ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികരായ മുത്തച്ഛനും പേരക്കുട്ടിയും മരിച്ചു
Monday, October 7, 2024 5:17 AM IST
കൂത്താട്ടുകുളം: എംസി റോഡിൽ പുതുവേലി പാലത്തിനു സമീപം ടൂറിസ്റ്റ് മിനി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികരായ മുത്തച്ഛനും പേരക്കുട്ടിയും മരിച്ചു. മൂന്നുപേർക്കു പരിക്കേറ്റു. ഇന്നലെ വൈകുന്നേരം നാലിനാണ് അപകടം. കാർ യാത്രക്കാരായ ആലപ്പുഴ കോയിപ്പള്ളി കായൽപുരം തങ്കച്ചൻ (75), എസ്തേർ (രണ്ടര) എന്നിവരാണ് മരിച്ചത്. തങ്കമ്മ (70), ട്രിസ സി. മോനി (26), എബി ജോസഫ് (39) എന്നിവർക്കാണ് പരിക്കേറ്റത്.
കോട്ടയം ഭാഗത്തുനിന്നു വരികയായിരുന്ന മിനി ടൂറിസ്റ്റ് ബസിലേക്ക് കൂത്താട്ടുകുളം ഭാഗത്തു നിന്നു പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറിയാണ് അപകടം. അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. നാട്ടുകാരും കൂത്താട്ടുകുളം ഫയർഫോഴ്സും പോലീസും ചേർന്ന് യാത്രക്കാരെ പുറത്തെടുത്ത് കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
ഗുരുതര പരുക്കേറ്റ തങ്കമ്മ, ട്രിസ എന്നിവരെ കോട്ടയത്തെ കാരിത്താസ് ആശുപത്രിയിലക്കു മാറ്റി. മരണമടഞ്ഞ രണ്ടുപേരുടെയും മൃതദേഹങ്ങൾ കൂത്താട്ടുകുളത്ത് സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.