വയനാട് ഉരുള്‍പൊട്ടല്‍ സമാനതകളില്ലാത്ത മഹാദുരന്തം: മുഖ്യമന്ത്രി
Saturday, October 5, 2024 6:36 AM IST
തിരുവനന്തപുരം: വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ-ചൂരല്‍മല പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടല്‍ സമാനതകളില്ലാത്ത മഹാദുരന്തമാണ് സൃഷ്ടിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില്‍ നടത്തിയ അനുശോചന പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഉരുള്‍ പൊട്ടലില്‍ ഒരു പ്രദേശമാകെ തകര്‍ന്നു പോയി. രാജ്യത്തുണ്ടായതില്‍ വച്ച് ഏറ്റവും വലിയ ഉരുള്‍പൊട്ടലുകളുടെ ഗണത്തില്‍പ്പെടുന്നതാണ് ഈ ദുരന്തം.
പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല, അട്ടമല എന്നീ സ്ഥലങ്ങളെ നേരിട്ട് ബാധിച്ച ഈ ദുരന്തത്തില്‍ നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും, നിരവധിപ്പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. 145 വീടുകള്‍ പൂര്‍ണമായും, 170 എണ്ണം ഭാഗികമായും തകര്‍ന്നു. 240 വീടുകള്‍ വാസയോഗ്യം അല്ലാതാവുകയും, 183 വീടുകള്‍ ഒഴുകിപ്പോവുകയും ചെയ്തു.
കടകള്‍, ജീവനോപാധികള്‍, വാഹനങ്ങള്‍, കൃഷി, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയെല്ലാമായി കുറഞ്ഞത് 1,200 കോടി രൂപയുടെ നഷ്ടം മേപ്പാടിയില്‍ ഉണ്ടായിട്ടുണ്ട്. ദുരന്തത്തെ അതിജീവിച്ചവരെ ചേര്‍ത്തുപിടിച്ച് അവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ടതും സുരക്ഷിതവുമായ ജീവിതം പുനഃസ്ഥാപിച്ചു നല്‍കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാരെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരും പിന്തുണ നല്‍കണമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ആവശ്യപ്പെട്ടു.
വയനാട് ദുരന്തം ഉണ്ടാക്കിയ നോവ് ജീവിതാവസാനം വരെ ഉണ്ടാവുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അനുശോചിച്ചു. വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷം പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാവരുത്. വയനാട്ടിലെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായ ദുരിതാശ്വാസ പ്രവര്‍ത്തനമായി മാറണം.
സര്‍ക്കാര്‍ പദ്ധതികള്‍ക്കായി നയരൂപീകരണം നടത്തുമ്പോള്‍ കാലാവസ്ഥാ മാറ്റങ്ങൾ ഉള്‍പ്പെടെയുള്ളവ പരിഗണിക്കണം. തുടര്‍ച്ചായുള്ള കാലാവസ്ഥാ വ്യതിയാനം ഏറ്റവുമധികം ബാധിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. തീരദേശവും ഇടനാടും മലനാടുമെല്ലാം കാലാവസ്ഥാ വ്യതിയാനം മൂലം പലവിധ അപകട ഭീതിയിലാണെന്നും ഇത്തരം സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചു വേണം വരും കാലങ്ങളില്‍ പദ്ധതികള്‍ തയാറാക്കേണ്ടതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ പ്രകൃതിദുരന്തങ്ങളില്‍ ഒന്നാണു വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലുണ്ടായതെന്നു സ്പീക്കര്‍ എ. എന്‍. ഷംസീര്‍ ചരമോപചാരത്തില്‍ പറഞ്ഞു.
വിവിധ കക്ഷി നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ .ചന്ദ്രശേഖരന്, റോഷി അഗസ്റ്റിന്, മോന്‍സ് ജോസഫ്, മാത്യു.ടി തോമസ്, അനൂപ് ജേക്കബ്, തോമസ്.കെ. തോമസ്, കടന്നപ്പള്ളി രാമചന്ദ്രന്, കെ.ബി ഗണേഷ്കുമാര്, കെ.കെ. രമ, കെ.പി. മോഹനന്, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, കോവൂര്‍ കുഞ്ഞുമോന്, മാണി സി. കാപ്പന് എന്നിവരും കല്പറ്റ എംഎല്‍എ ടി.സിദ്ദിക്കും. നാദാപുരം എംഎല്‍എ ഇ.കെ വിജയനും അനുശോചന സന്ദേശം അറിയിച്ചു.
വയനാടിന് സഹായം: കേന്ദ്ര അവഗണനയ്ക്കെതിരേ നിയമസഭയില്‍ വിമര്‍ശനം
രാജ്യ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ മരണങ്ങളും വന്‍ നാശനഷ്ടങ്ങളുമുണ്ടായ വയനാട് മേപ്പാടിയിലെ ഉരുള്‍പൊട്ടലില്‍ സംസ്ഥാനത്തിന് അടിയന്തര കേന്ദ്ര സഹായം നല്‍കാത്തതില്‍ നിയമസഭയില്‍ കടുത്ത വിമര്‍ശനം. നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനമായ ഇന്നലെ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലുള്ള ചരമോപചാര പ്രസംഗത്തിനിടെയാണ് കക്ഷിനേതാക്കള്‍ ഒന്നടങ്കം വയനാടിനോടുള്ള കേന്ദ്രാവഗണന ചൂണ്ടിക്കാട്ടിയത്.
ഇത്ര വലിയ ദുരന്തവും നാശനഷ്ടവും ഉണ്ടായിട്ടും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഒരു സഹായവും ഉണ്ടായില്ലെന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശന് പറഞ്ഞു.
align='center' class='contentImageInside' style='padding:6px;'>
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു ശേഷം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും വലിയൊരു സഹായമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ പ്രത്യേക സാമ്പത്തിക പാക്കേജാണ് പ്രതീക്ഷിച്ചതെങ്കിലും താത്കാലികമായ ഒരു അലോക്കേഷന് പോലും കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഉണ്ടാകാത്തത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേക സാമ്പത്തിക സഹായം നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ഇ. ചന്ദ്രശേഖര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനോടുള്ള എതിര്‍പ്പ് രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രത്തില്‍ നിന്നും കിട്ടേണ്ട അവകാശം കൃത്യമായി ലഭിക്കണമെന്നു പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കേന്ദ്ര സഹായം വൈകിപ്പിക്കുന്ന നടപടിയെ റോഷി അഗസ്റ്റിന് സഭയില്‍ അപലപിച്ചു.
ദുരന്ത മേഖലയില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയത് ഏറെപ്രതീക്ഷ നല്‍കിയിരുന്നുവെന്നും എന്നാല്‍ സഹായം ലഭിക്കാത്തതില്‍ ഖേദമുണ്ടെന്നും കെ.ബി ഗണേഷ്കുമാര് പറഞ്ഞു. മാണി. സി കാപ്പന്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരും കേന്ദ്രാവഗണനയെ വിമര്‍ശിച്ചു.
സന്നദ്ധ സംഘടനകളുടെ യോഗം ഈ മാസം വിളിച്ചുചേര്‍ക്കും: മന്ത്രി രാജന്
വയനാട് മേപ്പാടിയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ സംഘടനകളുടെ പങ്കാളിത്തം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഈ മാസം യോഗം വിളിക്കുമെന്നു റവന്യു മന്ത്രി കെ. രാജന്. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പല സന്നദ്ധ സംഘടനകളും പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇടപെടല്‍ ഉണ്ടാവണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു.
വയനാട്ടില്‍ പുനരധിവാസത്തിനായി 2005 ലെ ഡിസാസ്റ്റര്‍ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. പുതുതായി വീടുകള്‍ നിര്‍മിക്കുന്നതിനായി രണ്ട് ലിസ്റ്റുകള്‍ സര്‍ക്കാര്‍ തയാറാക്കും. നിലവില്‍ വീടും സ്ഥലവും നഷ്ടമായവരുടെ ഒരു ലിസ്റ്റും നിലവില്‍ ആ മേഖലയില്‍ വീട് ഉണ്ടെങ്കിലും ഇനിയും അവിടേക്ക് പോകാന്‍ പറ്റാത്തവരുടെ മറ്റൊരു ലിസ്റ്റുമാണിത്.
ഈ ലിസ്റ്റുകള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച് പൊതുഅഭിപ്രായം തേടിയ ശേഷം മാത്രമേ തുടര്‍ നടപടികള്‍ കൈക്കൊള്ളുകയുള്ളൂ. കേന്ദ്ര സഹായത്തിനായുള്ള എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.