ഹേമ കമ്മിറ്റി: മൊഴി നല്‍കിയവര്‍ക്ക് കേസിനു പോകാന്‍ താത്പര്യമില്ല
Friday, October 4, 2024 5:48 AM IST
കൊച്ചി: ഹേമ കമ്മിറ്റിക്കു മുന്നില്‍ മൊഴി നല്കിയവര് ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കിലും കേസുമായി മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്നാണ് അറിയിച്ചിട്ടുള്ളതെന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട്.
മൊഴി നല്‍കിയവരുടെ നിലപാട് ഇതാണെങ്കില്‍ നിര്‍ബന്ധിക്കാനാകില്ലല്ലോ എന്നായിരുന്നു ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ പ്രതികരണം. മുദ്രവച്ച കവറിലാണ് അന്വേഷണസംഘം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
വിവരം ലഭിച്ചാല്‍ പോലീസ് കേസെടുത്ത് അന്വേഷിക്കേണ്ട വിഷയമാണെന്ന് ഹര്‍ജി പരിഗണിക്കവെ ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതി ഇക്കാര്യത്തില്‍ പരാമര്‍ശം നടത്തിയത്. പോലീസ് കേസെടുക്കേണ്ട കുറ്റകൃത്യത്തെക്കുറിച്ചാണു വിവരം ലഭിച്ചിട്ടുള്ളത്. അതിനാല്‍, എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍, എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പക്ഷേ, അന്വേഷണവുമായി മുന്നോട്ടുപോകാന്‍ ബുദ്ധിമുട്ടുണ്ടെന്നുമാണ് എസ്ഐടി അറിയിച്ചതെന്നും കോടതി വ്യക്തമാക്കി.
എസ്ഐടിയുടെ നിലപാടു തെറ്റാണെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു. നിയമനടപടിയുമായി മുന്നോട്ടു പോകണോ വേണ്ടയോ എന്നത് ഇരയുടെ തീരുമാനത്തിനു വിടാനേ കഴിയൂവെന്ന് കോടതി അഭിപ്രായപ്പെട്ടു. തങ്ങള്‍ക്കുണ്ടായ അനുഭവം ഭാവിയില്‍ മറ്റാര്‍ക്കും ഉണ്ടാകരുതെന്നതാണു മൊഴി നല്കിയ ഇരകളുടെ ലക്ഷ്യം. പരാതിക്കാര്‍ സഹകരിക്കാതെ അന്വേഷണം മുന്നോട്ടു പോകില്ലെന്നും കോടതി വ്യക്തമാക്കി.
മൊഴി നല്‍കിയവര്‍ക്കു താത്പര്യമില്ലെന്നു പറഞ്ഞാല്‍ അന്വേഷണവുമായി മുന്നോട്ടു പോകാനാകില്ലെന്ന് അഡ്വക്കറ്റ് ജനറലും ചൂണ്ടിക്കാട്ടി. പ്രത്യേക അന്വേഷണസംഘത്തില്‍ ഉള്‍പ്പെട്ട എസ്. അജിതാ ബീഗം, ജി. പുങ്കുഴലി എന്നിവര്‍ ഹാജരായിരുന്നു. ചൂഷണം നടക്കുന്നുണ്ടെന്നതു യാഥാര്‍ഥ്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമനടപടികളടക്കം സ്വീകരിക്കണമെന്നാവശ്യപ്പെട്ടു നല്കിയ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.