സർക്കാരിന്റെ വയനാട് ദുരിതാശ്വാസ കണക്കിൽ ഹൈക്കോടതി; എസ്റ്റിമേറ്റിന്റെ മാനദണ്ഡം വ്യക്തമാക്കണം
Saturday, October 5, 2024 6:58 AM IST
കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ടു ചെലവഴിച്ച തുകയുടെ എസ്റ്റിമേറ്റ് കണക്കാക്കിയതിൽ സർക്കാരിനോടു വ്യക്തത തേടി ഹൈക്കോടതി. എസ്റ്റിമേറ്റ് കണക്കാക്കിയതിന്റെ മാനദണ്ഡം അറിയിക്കണമെന്നു കോടതി സര്‍ക്കാരിനു നിര്‍ദേശം നല്കി. കേരളത്തിനു സഹായം നല്കുന്നതില് നിലപാട് അറിയിക്കണമെന്നു കേന്ദ്രസര്‍ക്കാരിനോടും ആവശ്യപ്പെട്ടു. മൂന്നാഴ്ചയ്ക്കകം മറുപടി നല്കാന് അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനോടാണു ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചത്.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജിയടക്കമാണു ഡിവിഷന് ബെഞ്ച് പരിഗണിച്ചത്. വയനാട് ദുരിതാശ്വാസത്തിനു ചെലവഴിച്ച തുകയെന്ന പേരില്‍ വ്യാപക പ്രചാരണമുണ്ടായെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ദുരന്തവുമായി ബന്ധപ്പെട്ടു ചെലവഴിച്ച തുകയുടെ എസ്റ്റിമേറ്റ് കണക്കാക്കിയത് എങ്ങനെയെന്നു കോടതി ചോദിച്ചത്.
എസ്റ്റിമേറ്റ് തുക കണക്കാക്കുന്നതിന് കൃത്യമായ മാനദണ്ഡം വേണ്ടതാണെന്നു കോടതി ചൂണ്ടിക്കാട്ടി. മൃതദേഹ സംസ്കാരത്തിനടക്കമുള്ള ചെലവ് കണക്കാക്കിയത് എങ്ങനെയെന്നും ജസ്റ്റീസ് ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ടു കേരളത്തിന് ഇതുവരെ കേന്ദ്രസഹായം ലഭ്യമായിട്ടില്ലെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. അയല്‍സംസ്ഥാനങ്ങളിലുണ്ടായ പ്രകൃതിദുരന്തങ്ങളില്‍ കേന്ദ്രഫണ്ട് അനുവദിച്ച കാര്യവും ചൂണ്ടിക്കാട്ടി. ദേശീയ ദുരന്തനിവാരണ അഥോറിറ്റിയില്നിന്നും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും സഹായം ലഭ്യമാക്കാന്‍ നിര്‍ദേശിക്കണമെന്ന് അമിക്കസ് ക്യൂറി കോടതിയോട് അഭ്യർഥിച്ചു. സഹായം ലഭ്യമാക്കുന്നതിന് ദേശീയ ദുരന്തനിവാരണ അഥോറിറ്റിയും നടപടിയെടുക്കണമെന്നു നിര്‍ദേശിച്ച ഡിവിഷന് ബെഞ്ച്, കേന്ദ്രസഹായം സംബന്ധിച്ച് ഈ മാസം 18നകം നിലപാട് അറിയിക്കാന്‍ അഡീ. സോളിസിറ്റര്‍ ജനറലിനോട് നിര്‍ദേശിച്ചു.
പുനരധിവാസത്തിന് 87 ഹെക്ടര്‍ കണ്ടെത്തിയെന്നു സർക്കാർ
സംസ്ഥാനത്തെ പരിസ്ഥിതിലോല മേഖലകളില്‍ ക്വാറികളും നിര്‍മാണങ്ങളും നിയന്ത്രിക്കണമെന്നു കോടതി ആവശ്യപ്പെട്ടു. ഇവിടെയുള്ള ജനവാസകേന്ദ്രങ്ങളില്‍ വലിയതോതില്‍ ഇളവുകള്‍ അനുവദിക്കരുത്. ഇത്തരം കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ സംസ്ഥാന ജില്ലാ, ഡിവിഷന് തലത്തില്‍ രൂപവത്കരിച്ച വിജിലന്‍സ് മോണിറ്ററിംഗ് സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും കോടതി പറഞ്ഞു.
ദുരിതബാധിതരുടെ പുനരധിവാസത്തിന് കല്‍പ്പറ്റ, കോട്ടപ്പടി വില്ലേജുകളിലായി 87 ഹെക്ടര്‍ ഭൂമി കണ്ടെത്തിയെന്നും ടൗണ്‍ഷിപ് നിര്‍മാണത്തിന് മന്ത്രിസഭ അനുമതി നല്‍കിയെന്നും അഡ്വക്കറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പ് കോടതിയെ അറിയിച്ചു. 1110 കുടുംബങ്ങള്‍ക്ക് പത്തു സെന്റ് വീതമാണു നല്‍കുക. സ്കൂളുകളും മാര്‍ക്കറ്റും മറ്റും തുടര്‍ന്ന് സജ്ജമാക്കും. പ്രദേശം സുരക്ഷിതമാണെന്നു വിദഗ്ധ റിപ്പോര്‍ട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. ടൗണ്‍ഷിപ്പില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്നു കോടതി നിര്‍ദേശിച്ചു.
“തുടര്‍നടപടികള്‍ മറ്റൊരു ദുരന്തമാകുകയാണ്”
‘ദുരന്തത്തിന്റെ തുടര്‍നടപടികള്‍ മറ്റൊരു ദുരന്തമാകുകയാണ്’എന്ന പരമാർശവും കോടതിയിൽനിന്നുണ്ടായി. ദുരിതബാധിതര്‍ക്കു നിയമസഹായം നല്കാന് കോടതി കേരള ലീഗല്‍ സര്‍വീസസ് അഥോറിറ്റി(കെല്‍സ)യെ ചുമതലപ്പെടുത്തിയിരുന്നു. അടിയന്തര സഹായമായ 10,000 രൂപ, ഉപജീവന സഹായമായ 300 രൂപ, വീട്ടുവാടകയായ 6000 രൂപ എന്നിവയ്ക്ക് ദുരിതബാധിതര്‍ അര്‍ഹരാണ്. എന്നാല്‍ ഇതു കിട്ടാത്തവരുണ്ടെന്ന് കെല്‍സ അറിയിച്ചു.
വയനാട് ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടും മറുപടി കിട്ടിയില്ലെന്നും പറഞ്ഞു. നടപടികളുടെ ഏകോപനത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി നടപടികളുടെ പുരോഗതി ആഴ്ചതോറും നിരീക്ഷിക്കുമെന്നും വ്യക്തമാക്കി. കെല്‍സയെ കേസില്‍ കക്ഷിചേര്‍ക്കുകയും ചെയ്തു. ഈ വിഷയം 11ന് വീണ്ടും പരിഗണിക്കും.