എന്‍സിപി പിളര്‍പ്പിലേക്ക് ; കടുത്ത നടപടിക്ക് തോമസ് കെ. തോമസ്
സ്വന്തം ലേഖകന്‍
Saturday, October 5, 2024 6:36 AM IST
കോഴിക്കോട്: മന്ത്രിസ്ഥാനത്തെച്ചൊല്ലി എന്‍സിപിയില്‍ നടക്കുന്ന തര്‍ക്കം പുതിയ തലത്തിലേക്ക്. എ.കെ. ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്നു മാറ്റി പകരം തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് എന്‍സിപി സംസ്ഥാന,ദേശീയ നേതൃത്വങ്ങള്‍ കത്തുനല്‍കിയിട്ടും മാറ്റാന്‍ മുഖ്യമന്ത്രി തയാറായിട്ടില്ല.
ശശീന്ദ്രനു സംരക്ഷണം നല്‍കുന്നതാണു മുഖ്യമന്ത്രിയുടെ സമീപനം. മുന്നണി മര്യാദയ്ക്കു നിരക്കുന്നതല്ല പിണറായി വിജയന്റെ നിലപാടെന്നു വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ശശീന്ദ്രനെ മാറ്റുന്നില്ലെങ്കില്‍ പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉണ്ടാകാനാണു സാധ്യത. രണ്ടു ദിവസത്തിനകം തീരുമാനമുണ്ടായില്ലെങ്കില്‍ കടുത്ത നടപടികളിലേക്കു നീങ്ങുമെന്ന് തോമസ് കെ. തോമസ് വ്യക്തമാക്കിയിട്ടുണ്ട്.
2021ല്‍ ഇടതുസര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ രണ്ടര വര്‍ഷം കഴിഞ്ഞ് ശശീന്ദ്രന് മന്ത്രിസ്ഥാനം ഒഴിയണമെന്നു തീരുമാനമുണ്ടായിരുന്നതായാണു തോമസ് വിഭാഗം പറയുന്നത്. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ അടക്കമുള്ള നേതാക്കളും സംസ്ഥാന കമ്മിറ്റിയും ഈ തീരുമാനം നടപ്പാക്കണമെന്ന നിലപാടിലാണ്. ശശീന്ദ്രനോട് ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍ തന്നെ മാറ്റിയാല്‍ മന്ത്രിസ്ഥാനം മാത്രമല്ല, എംഎല്‍എസ്ഥാനവും രാജിവയ്ക്കുമെന്ന ഭീഷണിയാണ് ശശീന്ദ്രന് ഉയര്‍ത്തിയത്. കേന്ദ്ര നേതൃത്വത്തെ അദ്ദേഹം സമീപിച്ചുവെങ്കിലും സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിനൊപ്പമാണ് അവര്‍ നിന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര നേതാക്കള്‍ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. സംസ്ഥാന നേതൃത്വവും കത്തുനല്‍കി.
കഴിഞ്ഞ ദിവസം സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ അടക്കമുള്ള നേതാക്കള്‍ മുഖമന്ത്രിയെ കണ്ടപ്പോഴാണ്, ശശീന്ദ്രനെ മാറ്റാന്‍ താത്പര്യമില്ലെന്ന സൂചന നല്‍കിയിട്ടുള്ളത്. തോമസ് കെ. തോമസിന് എതിരായി സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണമുണ്ടെന്നു മുഖ്യമന്ത്രി നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഇതാണു പുതിയ വിവാദത്തിനു തിരികൊളുത്തിയത്.
മന്ത്രി ശശീന്ദ്രനെ സംരക്ഷിച്ചു നിര്‍ത്തുന്ന സമീപനമാണു പിണറായി വിജയന് അനുവര്‍ത്തിക്കുന്നത്. ശശീന്ദ്രന്റെ കരുത്തും അതാണ്. തന്നെ മാറ്റിയാല്‍ എന്‍സിപിക്കു മന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്ന നിലപാടിലാണു ശശീന്ദ്രന്. കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ പരാമര്‍ശം ഇതിന്റെ സൂചനയാണ്. കുളിപ്പിച്ച് കുട്ടിയില്ലാതാക്കരുതെന്നാണ് അദ്ദേഹം മുന്നറിയിപ്പുനല്കിയിരുന്നത്.
പാര്‍ട്ടി പിളര്‍ന്നാല്‍ ആകെയുള്ള രണ്ട് എംഎല്‍എമാര്‍ രണ്ടു പക്ഷത്താവും. അപ്പോള്‍ മന്ത്രിസ്ഥാനം ചോദിക്കാനുള്ള ശക്തി ഇല്ലാതാവും. എല്‍ഡിഎഫിലെ ഘടകകക്ഷിയായ ആര്‍ജെഡിക്ക് ഒരു എംഎല്‍എയാണുള്ളത് എന്നതിനാല്‍ മന്ത്രിസ്ഥാനം നല്‍കിയിട്ടില്ല. പല തവണ ആര്‍ജെഡി ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ വഴങ്ങിയിട്ടില്ല. ഈ അവസ്ഥയായിരിക്കും എന്‍സിപിക്കും എന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.