ക്ഷേത്രകലാശ്രീ പുരസ്കാരം കെ.എസ്. ചിത്രയ്ക്കു സമ്മാനിച്ചു
Monday, October 7, 2024 5:17 AM IST
കണ്ണൂർ: 2022ലെ കേരള ക്ഷേത്രകലാ അക്കാദമി പുരസ്കാരങ്ങൾ എരിപുരം മാടായി ബാങ്ക് ഓഡിറ്റോറിയത്തിൽ മന്ത്രി ഒ.ആർ. കേളു വിതരണം ചെയ്തു. ക്ഷേത്ര കലാശ്രീ പുരസ്കാരം ഗായിക കെ.എസ്. ചിത്രയ്ക്കു സമ്മാനിച്ചു. ക്ഷേത്രവും ക്ഷേത്ര കലകളും കേരളത്തിന്റെ സംസ്കാരിക മണ്ഡലംകൂടിയാണെന്ന് മന്ത്രി പറഞ്ഞു.
ക്ഷേത്രകലാ ഫെലോഷിപ്പ് നർത്തകനും ഗവേഷകനുമായ ഡോ. ആർഎൽവി രാമകൃഷ്ണന് സമ്മാനിച്ചു. ഇവയുൾപ്പെടെ ആകെ 36 പുരസ്കാരങ്ങളാണ് സമ്മാനിച്ചത്. എം. വിജിൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ക്ഷേത്ര കലകൾ അന്യംനിന്ന് പോകാതിരിക്കാൻ പുതിയ തലമുറയ്ക്ക് പരിശീലനം നൽകാനുള്ള ക്ഷേത്രകലാ അക്കാദമിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് കെ.എസ്. ചിത്ര പറഞ്ഞു.
ക്ഷേത്രകലാ അക്കാദമി ചെയർമാൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ ആമുഖ ഭാഷണം നടത്തി. അക്കാദമി സെക്രട്ടറി കൃഷ്ണൻ നടുവിലത്ത് അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. മുൻ എംഎൽഎ ടി.വി. രാജേഷ്, ചിറക്കൽ കോവിലകം ട്രസ്റ്റി സി.കെ. രാമവർമ വലിയരാജ, ഡോ. ആർഎൽവി രാമകൃഷ്ണൻ, സംഘാടക സമിതി വൈസ് ചെയർമാൻ വി. വിനോദ് എന്നിവർ പ്രസംഗിച്ചു.
മട്ടന്നൂർ ശ്രീജിത്തിന്റെ സോപാന സംഗീതം, ചെറുതാഴം ചന്ദ്രനും സംഘവും അവതരിപ്പിച്ച പഞ്ചവാദ്യം, കലാമണ്ഡലം കനക കുമാറിന്റെ ചാക്യാർകൂത്ത്, കലാമണ്ഡലം മഹേന്ദ്രന്റെ ഓട്ടൻതുള്ളൽ, ക്ഷേത്രകലാ അക്കാദമി വിദ്യാർഥിനികൾ അവതരിപ്പിച്ച മോഹിനിയാട്ടം, ലളിത യക്ഷ ടീം ബാലകൃഷ്ണ യെൽക്കാന അവതരിപ്പിച്ച യക്ഷഗാനം, കീഴില്ലം ഉണ്ണിക്കൃഷ്ണനും സംഘവും അവതരിപ്പിച്ച മുടിയേറ്റ് എന്നിവ അരങ്ങേറി. രാവിലെ മുതൽ ക്ഷേത്രകല അക്കാദമിയിൽനിന്ന് പരിശീലനം ലഭിച്ച കുട്ടികളുടെ ചുമർ ചിത്ര പ്രദർശനവും നടന്നു.