ഷൂട്ടിംഗിനെത്തിച്ച ആനകൾ ഏറ്റുമുട്ടി; പരിക്കേറ്റ കൊമ്പൻ വനത്തിലേക്ക് ഓടി മറഞ്ഞു
Saturday, October 5, 2024 6:36 AM IST
കോതമംഗലം: കോതമംഗലം തുണ്ടത്ത് സിനിമാ ഷൂട്ടിംഗിനെത്തിച്ച നാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി. പരിക്കേറ്റ കൊമ്പൻ വനത്തിലേക്ക് ഓടി മറഞ്ഞു. തെലുങ്ക് സിനിമയുടെ ഷൂട്ടിംഗിനെത്തിച്ച കൊമ്പൻമാരാണ് ഏറ്റുമുട്ടിയത്. കോതമംഗലം തുണ്ടം ഫോറസ്റ്റ് സ്റ്റേഷനു സമീപം ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം . പരിക്കേറ്റ ‘പുതുപ്പള്ളി സാധു’ എന്ന കൊമ്പനാണ് വനത്തിൽ കയറി മറഞ്ഞത് .
‘പുതുപ്പള്ളി സാധു’ വിനോട് ഏറ്റുമുട്ടിയ ആനയും കാട്ടിലേക്കു കയറിയെങ്കിലും പിന്നീട് കണ്ടെത്തി. ഈ ആനയ്ക്ക് കാര്യമായ പരിക്കേറ്റിട്ടില്ല.
മൂന്നു പിടിയാനകളെയും രണ്ടു കൊമ്പൻമാരെയുമാണ് ഷൂട്ടിംഗിന് എത്തിച്ചത്. ഒരാഴ്ചയായി വടാട്ടുപാറയിൽ ഷൂട്ടിംഗ് നടക്കുന്നുണ്ട്. മറ്റ് ആനകളെ വാഹനത്തിൽ കയറ്റി തിരികെ കൊണ്ടുപോയി.
കാട്ടിൽ കയറിയ ആനയെ രാത്രി വൈകിയും കണ്ടെത്താനാകാതെ തെരച്ചിൽ അവസാനിപ്പിച്ചു. ഇന്നു പുലർച്ചെ തന്നെ തെരച്ചിൽ പുനരാരംഭിക്കും.