പേര്യ ചുരം റോഡ് നവീകരണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു
Saturday, October 5, 2024 6:36 AM IST
മാനന്തവാടി: പേര്യ ചുരം റോഡ് നവീകരണ പ്രവൃത്തിക്കിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു. രണ്ടു പേർക്കു പരിക്കേറ്റു. ചന്ദനത്തോട് ചെറുവത്ത് പീറ്ററാണ് (ബാവേട്ടൻ-65) മരിച്ചത്. ഇന്നലെ രാവിലെ ഒൻപതോടെയാണ് അപകടം. പരിക്കേറ്റ മട്ടന്നൂർ സ്വദേശി മനോജ്, കണിച്ചാർ സ്വദേശി ബിനു എന്നിവർ ചികിത്സയിലാണ്.
തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലാണ് പീറ്ററിന്റെ മരണം സ്ഥിരീകരിച്ചത്. ചുരം റോഡിൽ കോണ്ക്രീറ്റ് പണിക്കു മുന്നോടിയായി കന്പി കെട്ടുന്നതിനിടെ മുകൾഭാഗത്തെ കല്ലും മണ്ണും ഇടിയുകയായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു. വയനാട് അതിർത്തിയിൽനിന്നു. ഏകദേശം 200 മീറ്റർ മാറിയാണു മണ്ണിടിഞ്ഞ ഭാഗം.
മഴക്കാലത്ത് വിള്ളൽ രൂപപ്പെട്ട് പേര്യ ചുരം റോഡ് തകർന്നിരുന്നു. ഇതേത്തുടർന്നാണ് റോഡ് നവീകരണം ആരംഭിച്ചത്. നിലവിൽ പേര്യ ചുരത്തിൽ ഗതാഗതത്തിനു വിലക്കുണ്ട്.