ഫാ. ഗ്രിഗറി ഓണംകുളത്തിന് അന്ത്യാഞ്ജലി
Saturday, October 5, 2024 6:36 AM IST
ചങ്ങനാശേരി: രാഷ്്ട്രദീപിക കമ്പനി ഡയറക്ടര്‍, ചാസ്, ഡിസിഎംഎസ് ഡയറക്ടര്‍, ജീവകാരുണ്യനിധി ട്രസ്റ്റ് സെക്രട്ടറി, വിവിധ ഇടവകകളില്‍ വികാരി തുടങ്ങിയ നിലകളില്‍ ശുശ്രൂഷ നിര്‍വഹിച്ച ഫാ. ഗ്രിഗറി ഓണംകുളത്തിന് ജനസാഗരത്തിന്റെ യാത്രാഞ്ജലി.
ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി, ചങ്ങനാശേരി ആര്‍ച്ച്ബിഷപ്സ് ഹൗസ്, അദ്ദേഹം റെക്ടറായി ശുശ്രൂഷ ചെയ്തുവന്ന ചമ്പക്കുളം സെന്റ് മേരീസ് ബസലിക്ക, തുരുത്തി മര്‍ത്ത്മറിയം ഫൊറോനാപള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ പൊതുദര്‍ശനത്തിനു വച്ച ഭൗതികശരീരത്തില്‍ ആയിരങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചു. ചെത്തിപ്പുഴ ആശുപത്രിയില്‍നിന്ന് ഉച്ചകഴിഞ്ഞ് 2.15ന് പ്രത്യേക ആംബുലന്‍സില്‍ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പുറപ്പെട്ടു. യാത്രാമധ്യേ ചങ്ങനാശേരി ആര്‍ച്ച്ബിഷപ്സ് ഹൗസ് കവാടത്തില്‍ അതിരൂപതാ വികാരിജറാള് മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കലിന്റെ നേതൃത്വത്തില്‍ ആദരവ് അര്‍പ്പിച്ചു.
കൊടിക്കുന്നില്‍ സുരേഷ് എംപി, ജോബ് മൈക്കിള്‍ എംഎല്‍എ, ചങ്ങനാശേരി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന്, തുടങ്ങിയവർ ആദരവ് അര്‍പ്പിച്ചു. ചമ്പക്കുളം ബസിലിക്കയില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു.
രാത്രി ഏഴോടെ അതിരമ്പുഴയിലുള്ള സഹോദരന് ഓണംകുളം ഷാജി ഫ്രാന്‍സിസിന്റെ വസതിയില്‍ മൃതദേഹം എത്തിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.15ന് വസതിയില്‍ സംസ്കാരശുശ്രൂഷകള്‍ ആരംഭിക്കും. 2.15ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ വിശുദ്ധകുര്‍ബാനയെ തുടര്‍ന്ന് മൃതദേഹം സംസ്കരിക്കും.