത്തിനാകുമോയെന്നും കെ.ടി. ജലീല്‍ ചോദിച്ചു. അന്ന് ഇല്ലാത്ത മലപ്പുറം സ്നേഹം ഇപ്പോള്‍ എങ്ങനെ വന്നുവെന്നും ജലീല്‍ തുറന്നടിച്ചു. കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തുന്ന സ്വര്‍ണത്തിന്റെ പങ്ക് എവിടേക്കു പോകുന്നു എന്നു കണ്ടെത്തണം. പോലീസ് കൂട്ട് നില്ക്കുന്നുവെങ്കില് അതിലും നടപടി വേണമെന്നും ജലീല്‍ ആവശ്യപ്പെട്ടു.
പ്രസ്താവന അപകടകരം: മുസ്ലിം ലീഗ്
മലപ്പുറം: സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട ഇടതു സ്വതന്ത്ര എംഎല്‍എ കെ.ടി. ജലീല്‍ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരേ മുസ്ലിംലീഗ് രംഗത്ത്. ജലീല്‍ നടത്തിയ പ്രസ്താവന അപകടകരവും ഗുരുതരവുമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. സിപിഎം നിലപാടില്‍ സമുദായത്തെ ഒന്നാകെ കുരുക്കാനുള്ള ശ്രമമാണ് ജലീല്‍ നടത്തുന്നതെന്ന് മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിയും പ്രതികരിച്ചു.
ജലീലിന്റെ കൂടെയുള്ളവര്‍ കള്ളക്കടത്തുകാരാണോയെന്നും സലാം ചോദിച്ചു. കള്ളക്കേസുകളില്‍ പിടിയിലായവരുടെ പേരുകള്‍ പുറത്തുവിട്ട് എത്ര മുസ്ലിംകളുണ്ടെന്നു ജലീല്‍ വ്യക്തമാക്കണം. ഒരു സമുദായത്തെയാകെ കുറ്റവാളിയാക്കാന്‍ എവിടെനിന്നാണ് പ്രചോദനം കിട്ടിയത്? മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തേക്കാള്‍ അതീവ ഗുരുതരമാണ് ജലീലിൽ നടത്തിയ പ്രസ്താവന. മുഖ്യമന്ത്രിയുടെ പ്രസ്താവനയെ അടുത്ത തലത്തിലേക്ക് കൊണ്ടുപോവുകയാണ് കെ.ടി. ജലീല്‍ എന്നും സമുദായത്തോടും ലോകത്തോടും ജലീല്‍ മാപ്പുപറയണമെന്നും പി.എം.എ. സലാം ആവശ്യപ്പെട്ടു.