സീറോമലബാര്‍ സഭയ്ക്ക് അഭിമാനവും സന്തോഷവും
Monday, October 7, 2024 5:21 AM IST
കൊച്ചി: സീറോമലബാര്‍ സഭയുടെ ഒരു പുത്രന്‍കൂടി കത്തോലിക്കാസഭയില്‍ കര്‍ദിനാള്‍മാരുടെ ഗണത്തിലേക്കുയര്‍ത്തപ്പെടുന്നതു സഭയ്ക്കു മുഴുവന്‍ അഭിമാനവും സന്തോഷവുമെന്ന് മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. മോണ്‍. ജോര്‍ജ് കൂവക്കാട്ടിനെ, സഭയുടെ വിശ്വസ്ത പുത്രന്, ആത്മീയപിതാവ് എന്നീ നിലകളില്‍ മാര്‍പാപ്പ വിശ്വാസമര്‍പ്പിച്ചതുപോലെ, കര്‍ദിനാളെന്ന നിലയിലുള്ള എല്ലാ ശുശ്രൂഷകളും ദൈവാനുഗ്രഹനിറവുള്ളതാകട്ടെ എന്നു പ്രാര്‍ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.
സീറോമലബാര്‍ സഭയില്‍നിന്ന് അഞ്ചാമത്തെ കര്‍ദിനാളിനെയാണു നമുക്കു ലഭിച്ചിരിക്കുന്നത്. ഇന്ത്യയില്‍നിന്ന് ആദ്യമായി ഒരു വൈദികന് നേരിട്ടു കര്‍ദിനാളായി ഉയര്‍ത്തപ്പെടുന്നതിന്റെ അതുല്യമായ അഭിമാനംകൂടിയാണ് സഭയെ തേടിയെത്തിയത്. വര്‍ഷങ്ങളായി അദ്ദേഹവുമായി അടുത്ത പരിചയവും സൗഹൃദവും പുലര്‍ത്താന്‍ അവസരം ലഭിച്ചു.
ചങ്ങനാശേരി അതിരൂപതയിലെ മാമ്മൂട് ഇടവകാംഗമായ മോണ്‍. കൂവക്കാട്ട് 2006 മുതല്‍ വത്തിക്കാന്‍ നയതന്ത്ര കാര്യാലയത്തില്‍ സേവനം ചെയ്യുന്നുണ്ട്. 2020 മുതല്‍ മാര്‍പാപ്പയുടെ യാത്രകളുമായി ബന്ധപ്പെട്ട ചുമതലകളുമായി വത്തിക്കാനില്‍ ശുശ്രൂഷ ചെയ്തുവരവേയാണു കര്‍ദിനാള്‍ സ്ഥാനത്തേയ്ക്കുള്ള പുതിയ നിയോഗം. അദ്ദേഹത്തിന്റെ എല്ലാ ശുശ്രൂഷകളിലും ദൈവാനുഗ്രഹം സമൃദ്ധമായി ഉണ്ടാകട്ടെയെന്നു പ്രാര്‍ഥിക്കുന്നതായും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.
മാർ ആൻഡ്രൂസ് താഴത്ത്
തൃശൂർ: കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ട മോൺ. ജോർജ് കൂവക്കാട്ടിനു സിബിസിഐയുടെ അനുമോദനങ്ങൾ നേർന്ന് സിബിസിഐ പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്. ഭാരതസഭയ്ക്ക് അഭിമാനിക്കാവുന്ന നിമിഷങ്ങളാണു ദൈവം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.
സന്തോഷനിമിഷത്തിനു ഞങ്ങൾ കർത്താവിനോട് അങ്ങേയറ്റം നന്ദിയുള്ളവരാണ്. ചങ്ങനാശേരി അതിരൂപതയുടെ പുത്രനായ മോൺ. ജോർജ് കൂവക്കാട്ട് 2006ലാണ് വത്തിക്കാൻ നയതന്ത്രസേവനത്തിൽ ചേർന്നത്.
ഒരു വൈദികനെ കർദിനാൾ ആയി ഉയർത്തുന്നത് അസാധാരണമായ കാര്യമാണ്. ഭാരത സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെയൊരുകാര്യം. ആത്മീയ സമഗ്രതയും സഭയോടു വിശ്വസ്തതയുമുള്ള ഒരു വ്യക്തിയായതിനാൽ മോൺ. ജോർജ് അതിന് അർഹനാണ്. പുതിയ കർദിനാൾ സാർവത്രിക സഭയിലെ ചലനാത്മക സാന്നിധ്യമായിരിക്കുമെന്നതിൽ സംശയമില്ലെന്നും മാർ താഴത്ത് പറഞ്ഞു.
മാര്‍ ജോസഫ് പെരുന്തോട്ടം
ചങ്ങനാശേരി: കര്‍ദിനാള്‍ സ്ഥാനത്തേക്ക് മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാട്ടിനെ ഉയര്‍ത്തിയത് ചങ്ങനാശേരി അതിരൂപതയ്ക്ക് അത്യഭിമാന മുഹൂര്‍ത്തം. അതിരൂപതയിലെ മാമ്മൂട് ലൂര്‍ദ്മാതാ ഇടവകാംഗമാണ്. അദ്ദേഹത്തിന്റെ നിയമനത്തില്‍ ചങ്ങനാശേരി അതിരൂപത അതിയായി സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നുവെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. ചങ്ങനാശേരി അതിരൂപതാ വൈദികഗണത്തില്‍ നിന്നുള്ള മൂന്നാമത്തെ കര്‍ദിനാളാണ് മോണ്‍. ജോര്‍ജ് കൂവക്കാട്ട്. മാര്‍ ആന്റണി പടിയറ, മാര്‍ ജോര്‍ജ് ആലഞ്ചേരി എന്നിവരാണ് മറ്റു രണ്ടു കര്‍ദിനാള്‍മാര്‍.
മാര്‍ തോമസ് തറയില്‍
ചങ്ങനാശേരി: മോണ്‍. ജോര്‍ജ് കൂവക്കാട്ടച്ചന്‍ ലഭിച്ച കര്‍ദിനാള്‍ പദവി വലിയ സന്തോഷത്തിന്റെ വാര്‍ത്തയാണ്. അദ്ദേഹം വളരെ നന്മകളുള്ള വ്യക്തിയാണ്. സാര്‍വത്രിക സഭയ്ക്ക് അദ്ദേഹം നല്കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമാണ് സഭയിലെ ഈ പുതിയ പദവി.
2020 മുതല്‍ മാര്‍പാപ്പയുടെ അപ്പസ്തോലിക വിദേശയാത്രകള്‍ ക്രമീകരിക്കുന്ന വളരെ ഉത്തരവാദിത്വമുള്ള ജോലിയാണ് നിര്‍വഹിച്ചത്. പരിശുദ്ധ പിതാവിനൊപ്പം നമ്മുടെ നാട്ടുകാരനായ ജോര്‍ജ് കൂവക്കാട്ടച്ചന്‍ ഉണ്ടായിരുന്നുവെന്നത് നമുക്ക് അഭിമാനം പകര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ പുതിയ സ്ഥാനലബ്ധിയില്‍ കൂവക്കാട്ടു കുടുംബത്തോടൊപ്പം ചങ്ങനാശേരി അതിരൂപതുടെ സന്തോഷവും പങ്കുവയ്ക്കുന്നു.