പൂരം കലക്കലിൽ വിശദമായ അന്വേഷണം നടത്തും; എഡിജിപിക്കു മാറ്റമില്ല
Friday, October 4, 2024 5:48 AM IST
തിരുവനന്തപുരം: ആരോപണത്തിന്റെ പേരിൽ മാത്രം ഒരു ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിക്കാൻ കഴിയില്ലെന്നും കൃത്യമായ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ നടപടിയിലേക്കു കടക്കാൻ കഴിയുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചിട്ടും അദ്ദേഹത്തെ ആ ചുമതലയിൽനിന്നു മാറ്റാത്തതു സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.
എഡിജിപിക്കെതിരേയുള്ള അന്വേഷണ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് അതു പരിശോധിച്ച് തുടർനടപടികൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന ഡിജിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൃശൂർ പൂരം അലങ്കോലമാക്കാൻ നടന്ന ശ്രമവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കാൻ ക്രൈം ബ്രാഞ്ച് എഡിജിപി എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കും. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട ചുമതല വഹിച്ച വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു വീഴ്ച ഉണ്ടായോ എന്നത് ഇന്റലിജൻസ് എഡിജിപി മനോജ് ഏബ്രഹാം അന്വേഷിക്കും. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ട് കഴിഞ്ഞ മാസം 24നു ലഭിച്ചു. പൂരവുമായി ബന്ധപ്പെട്ട് കേരളത്തിലെ സാമൂഹികാന്തരീക്ഷം തകർക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്.
വ്യക്തമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത കാര്യങ്ങൾ ഉണ്ടായി. ഇതു സംബന്ധിച്ച് സംശയിക്കേണ്ട അനേകം കാര്യങ്ങൾ സംസ്ഥാന പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. സംഘപരിവാറിനെപ്പറ്റിയും ചില ആക്ഷേപങ്ങളുണ്ട്. സമൂഹികാന്തരീക്ഷം തകർക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.