ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസം; ഭ്രൂണമാറ്റ ലാബ് വീട്ടുപടിക്കല്‍
ജെവിന്‍ കോട്ടൂര്‍
Saturday, October 5, 2024 6:12 AM IST
കോട്ടയം: ക്ഷീരോത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ സംസ്ഥാനത്ത് കന്നുകാലി വന്ധ്യതാ നിവാരണ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു.
കേരള ലൈവ് സ്റ്റോക്ക് ഡിപ്പാര്‍ട്ട്മെന്റ് ബോര്‍ഡിനു കീഴില്‍ തെരഞ്ഞെടുക്കപ്പെട്ട വെറ്ററിനറി സെന്ററുകളിലാണ് വന്ധ്യതാ നിവാരണ കേന്ദ്രങ്ങള്‍ (റീജണല്‍ ലൈവസ്റ്റോക്ക് ഫെര്‍ട്ടിലിറ്റി മാനേജ്മെന്റ് സെന്റര്‍) ആരംഭിക്കുന്നത്. വന്ധ്യതാ നിവാരണ കേന്ദ്രങ്ങള്‍ റഫറല്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. കൂടാതെ സഞ്ചരിക്കുന്ന ഭ്രൂണമാറ്റ ലബോറട്ടറികളും ആരംഭിക്കും. ആദ്യഘട്ടത്തില്‍ കൊല്ലം ചിതറയിലും കോട്ടയം തലയോലപ്പറമ്പിലുമാണ് കേന്ദ്രങ്ങള്‍ വരിക.
പാല് ഉത്പാദനത്തില്‍ മുന്നിലുള്ള സങ്കരയിനം പശുക്കള്‍ കര്‍ഷകര്‍ക്കുണ്ടെങ്കിലും ഇവയുടെ പ്രത്യുത്പാദനക്ഷമത പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ല. വര്‍ഷത്തില്‍ 40 ശതമാനത്തിലധികം പശുക്കള്‍ വന്ധ്യതമൂലം ഒഴിവാക്കപ്പെടുന്നതയാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്. വേനല്‍ക്കാലത്തെ അമിത ചൂടും കാലാവസ്ഥാ വ്യതിയാനങ്ങളും മൂലമുണ്ടാകുന്ന അധിക സമ്മര്‍ദമാണ് വന്ധ്യതയ്ക്കിടയാക്കുന്നത്. ഇത് ശാശ്വതമായി പരിഹരിച്ചാല്‍ മാത്രമേ പാല് ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ സാധിക്കുകയുള്ളു.
വര്‍ഷത്തില്‍ ഒരു പശുവിന് ഒരു പ്രസവം എന്ന രീതിയില്‍ മുന്നോട്ടു നീങ്ങിയാല്‍ മാത്രമേ ലാഭകരമായി പാല് ഉത്്പാദനം നടക്കുകയുള്ളുവെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
വന്ധ്യതാ നിവാരണ കേന്ദ്രങ്ങള്‍ റഫറലായി പ്രവര്‍ത്തിക്കുന്നതിനാല്‍ അതതു സ്ഥലങ്ങളിലെ വെറ്ററിനറി ഡോക്ടര്‍മാര്‍ റഫര്‍ ചെയ്യുന്ന കേസുകള്‍ മാത്രമേ ഇവിടെ പരിഗണിക്കുകയുള്ളു. രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും ആധുനിക ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. സഞ്ചരിക്കുന്ന ഭ്രൂണമാറ്റ ലബോട്ടറികളുടെ സേവനം വീട്ടുപടിക്കല്‍ എത്തിക്കും. ഇതിലൂടെ ഭ്രൂണമാറ്റവും ഐവിഎഫ് സാങ്കേതിത വിദ്യകളുടെ സേവനവും വീട്ടുപടിക്കല്‍ ലഭ്യമാകും. ഭ്രൂണമാറ്റത്തിലുടെ മുന്തിയയിനം പശുക്കളെ ഉത്പാദിപ്പിക്കുന്നതിനാണു അധുനിക സൗകര്യങ്ങളോടെ സഞ്ചരിക്കുന്ന ലബോറിട്ടറിസജ്ജീകരിച്ചിരിക്കുന്നത്.
പ്രസവശേഷം നൂറു ദിവസം കഴിഞ്ഞിട്ടും മദി ലക്ഷണം കാണിക്കാത്തതും മൂന്നു തവണയെങ്കിലും കുത്തിവച്ചിട്ടും ഗര്‍ഭം ധരിക്കാത്തതുമായ പശുക്കളെയും 24 മാസത്തിനുശേഷവും മദി കാണിക്കാത്തതും മൂന്നു കുത്തിവയ്പ്പെടുത്തിട്ടും ഗര്‍ഭം ധരിക്കാത്ത കിടാരികളെയുമാണ് വന്ധ്യതാ നിവാരണ കേന്ദ്രങ്ങളിലെത്തിക്കുന്നത്.
ഇത്തരം കേസുകള്‍ മേഖല തിരിച്ചും റൂട്ട് മാപ്പ് തയാറാക്കിയും മുന്‍കുട്ടി അറിയിച്ചശേഷം ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം വീടുകളിലെത്തും. തുടര്‍ ചികിത്സകളും നടപ്പാക്കും. ഒരു പശുവിന് ചികിത്സയും മരുന്നും നല്കുന്നതിനു 500 രൂപ മുതല്‍ 750 രൂപ വരെ ഈടാക്കും.
ചികിത്സാ രേഖകള്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചു സൂക്ഷിക്കുന്നതിനാല്‍ കര്‍ഷകര്‍ക്കു തുടര്‍ന്നും ഉപകരിക്കുകയും ചെയ്യും. ചിതറയിലെ കേന്ദ്രം ഇന്നും തലയോലപ്പറമ്പിലേത് 14നും ഉദ്ഘാടനം ചെയ്യും.