പിണറായിക്കു പിന്തുണ, അൻവറിനെ തള്ളി സിപിഎം
സ്വന്തം ലേഖകൻ
Saturday, October 5, 2024 6:12 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു പൂർണ പിന്തുണ നൽകി സിപിഎം സംസ്ഥാന സമിതി. മുഖ്യമന്ത്രിക്കെതിരേ ഉയർന്ന വിവാദങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നു വിലയിരുത്തിയ സിപിഎം സംസ്ഥാന സമിതി സർക്കാരിനും മുഖ്യമന്ത്രിക്കും രാഷ്ട്രീയകവചം തീർക്കുകയാണ്.
ഇന്നലെ ചേർന്ന പാർട്ടി സംസ്ഥാന സമിതിയിൽ എഡിജിപി എം.ആർ. അജിത്കുമാറിന്റെ ആർഎസ്എസ് ബന്ധം മാത്രമാണു വിമർശനവിധേയമായത്. ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടു പരിശോധിച്ച് അജിത്കുമാറിനെതിരേ ഉചിതമായ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി സംസ്ഥാന സമിതിയിൽ മറുപടി പറഞ്ഞു. കൂടാതെ തനിക്കൊരു പിആർ ഏജൻസിയും ഇല്ലെന്നും യോഗത്തിൽ അദ്ദേഹം പാർട്ടിയെ ബോധ്യപ്പെടുത്തി.
സംസ്ഥാന സമിതിയിൽ പി.വി. അൻവർ എംഎൽഎയുടെ ആരോപണങ്ങളും ആർഎസ്എസ് നേതാക്കളുമായുള്ള എഡിജിപിയുടെ രഹസ്യകൂടിക്കാഴ്ചയും സജീവ ചർച്ചയായി. ചർച്ചയ്ക്കു മറുപടി പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച ഗുരുതരമാണെന്ന നിലപാടെടുത്തു.
സംസ്ഥാന സമിതിക്കു ശേഷം നടന്ന പത്രസമ്മേളനത്തിൽ പോലീസിനെയും സർക്കാരിനെയും പൂർണമായും പിന്തുണച്ചുകൊണ്ടും അൻവറിനെ തള്ളിക്കൊണ്ടുമാണ് ഗോവിന്ദൻ സംസാരിച്ചത്.
സ്വർണക്കടത്ത് ക്രമസമാധാന പ്രശ്നമായി മാറിയിരിക്കുകയാണ്. അങ്ങനെ വരുന്പോൾ പോലീസിന് ഇടപെടാതിരിക്കാൻ കഴിയില്ല. എഡിജിപി എം. ആർ. അജിത് കുമാറിനെതിരേ ആരോപണം വന്നു. ഇക്കാര്യത്തിൽ ഫലപ്രദമായ നടപടി സ്വീകരിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.