ഗണ്മാന്മാരുടെ മർദനത്തിന് തെളിവില്ലേയെന്ന് വി.ഡി. സതീശൻ
Saturday, October 5, 2024 6:12 AM IST
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്ഗ്രസ് നേതാക്കളെ ക്രൂരമായി മർദിച്ച മുഖ്യമന്ത്രിയുടെ ഗണ്മാൻമാർക്ക് ക്ലീൻ ചിറ്റ് നൽകിയുള്ള പോലീസ് റിപ്പോർട്ട് നിയമവിരുദ്ധവും അപഹാസ്യവുമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
യൂത്ത് കോണ്ഗ്രസ് നേതാവ് അജയ് ജുവൽ കുര്യാക്കോസ് ഉൾപ്പെടെയുള്ളവരെ പോലീസ് ക്രിമിനലുകൾ ക്രൂരമായി മർദിക്കുന്നത് ലോകം മുഴുവൻ കണ്ടതാണ്. അതിന്റെ ദൃശ്യങ്ങൾ ഇപ്പോഴും പൊതുസമൂഹത്തിന് മുന്നിലുണ്ട്. എന്നിട്ടും തെളിവില്ലെന്ന റിപ്പോർട്ട് നൽകിയ പോലീസ് ഉദ്യോഗസ്ഥരും ഒരു നിമിഷം പോലും സർവീസിൽ തുടരാൻ യോഗ്യരല്ല.
സർക്കാരിനു വേണ്ടി വിടുപണി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരെ വെറുതെ വിടില്ല. എക്കാലവും പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കില്ലെന്ന് സിപിഎമ്മിന്റെ ഗുണ്ടാ സംഘങ്ങളെ പോലെ പ്രവർത്തിക്കുന്ന പോലീസുകാർ ഓർക്കണം. കാലം കണക്കു പറയിക്കുക തന്നെ ചെയ്യുമെന്ന് അത്തരക്കാർ മനസിലാക്കിയാൽ നല്ലതെന്നു സതീശൻ പറഞ്ഞു.