വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ ഡിസംബറിൽ
Monday, October 7, 2024 5:17 AM IST
കൽപ്പറ്റ: രണ്ടാമത് വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ ഡിസംബർ 27, 28, 29 തീയതികളിൽ മാനന്തവാടി ദ്വാരകയിൽ നടത്തും. സാഹിത്യോത്സവത്തിലും അനുബന്ധ പരിപാടികളിലും രാജ്യത്തിനകത്തും പുറത്തുംനിന്നുള്ള എഴുത്തുകാർ, സാംസ്കാരിക-സിനിമാ പ്രവർത്തകർ, കലാകാരൻമാർ ഉൾപ്പെടെ 250ഓളം പേർ പങ്കെടുക്കും.
മേപ്പാടി പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സാഹിത്യോത്സവം സമാശ്വാസ ഉത്സവമായാണ് നടത്തുന്നത്. കാരവൻ മാഗസിൻ മുൻ എഡിറ്ററും മുതിർന്ന മാധ്യമപ്രവർത്തകനുമായ വിനോദ് കെ. ജോസാണ് ഫെസ്റ്റിവൽ ഡയറക്ടർ.
ഉരുൾ ദുരന്തത്തിനുശേഷം വയനാട് സാധാരണനില പ്രാപിക്കുന്നു എന്ന് അടയാളപ്പെടുത്തുന്ന പരിപാടികളിലൊന്നായിരിക്കും ഫെസ്റ്റിവലെന്ന് വിനോദ് കെ. ജോസ്, ക്യുറേറ്റർമാരായ ഡോ. ജോസഫ് കെ. ജോബ്, ലീന ഗീത രഘുനാഥ്, വി.എച്ച്. നിഷാദ്, ഷിൽസണ് മാത്യു എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സംവാദങ്ങൾ, സംഭാഷണങ്ങൾ, പ്രഭാഷണങ്ങൾ, കഥയരങ്ങ്, കവിയരങ്ങ്, അഖിലേന്ത്യ ആർട് ആൻഡ് ക്രാഫ്റ്റ് ഫെയർ, ഫിലിം ഫെസ്റ്റിവൽ, പുസ്തകമേള, ഭക്ഷ്യമേള, കാർഷിക വിപണി, പൈതൃക നടത്തം, ആർട് ബിനാലെ, കുട്ടികളുടെ വിനോദ-വിജ്ഞാനക്കളരി, ചെസ് ടൂർണമെന്റ്, ഫാഷൻ, ഫോട്ടോഗ്രഫി, സംരംഭകത്വം എന്നിവയിൽ മാസ്റ്റർ ക്ലാസ്, കേരളത്തിലെ ഏറ്റവും മികച്ച കോളജ് മാഗസിനു പുരസ്കാരം, ഫോട്ടോഗ്രഫി പുരസ്കാരം എന്നിവ ഫെസ്റ്റിവലിന്റെ ഭാഗമാണ്.
അരുന്ധതി റോയ്, സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റീസ് ജെ. ചെലമേശ്വർ, ഭരണഘടനാവിദഗ്ധനും സുപ്രീംകോടതി സീനിയർ അഭിഭാഷകനുമായ ശ്യാം ദിവാൻ, സഞ്ജയ് കാക്, സാറാ ജോസഫ്, എൻ.എസ്. മാധവൻ, കെ. സച്ചിദാനന്ദൻ, എം. മുകുന്ദൻ, സി.വി. ബാലകൃഷ്ണൻ, സക്കറിയ, കൽപ്പറ്റ നാരായണൻ, സുഭാഷ് ചന്ദ്രൻ, ബെന്യാമിൻ, കെ.ആർ. മീര, പ്രഭാവർമ്മ, സന്തോഷ് ജോർജ് കുളങ്ങര, സുനിൽ പി. ഇളയിടം, പി.കെ. പാറക്കടവ്, സണ്ണി എം. കപിക്കാട്, വീരാൻകുട്ടി, മനോജ് ജാതവേദര്, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, വി.എസ്. അനിൽകുമാർ, ബീന പോൾ, മധുപാൽ, ഷീല ടോമി, ശീതൾ ശ്യാം, സുകുമാരൻ ചാലിഗദ്ദ തുടങ്ങിയവർ വിവിധ പരിപാടികളിൽ പങ്കെടുക്കും.
ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര അക്കാദമിക സമ്മേളനം കാലാവസ്ഥാവ്യതിയാനം, പരിസ്ഥിതി ജാഗ്രത, കർഷകരുടെയും ആദിവാസികളുടെയും ഉപജീവനാവകാശങ്ങൾ എന്നീ വിഷയങ്ങൾ ചർച്ച ചെയ്യും. ലണ്ടൻ കിംഗ്സ് കോളജ് പ്രഫ. ക്രിസ്റ്റോഫ് ജഫ്രലോട്ട് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തും.
പ്രശസ്ത ചരിത്രകാരനും എഴുത്തുകാരനുമായ ജോണ് കീ, നോവലിസ്റ്റും ന്യൂയോർക് വാസർ കോളജ് പ്രഫസറുമായ അമിതാവ കുമാർ, ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രഫ. കരോലിൻ ബക്കി എന്നിവർ പങ്കെടുക്കും.
പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ വയനാടിന്റെ മനസിലും കാർഷിക, വാണിജ്യ, വിനോദസഞ്ചാര മേഖലകളിലും വലിയ ആഘാതമാണ് സൃഷ്ടിച്ചത്. ജില്ലയിലേക്കുള്ള സഞ്ചാരികളുടെ വരവ് ഗണ്യമായി കുറഞ്ഞു. പ്രതിസന്ധിയിൽനിന്ന് വയനാടിനെ കരയേറ്റാനും സാധാരണജീവിതം സാധ്യമാക്കാനും സഹായകമാകുന്ന പദ്ധതികളെക്കുറിച്ചു സമൂഹം ഗൗരവമായി ചിന്തിച്ചുവരികയാണ്.
ഈ അവസരത്തിൽ വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ വ്യത്യസ്തമായ അനുഭവമാകുമെന്നാണ് പ്രതീക്ഷയെന്ന് ഡയറക്ടർ പറഞ്ഞു. സംഘാടക സമിതി രൂപീകരണ യോഗം ഒൻപതിന് വൈകുന്നേരം നാലിന് ദ്വാരക കാസാ മരിയയിൽ ചേരും.