മോഹൻരാജ് ഓർമയായി; മരണമില്ലാതെ കീരിക്കാടൻ
എസ്. രാജേന്ദ്രകുമാർ
Saturday, October 5, 2024 6:12 AM IST
വിഴിഞ്ഞം: കീരിക്കാടൻ ജോസ് എന്ന മോഹൻരാജ് ഇനി ഓർമകളിൽ. ഇന്നലെ വൈകുന്നേരം കാഞ്ഞിരംകുളത്തെ വീട്ടുവളപ്പിൽ തങ്ങളുടെ പ്രിയപ്പെട്ട നടനെ അവസാനമായി കാണാൻ എത്തിയ നൂറ് കണക്കിന് ആൾക്കാരെ സാക്ഷിയാക്കി മകൾ കാവ്യ ചിതയ്ക്ക് തീ കൊളുത്തി. രാവിലെ മുതൽ പെയ്ത കനത്ത മഴയെ അവഗണിച്ച് നൂറ് കണക്കിന് പേരാണ് തങ്ങളുടെ പ്രിയനടനെ ഒരുനോക്ക് കാണാൻ എത്തിയത്.
രാവിലെ 11.30 ഓടെ കാഞ്ഞിരംകുളത്തെ ദൃശ്യ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്ന് പ്രമുഖർ അടക്കമുള്ളവർ എത്തിയിരുന്നു.
കഴിഞ്ഞ ദിവസം കാഞ്ഞിരംകുളത്തെ കുടുംബ വീട്ടിലാണ് നടൻ മോഹൻരാജ് മരണമടഞ്ഞത്.കാനഡയിലുള്ള മൂത്ത മകൾ ജേഷ്മ മോഹന് എത്താനായില്ല. പൊതുദർശനത്തിനുശേഷം 3.30 ഓടെ മൃതദേഹം വിലാപയാത്രയായി കുടുംബവീട്ടിൽ എത്തിച്ചു. നാലോടെ വീടിനു സമീപത്ത് ഒരുക്കിയ ചിതയിൽ മൃതദേഹം ദഹിപ്പിച്ചു.
കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി, കെ. ആൻസലൻ എംഎൽഎ,നടൻമാരായ സുരാജ് വെഞ്ഞാറമൂട്, മധുപാൽ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി അജോയ് ചന്ദ്രൻ, കിരീടം ഉണ്ണി, ശാന്തിവിള ദിനേശൻ, കല്ലിയൂർ ശശി, ദിനേശ് പണിക്കർ,ജി രവീന്ദ്രൻ, പ്രൊഡ്യൂസർ സുരേഷ്, മുൻ സ്പീക്കർ എൻ. ശക്തൻ, തുടങ്ങി കലാ സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പേരും അന്തിമോപചാരമർപ്പിക്കാനെത്തിയിരുന്നു.