കൂവക്കാട്ട് കുടുംബത്തില്‍ ആഹ്ലാദം, അഭിനന്ദനപ്രവാഹം
Monday, October 7, 2024 5:21 AM IST
മാമ്മൂട്: ഫ്രാന്‍സിസ് മാർപാപ്പ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാട്ടിനെ കര്‍ദിനാളായി നിയമിച്ചതു മുതല്‍ മാമ്മൂട് കൂവക്കാട്ട് കുടുംബത്തിലേക്ക് അഭിനന്ദനപ്രവാഹം. ആളുകള്‍ നേരിട്ടെത്തിയും ഫോണ്കോളുകളിലുമാണ് ഇടമുറിയാത്ത അഭിനന്ദനം എത്തുന്നത്.
ജോര്‍ജ് അച്ചന്റെ പിതാവ് ജേക്കബ് വര്‍ഗീസ്(കുഞ്ഞുമോന്), അമ്മ ലീലാമ്മ എന്നിവരുടെ ഫോണുകളിലേക്കാണ് കോളുകള്‍ തുടരെ എത്തുന്നത്. മെത്രാന്മാര്, വൈദികര്‍, സന്യാസിനികള്‍, സ്വദേശത്തും വിദേശങ്ങളിലുമുള്ള ബന്ധുക്കള്‍, ഇടവകാംഗങ്ങള്‍, നാട്ടുകാര്‍ തുടങ്ങിയവരുടെ ഫോണ്കോളുകളാണേറെയും. നാട്ടുകാർ നേരിട്ടെത്തിയും അനുമോദനങ്ങളറിയിക്കുന്നു.
വത്തിക്കാന്‍ നയതന്ത്ര കാര്യാലയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മുന്‍ ന്യുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി മാമ്മൂട്ടിലെ കൂവക്കാട്ട് വസതിയിലെത്തി ആശംസകളും പ്രാര്‍ഥനകളും അറിയിച്ചു.
ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, നിയുക്ത ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, ഷംഷാബാദ് സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത് തുടങ്ങിയവര്‍ ഫോണില്‍ വിളിച്ച് ആശംസകള്‍ അറിയിച്ചതായി മോണ്‍. ജോര്‍ജ് കൂവക്കാട്ടിന്റെ മാതാപിതാക്കള്‍ പറഞ്ഞു. മാമ്മൂട് ലൂര്‍ദ്മാതാ പള്ളി വികാരി റവ. ഡോ. ജോണ്‍ തടത്തില്‍, അസിസ്റ്റന്റ് വികാരി ഫാ. ടോമിന് കിഴക്കേത്തലക്കല്‍ തുടങ്ങിയവരും വീട്ടിലെത്തി ആശംസകള്‍ അര്‍പ്പിച്ചവരില്‍പ്പെടുന്നു.