ഒരേസമയം രണ്ടു കർദിനാൾമാർ ചരിത്രത്തിൽ ആദ്യം
Monday, October 7, 2024 5:21 AM IST
സീറോമലബാർ സഭയിൽനിന്ന് ഒരേ സമയം രണ്ടുപേർ കർദിനാൾ സംഘത്തിലുണ്ടാകുക എന്നത് കത്തോലിക്കാ സഭയുടെ ചരിത്രത്തിൽത്തന്നെ ആദ്യമാണ്.
അതുപോലെതന്നെ കേരളത്തിൽനിന്ന് ആദ്യമായാണ് മൂന്നു കർദിനാൾമാർ ഉണ്ടാകുന്നത്. മാർ ജോർജ് ആലഞ്ചേരിയും മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും വോട്ടവകാശമുള്ളവരായി കർദിനാൾസംഘത്തിൽ തുടരുന്പോൾത്തന്നെയാണ് കൂവക്കാട്ടച്ചനും കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്നത്.
എല്ലാക്കാലത്തും സ്വന്തം സഭയുടെ തനിമയും പാരന്പര്യവും മുറുകെപ്പിടിക്കാൻ ബദ്ധശ്രദ്ധ പുലർത്തിക്കൊണ്ടിരുന്ന ചങ്ങനാശേരി അതിരൂപതയ്ക്കുള്ള മാർപാപ്പയുടെ ഒരു സമ്മാനംകൂടിയാണിത്. അതുപോലെതന്നെ, അത് സീറോമലബാർ സഭയോടും കേരളസഭയോടും ഭാരതസഭയോടും ഫ്രാൻസിസ് മാർപാപ്പയ്ക്കുള്ള അഗാധമായ സ്നേഹത്തിന്റെ പ്രതിഫലനംകൂടിയായാണ് കാണേണ്ടത്.
സാധാരണഗതിയിൽ മെത്രാൻപട്ടം സ്വീകരിച്ചവരെയാണ് കർദിനാൾപദവിയിലേക്ക് ഉയർത്തുക. എന്നാൽ, വൈദികരെ കർദിനാളായി ഉയർത്തുന്പോൾ അവരെ കർദിനാൾ പദവിയിലേക്ക് നിയമിക്കുന്ന കൺസിസ്റ്ററിക്കു മുന്പായിത്തന്നെ അവർക്ക് മെത്രാൻപട്ടം നൽകുന്നതാണ് പതിവ്.
എന്നാൽ, അവർ നൽകിയ സംഭവനകൾ പരിഗണിച്ച് 80 വയസ് കഴിഞ്ഞ ചില വൈദികരെയും മാർപാപ്പമാർ കർദിനാൾ പദവിയിലേക്ക് ഉയർത്താറുണ്ട്. അങ്ങനെ കർദിനാൾമാരാകുന്നവർക്ക് മാർപാപ്പയുടെ തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശമുണ്ടാകുകയില്ല. അങ്ങനെ 80 കഴിഞ്ഞവരെ കർദിനാൾമാരാക്കുന്പോൾ അവർക്ക് മെത്രാൻപട്ടം സ്വീകരിക്കാൻ താത്പര്യമില്ലെങ്കിൽ അങ്ങനെയുള്ളവരെ മെത്രാൻ പട്ട സ്വീകരണത്തിൽനിന്ന് ഒഴിവാക്കാറുമുണ്ട്.
1945 ഓഗസ്റ്റ് 22ന് ലണ്ടനിൽ ജനിച്ച ഡൊമെനിക്കൻ സഭയുടെ മുൻ ജനറാളായിരുന്ന തിമോത്തി പീറ്റർ ജോസഫ് റാഡ്ക്ലിഫ് ഇതേപോലെ 80 വയസിനടുത്തു നിൽക്കുന്പോൾ നിയുക്ത കർദിനാളായി ഇത്തവണ പ്രഖ്യാപിക്കപ്പെട്ട വ്യക്തിയാണ്.
അമേരിക്കൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്ന ജോൺ ഫോസ്റ്റർ ഡള്ളസിന്റെ പുത്രൻ ആവ്രി ഡള്ളസ് 2001 ഫെബ്രുവരി 21ന് വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയാൽ ഉയിർത്തപ്പെട്ടതാണ് പ്രായാധിക്യമുള്ളവരെ കർദിനാൾ പദവിയിലേക്ക് അവരുടെ ജീവിതകാലത്തെ അനിതര സാധാരണമായ സേവനങ്ങളെപ്രതി കർദിനാൾ പദവിയിലേക്ക് ഉയർത്തിയ ആദ്യ വൈദികൻ. അദ്ദേഹം മെത്രാൻപട്ട സ്വീകരണത്തിൽനിന്ന് ഒഴിവുവാങ്ങി. എന്നാൽ, 2005-ൽ നടന്ന പാപ്പായെ തെരഞ്ഞെടുക്കുന്ന കോൺക്ലേവിൽ അദ്ദേഹം പങ്കെടുത്തിരുന്നു.