ഭാര്യയെ കൊലപ്പെടുത്തി; ഭർത്താവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി
Monday, October 7, 2024 5:17 AM IST
അമ്പലത്തറ (കാസർഗോഡ്): കുടുംബവഴക്കിനിടെ ഭാര്യയെ മർദിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. അമ്പലത്തറ കണ്ണോത്ത് അയ്യപ്പമഠത്തിനു സമീപത്തെ എൻ.ടി. ബീന(50)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് കെ. ദാമോദരൻ (55) പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
ഇന്നലെ പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ബീന മരിച്ചതായി ബോധ്യപ്പെട്ടതോടെ ദാമോദരൻ തന്റെ ബന്ധുക്കളെയും അയൽവാസികളെയും വിളിച്ച് വിവരമറിയിച്ച ശേഷം പോലീസ് സ്റ്റേഷനിലേക്കു പോകുകയായിരുന്നു. ജില്ലാ പോലീസ് മേധാവി ഡി. ശില്പ, ഡിവൈഎസ്പി വി.വി. മനോജ്, അമ്പലത്തറ സിഐ ടി. ദാമോദരൻ എന്നിവർ സ്ഥലത്തെത്തി.
പോലീസ് ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവരുടെ ഏകമകൻ വിശാൽ ഡൽഹിയിൽ മൊബൈൽ ഫോൺ ടെക്നീഷ്യനായി ജോലിചെയ്യുകയാണ്.