കേരള കോണ്‍ഗ്രസ് രൂപീകരണത്തിന് 60 വര്‍ഷം
റെജി ജോസഫ്
Saturday, October 5, 2024 6:36 AM IST
കോട്ടയം: കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരണത്തിന് 60 വര്‍ഷം തികയുന്നു. കോണ്‍ഗ്രസുമായി രാഷ്ട്രീയമായി അകന്ന ഒരുനിര നേതാക്കളും അണികളും ഉള്‍പ്പെടെ 500 പേര് 1964 ഒക്ടോബര്‍ എട്ടിന് തിരുനക്കര ലക്ഷ്മി നിവാസ് ഹോട്ടലിന്റെ മുകള്‍നിലയിലെ ഹാളില്‍ ഒരുമിച്ചുകൂടി പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചു.
പിറ്റേന്ന് തിരുനക്കര മൈതാനത്ത് നായര്‍ സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന് വിളക്കു കൊളുത്തി പാര്‍ട്ടിക്ക് പേരിട്ടു-കേരള കോണ്‍ഗ്രസ്. പപ്പാതി ചുവപ്പും വെള്ളയും നിറത്തില്‍ കൊടിയടയാളവും. കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി ഒന്നടങ്കമെന്നോണം കേരള കോണ്‍ഗ്രസിലേക്ക് മാറി പുതിയ കൊടി പിടിച്ചു.
കെ.എം. ജോര്‍ജ്-പ്രസിഡന്റ്, കെ.എന്‍. ബാലകൃഷ്ണന്‍നായര്‍, ഇ. ജോണ്‍ ജേക്കബ്-വൈസ് പ്രസിഡന്റുമാര്‍, ആര്. ബാലകൃഷ്ണപിള്ള, മാത്തച്ചന് കുരുവിനാക്കുന്നേല്‍, കെ.ആര്. സരസ്വതിയമ്മ-സെക്രട്ടറിമാര്‍. സി.എ. മാത്യു-ട്രഷറര്‍, ഒ.വി. ലൂക്കോസ്-ഓര്‍ഗനൈസിംഗ് സെക്രട്ടറി. വയലാ ഇടിക്കുള, കെ.എം. മാണി, തോമസ് ജോണ്‍, കെ. നാരായണക്കുറുപ്പ്, സി.എ. മാത്യു, കൈനടി സ്കറിയ, ജോസഫ് പുലിക്കുന്നേല്‍, ടി. കൃഷ്ണന്, എം.എം. ജോസഫ് തുടങ്ങി വലിയൊരു നേതൃനിര. സംസ്ഥാനമൊട്ടാകെ കേരള കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ 25 അംഗ കമ്മിറ്റിയും രൂപീകരിച്ചു.
1965 മാര്‍ച്ച് നാലിന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് തനിച്ച് 25 പേരെ വിജയിപ്പിക്കാനായി. കോണ്‍ഗ്രസിന് 40 സീറ്റ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് 36. ആര്‍ക്കും ഭൂരിപക്ഷമില്ലാതെ വന്നതിനാല്‍ ആ തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചില്ല. നേതാക്കളുടെ നയങ്ങളും നിലപാടുകളും താത്പര്യങ്ങളും മാറിമറിഞ്ഞതോടെ വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന പ്രതിഭാസം പാര്‍ട്ടിയില്‍ പതിവായി. ഒരേ സമയം നാലും അഞ്ചും കേരള കോണ്‍ഗ്രസുകളുടെ പ്രാതിനിധ്യം നിയമസഭയിലും മന്ത്രിസഭയിലുമുണ്ടായി.
പാര്‍ട്ടി രൂപീകൃതമായതു മുതല്‍ ഇതുവരെ 15 പിളര്‍പ്പുകളും ഏഴ് ലയനങ്ങളും. എന്നിരിക്കെയും ഇടതു വലതു മുന്നണികളില്‍ വിവിധ നേതാക്കളുടെ ഇനിഷ്യലുകളുള്ള കേരള കോണ്‍ഗ്രസുകള്‍ പ്രബലരായി നിലകൊണ്ടു. പി.ജെ. ജോസഫ്, ടി.എം. ജേക്കബ്, സിഎഫ്. തോമസ് തുടങ്ങി ഒട്ടനവധി നേതാക്കള്‍ക്കും കേരള കോണ്‍ഗ്രസ് ജന്മം കൊടുത്തു.
കേരള കോണ്‍ഗ്രസിന്റെ 60 വര്‍ഷത്തെ പ്രയാണം കേരള രാഷ്്ട്രീയത്തിന്റെകൂടി വഴിത്തിരിവുകളാണ്. വിവിധ മന്ത്രിസഭകളിലായി ഇരുപതോളം കേരള കോണ്‍ഗ്രസുകാര്‍ മന്ത്രിമാരായി. അന്‍പതിലേറെ എംഎല്‍എമാരുണ്ടായി. രാജ്യസഭയിലും ലോക്സഭയിലുമായി പത്തിലധികം എംപിമാരും.
1960 കളുടെ ആദ്യപാദത്തില്‍ തുടങ്ങിയ കേരള രാഷ്്ട്രീയത്തിലെ കലങ്ങിമറിയലാണ് കേരള കോണ്‍ഗ്രസ് പിറവിക്ക് നിമിത്തമായത്. 1960ല്‍ പട്ടം താണുപിളളയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്-പിഎസ്പി സഖ്യമന്ത്രിസഭ അധികാരത്തില്‍ വന്നതു മുതല്‍ പ്രശ്നങ്ങള്‍ ആരംഭിച്ചു. കോണ്‍ഗ്രസിലെ നിയമസഭാഘടകവും സംഘടനാ ഘടകവും തമ്മില്‍ ചേരിതിരിവുണ്ടായി. സംഘടനയില്‍ കെപിസിസി അധ്യക്ഷന്‍ സി.കെ. ഗോവിന്ദന്‍നായരുടെ നേതൃത്വവും നിയമസഭയില്‍ പി.ടി. ചാക്കോ, ആര്. ശങ്കര്‍ എന്നിവരുടെ നേതൃത്വവും.
പട്ടം താണുപിള്ള പഞ്ചാബ് ഗവര്‍ണറായപ്പോള്‍ ആര്. ശങ്കര്‍ മുഖ്യമന്ത്രിയും പി.ടി. ചാക്കോ ആഭ്യന്തര മന്ത്രിയുമായി. ഇരുഘടകങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ വളര്‍ന്ന് 1964 ഫെബ്രുവരി 20ന് മന്ത്രിസഭയില്‍നിന്ന് പി.ടി. ചാക്കോ രാജിവച്ചു. 1964 ജൂണില്‍ നടന്ന കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചാക്കോ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഓഗസ്റ്റ് രണ്ടിന് പി.ടി. ചാക്കോ അന്തരിച്ചു.
ഈ ഘട്ടത്തില്‍ പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടി ശങ്കര്‍ മന്ത്രിസഭയ്ക്കെതിരേ നിയമസഭയില്‍ അവിശ്വാസം കൊണ്ടുവന്നു. ചാക്കോ ഗ്രൂപ്പിലെ എംഎല്‍എമാരില്‍ പതിനഞ്ചുപേര്‍ സെപ്റ്റംബറില്‍ മന്ത്രിസഭയ്ക്കെതിരായി വോട്ടു ചെയ്തതോടെ അവിശ്വാസം പാസായി ശങ്കര്‍ രാജിവച്ചു.
ആ രാഷ്്ട്രീയ സാഹചര്യത്തിന്റെ പരിണതഫലമായാണ് കേരള കോണ്‍ഗ്രസ് രൂപീകൃതമായത്. രാഷ്്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളും സ്ഥിരം മിത്രങ്ങളുമില്ലെന്ന പ്രമാണം ശരിവച്ച് പില്ക്കാലത്ത് കേരള കോണ്‍ഗ്രസുകള്‍ കോണ്‍ഗ്രസിനോടും സിപിഎമ്മിനോടും മാറിമാറി തോള് ചേര്‍ന്ന് ഇടത്, വലത് മന്ത്രിസഭകളുടെ ഭാഗമായി.