വിശുദ്ധിയാർന്ന ജീവിതം
റവ. ഡോ. ജോസഫ് പാറയ്ക്കല്‍
Monday, October 7, 2024 5:21 AM IST
മോണ്‍. ജോര്‍ജ് കൂവക്കാട്ട് ശാന്തനും സൗമ്യനും വിശുദ്ധനുമായ വൈദികനാണ്. അദ്ദേഹത്തെ ആദ്യമായി പരിചയപ്പെടുന്നത് 1996ല്‍ വൈദികപരിശീലനത്തിനായി കുറിച്ചിയിലുള്ള മൈനര്‍ സെമിനാരിയില്‍ പ്രവേശിച്ചപ്പോഴാണ്.
കുറിച്ചി മൈനര്‍ സെമിനാരിയില്‍ ഞങ്ങളുടെ പ്രീഫെക്ട് ആയിരുന്നു കൂവക്കാട്ട് ശെമ്മാശന്. ചങ്ങനാശേരി എസ്ബി കോളജിലെ പഠനത്തിനുശേഷം 1995ലാണ് സഹപാഠിയും സ്നേഹിതനുമായ ഡൊമിനിക് മുരിയങ്കാവുങ്കല്‍ ശെമ്മാശനോടൊപ്പം ജോര്‍ജ് കൂവക്കാട്ട് ശെമ്മാശന് മൈനര്‍ സെമിനാരിയില്‍ വൈദികപഠനത്തിനായി പ്രവേശിച്ചത്. അനിതര സാധാരണമായ പക്വതയും വിവേകവും വിശുദ്ധിയും കൂവിക്കാട്ട് ശെമ്മാശനെ വ്യതിരിക്തനാക്കിയിരുന്നു.
ആലുവ സെമിനാരിയില്‍നിന്നു തത്വശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹത്തെ 1999ല്‍ പവ്വത്തില്‍ പിതാവ് ഉപരിപഠനത്തിനായി റോമിലേക്ക് അയച്ചു. കോച്ചേരി പിതാവിനുശേഷം വളരെ വര്‍ഷങ്ങള്‍ക്കിപ്പുറം റോമില്‍ ദൈവശാസ്ത്ര പഠനത്തിനായി പോയത് കൂവക്കാട്ട് ശെമ്മാശനാണ്.
റോമില്‍ എല്ലാവര്ക്കും സംലഭ്യനായ അദ്ദേഹം ചങ്ങനാശേരി രൂപതാംഗങ്ങള്‍ക്കു മാത്രമല്ല, എല്ലാവര്ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു. ജോര്‍ജ് കൂവക്കാട്ടച്ചനും റോബി ആലഞ്ചേരിയച്ചനും ശേഷം 2004ല്‍ അവര്‍ താമസിച്ചിരുന്ന സേദസ് സപ്പിയന്സെ സെമിനാരിയില്‍ ഞാനും ദൈവശാസ്ത്ര പഠനത്തിനായെത്തി. ഏറെ സ്നേഹവും കരുതലുമുള്ള കൂവക്കാട്ടച്ചനെ അന്നുമുതല്‍ അടുത്തറിയാനും സൗഹൃദം പങ്കുവയ്ക്കാനും കഴിഞ്ഞു. റോമിലെ സാന്താ ക്രോച്ചെ യൂണിവേഴ്സിറ്റിയില്‍നിന്നു ദൈവശാസ്ത്രത്തില്‍ ബിരുദവും കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റും അദ്ദേഹം സ്വന്തമാക്കി. സെമിനാരിക്കാരെല്ലാം അദ്ദേഹത്തെ സ്നേഹപൂര്‍വം ജോര്‍ജ് ചേട്ടന് എന്നാണ് വിളിച്ചിരുന്നത്.
പവ്വത്തില്‍ പിതാവുമായുള്ള ഊഷ്മളബന്ധം മാര്‍ഗദര്‍ശനമായി
മാർ ജോസഫ് പവ്വത്തില്‍ പിതാവുമായി ഊഷ്മളമായ ബന്ധം കൂവക്കാട്ടച്ചന്‍ സൂക്ഷിച്ചിരുന്നു. അച്ചന്റെ യാത്രയില്‍ പിതാവ് എന്നും മാര്‍ഗദര്‍ശിയായിരുന്നു. പിതാവിന്റെ ദീര്‍ഘ വീക്ഷണവും അനുഗ്രഹവുമാണ് അദ്ദേഹത്തിന്റെ ഡിപ്ലോമാറ്റിക് സര്‍വീസിലുള്ള പ്രവേശനം. കോച്ചേരി പിതാവിന്റെ പിന്‍ഗാമിയായി 2006ലാണ് കൂവക്കാട്ടച്ചന്‍ ഡിപ്ലോമാറ്റിക് സര്‍വീസില്‍ പ്രവേശിച്ചത്. സഭാ ദര്‍ശനങ്ങളിലും ബോധ്യങ്ങളിലും പവ്വത്തില്‍ പിതാവായിരുന്നു അച്ചന്റെ മാതൃക.
മറ്റുള്ളവരെ സഹായിക്കുന്നതില്‍ കൂവക്കാട്ടച്ചന്‍ എന്നും മുന്‍പന്തിയിലായിരുന്നു. വിഷമത്തോടെ എത്തുന്ന ആരെയും അച്ചന് വെറുംകൈയോടെ പറഞ്ഞയച്ചിരുന്നില്ല. കോച്ചേരി പിതാവായിരുന്നു അക്കാര്യത്തില്‍ അച്ചന്റെ മാതൃക. ചങ്ങനാശേരിക്കാരായ ബ്രദേഴ്സിനും അച്ചന്മാര്ക്കും പഠനത്തിനായി സ്കോളര്‍ഷിപ്പ് കണ്ടെത്തുന്നതിനും അച്ചന് മുന്‍കൈ എടുത്തിരുന്നു.
പുഞ്ചിരി നിറഞ്ഞ മുഖം; സൗഹൃദമുള്ള മനസ്
എപ്പോഴും ഒരു പുഞ്ചിരിയോടുകൂടിയേ അച്ചന് മറ്റുള്ളവരെ സമീപിക്കുകയുള്ളൂ. നൂറു ശതമാനം ആത്മാര്‍ഥത അച്ചന്റെ മുഖമുദ്രയാണ്. ഏത് തിരക്കിനിടയിലും വ്യക്തിപരമായ പ്രാര്‍ഥനയ്ക്കും പഠനത്തിനും അച്ചന് സമയം കണ്ടെത്താറുണ്ട്. വ്യക്തിബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുന്നതില്‍ എന്നും ശ്രദ്ധാലുവാണ്. ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും അച്ചന്റെ ആശംസകളെത്തും. ഉയരങ്ങളിലെത്തുംതോറും കൂടുതല്‍ വിനയാന്വിതനാകുന്ന കൂവക്കാട്ടച്ചനെയാണ് നമ്മള് കണ്ടെത്തുന്നത്. ഇരുപത്തിയഞ്ച് വര്‍ഷങ്ങളായി വിദേശത്താണെങ്കിലും ചങ്ങനാശേരി വൈദിക കൂട്ടായ്മയുമായി നല്ല ബന്ധം അച്ചന് കാത്തുസൂക്ഷിക്കുന്നു. അനൗചിത്യമുള്ള ഒരു വാക്കുപോലും അച്ചനില്‍നിന്നു വരാറില്ല.
പ്രായം കുറഞ്ഞ കർദിനാൾ
കത്തോലിക്കാ സഭയിലെ പ്രായം കുറഞ്ഞ കര്‍ദിനാള്‍മാരില്‍ ഒരാളായിരിക്കും മോണ്‍. ജോര്‍ജ് കൂവക്കാട്ട്. ഇനിയും ഏറെദൂരം യാത്ര ചെയ്യാനുണ്ട് അദ്ദേഹത്തിന്. ഒരു ചങ്ങനാശേരി അതിരൂപതക്കാരന്‍ ആഗോള കത്തോലിക്കാ സഭയിൽ കർദിനാളായിത്തീരുമ്പോള് ഞങ്ങള്‍ അതിരൂപതയിലെ വൈദികരെല്ലാം സന്തോഷിക്കുന്നു. നൂറു ശതമാനം ആത്മാര്‍ഥതയോടുള്ള കഠിനാധ്വാനത്തിന്, വിശുദ്ധിയാര്‍ന്ന ജീവിതത്തിന് ദൈവം നല്കിയ, ഫ്രാന്‍സിസ് മാര്‍പാപ്പ നല്കിയ അംഗീകാരമാണ് ഈ കര്‍ദിനാള്‍ പദവി. ഞങ്ങളുടെ കൂട്ടുകാരന് പ്രിയപ്പെട്ട ജോര്‍ജ് ചേട്ടന് കര്‍ദിനാളായി; ദൈവത്തിനു സ്തുതി.