"മാര്‍പാപ്പ നൽകിയ കൊച്ചുസമ്മാനം'
ബെന്നി ചിറയില്‍
Monday, October 7, 2024 5:21 AM IST
ചങ്ങനാശേരി: ഇന്നലെ വൈകുന്നേരം നാലിന് കൂവക്കാട്ട് ജേക്കബ് വര്‍ഗീസിന്റെ മൊബൈല്‍ ഫോണില്‍ ബെല്ലടിച്ചു. മകന് മോണ്‍. ജോര്‍ജ് കൂവക്കാട്ടിന്റെ കോളായിരുന്നു.
ഫോണ്‍ ഓണ്‍ ചെയ്തപ്പോള്‍ മോണ്‍. കൂവക്കാട്ട് പറഞ്ഞു: അച്ചാച്ചാ, മാര്‍പാപ്പ ഒരു കൊച്ചു സമ്മാനം തന്നു. എനിക്ക് കര്‍ദിനാള്‍ പദവി. അതു കേട്ടമാത്രയില്‍ മനസില്‍ ആശ്ചര്യവും സന്തോഷവും നിറഞ്ഞു. തുടര്‍ന്ന് ഭാര്യ ലീലാമ്മയോടു വിവരം പറഞ്ഞു. ആ ഫോണ്‍കോളില്‍ ലഭിച്ച സന്ദേശം അപ്രതീക്ഷിതമായിരുന്നു.
വത്തിക്കാനിലെ നയതന്ത്ര വിഭാഗത്തില്‍ ജോലി ചെയ്തുവന്നിരുന്ന മോണ്‍. ജോര്‍ജ് കൂവക്കാട്ടിനെ കര്‍ദിനാളായി ഉയര്‍ത്തിയത് വിശ്വസിക്കാനായില്ലെന്ന് മാതാപിതാക്കളായ ജേക്കബ് വര്‍ഗീസും ലീലാമ്മയും പറഞ്ഞു.
സ്വീഡനില്‍നിന്നാണ് മോണ്‍. ജോര്‍ജ് കൂവക്കാട്ട് വിവരം മാതാപിതാക്കളെ അറിയിച്ചത്. ആര്‍ച്ച്ബിഷപ് പദവി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും മാതാപിതാക്കള്‍ കൂട്ടിച്ചേര്‍ത്തു. മകന് ലഭിച്ച പദവിയില്‍ ദൈവത്തിനു നന്ദി പറയുന്നതായി അവര്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയിലെ റിട്ട. മെക്കാനിക്കാണ് ജേക്കബ് വര്‍ഗീസ്. വടക്കേക്കര കല്ലുകളം കുടുംബാംഗമാണ് ലീലാമ്മ. ഇവരുടെ മൂത്തമകനാണ് ലിജിമോന്‍ എന്നു വിളിക്കുന്ന മോണ്‍. ജോര്‍ജ് കൂവക്കാട്ട്. ലിറ്റി (മാമ്മൂട്), ടിജി (കോഴിക്കോട്)എന്നിവരാണ് മോണ്‍. കൂവക്കാട്ടിന്റെ സഹോദരങ്ങള്‍. ചെത്തിപ്പുഴ ആശ്രമം പ്രിയോര്‍ ഫാ. തോമസ് കല്ലുകളം സിഎംഐ മോണ്‍. കൂവക്കാട്ടിന്റെ മാതൃസഹോദരനാണ്.
സഹോദരി ലിറ്റി, ഭര്‍ത്താവ് മാത്യു, മകള്‍ ഡാനിയ, മാത്യുവിന്റെ സഹോദരന്റെ മക്കളായ ആഷ്ലിന് തോമസ്, ആന്ലിന് തോമസ് എന്നിവരും വീട്ടിലെ ആഹ്ലാദത്തില്‍ പങ്കുചേരാനുണ്ടായിരുന്നു.