ഷിബിന്‍ വധക്കേസ്: വിചാരണക്കോടതി വെറുതെ വിട്ട ഏഴു പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി
Saturday, October 5, 2024 6:36 AM IST
കൊച്ചി: ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്ന നാദാപുരം തൂണേരി ഷിബിന്‍ വധക്കേസില്‍ വിചാരണക്കോടതി വെറുതെവിട്ട മുസ്ലിം ലീഗ് പ്രവര്‍ത്തകരായ പ്രതികളില്‍ ഏഴുപേര്‍ കുറ്റക്കാരാണെന്നു ഹൈക്കോടതി കണ്ടെത്തി.
പ്രതികളെ വെറുതെ വിട്ട എരഞ്ഞിപ്പാലത്തെ സ്പെഷല്‍ അഡീഷണല്‍ സെഷന്‍സ് കോടതി വിധി ചോദ്യംചെയ്തു സമർപ്പിച്ച അപ്പീല്‍ ഹര്‍ജികളിലാണ് ജസ്റ്റീസുമാരായ പി.ബി. സുരേഷ്കുമാര്‍, സി. പ്രതീപ് കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
ഒന്ന്, രണ്ട് പ്രതികളായ തെയ്യമ്പാടി മീത്തലെ പുനച്ചിക്കണ്ടി ഇസ്മായില്‍, സഹോദരന് മുനീര്‍, നാലു മുതല്‍ ആറു വരെ പ്രതികളായ വാരാങ്കി താഴെകുനി സിദ്ദീഖ്, മനിയന്റവിട മുഹമ്മദ് അനീസ്, കളമുള്ളതാഴെകുനി ഷുഹൈബ്, 15ഉം 16ഉം പ്രതികളായ കൊച്ചന്റവിട ജാസിം, കടയംകോട്ടുമ്മല്‍ സമദ് എന്നിവരെയാണ് ഹൈക്കോടതി കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്നത്. മൂന്നാം പ്രതി അസ്ലമിനെയും കുറ്റക്കാരനായി കണ്ടെത്തിയെങ്കിലും 2016ല്‍ കൊല്ലപ്പെട്ടതിനാല്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി. ശിക്ഷ വിധിക്കുന്നതിനായി പ്രതികളെ ഈമാസം 15ന് നേരിട്ടു ഹാജരാക്കാനും ഡിവിഷന് ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.
പ്രതികളെ അറസ്റ്റ് ചെയ്തു സെഷന്‍സ് കോടതിയില്‍ ഹാജരാക്കാന്‍ ജാമ്യമില്ലാ വാറണ്ടും കോടതി പുറപ്പെടുവിച്ചു. കോടതി ജുഡീഷല്‍ കസ്റ്റഡിയില്‍ വിടണം. ശിക്ഷാവിധിക്കു മുമ്പ് ചട്ടപ്രകാരം പ്രതികളെ കേള്‍ക്കേണ്ടതിനാല്‍ 15ന് രാവിലെ 10.15ന് ഡിവിഷന് ബെഞ്ചില്‍ ഹാജരാക്കണമെന്നാണു ബന്ധപ്പെട്ട ജയില്‍ സൂപ്രണ്ടിനു നിര്‍ദേശം നല്‍കിയിരിക്കുന്നത്. 2015 ജനുവരി 28നാണ് നാദാപുരം വെള്ളൂരില്‍ ഷിബിന്‍ കൊല്ലപ്പെട്ടത്.
ലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ മാരകായുധങ്ങളുമായി വര്‍ഗീയവും രാഷ്ട്രീവുമായ കാരണങ്ങളാല്‍ ഷിബിന്‍ ഉള്‍പ്പെടെയുള്ള സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചെന്നാണു കേസ്. സംഭവത്തില്‍ ഷിബിന്‍ കൊല്ലപ്പെടുകയും ആറു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കേസ് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിയാത്ത സാഹചര്യം ചൂണ്ടിക്കാട്ടി വിചാരണക്കോടതി പ്രതികളായിരുന്ന 17 പേരെയും വെറുതെ വിട്ടിരുന്നു. ഇതിനെതിരേ ഷിബിന്റെ അച്ഛനും സംസ്ഥാന സര്‍ക്കാരും സംഭവത്തില്‍ പരിക്കേറ്റവരുമാണ് അപ്പീല്‍ നല്‍കിയത്.
എട്ടു പ്രതികളുടെ കാര്യത്തില്‍ കുറ്റകൃത്യത്തിനു മതിയായ തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടുണ്ടെന്നും ഇതു ശരിയായ രീതിയില്‍ വിചാരണക്കോടതി പരിഗണിച്ചിട്ടില്ലെന്നും ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി.