വിശദീകരണം ഉയർത്തുന്നതു കൂടുതൽ ചോദ്യങ്ങൾ
സാബു ജോണ്
Friday, October 4, 2024 5:48 AM IST
തിരുവനന്തപുരം: ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലെ പിആർ ഏജൻസിയുടെ ഇടപെടൽ സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ വിശദീകരണം ഉത്തരങ്ങളേക്കാളേറെ ചോദ്യങ്ങളാണു സമ്മാനിച്ചത്.
പറയാത്ത കാര്യങ്ങൾ അഭിമുഖത്തിൽ കൂട്ടിച്ചേർത്ത വിഷയത്തിൽ ഖേദപ്രകടനം നടത്തിയ "ദ ഹിന്ദു'ദിനപത്രം പിആർ ഏജൻസിയുടെ ഇടപെടലിനെക്കുറിച്ചും വിശദീകരിച്ചിരുന്നു. എന്നാൽ അക്കാര്യത്തിൽ കൃത്യമായ മറുപടി ഉണ്ടായില്ല. അഭിമുഖം നൽകുന്നതിനായി പത്രത്തെ പിആർ ഏജൻസി സമീപിച്ചു എന്നു പത്രം വിശദീകരിക്കുന്പോൾ പരിചയക്കാരനും മുൻ എംഎൽഎയുടെ മകനുമായ ആൾ ആവശ്യപ്പെട്ടതനുസരിച്ചു പത്രത്തിന് അഭിമുഖം നൽകിയെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
പിആർ ഏജൻസിയുടെ രണ്ടു പേർ ഉണ്ടായിരുന്നു എന്ന പത്രത്തിന്റെ വിശദീകരണം മുഖ്യമന്ത്രിയും ശരിവയ്ക്കുന്നു.
മുൻ എംഎൽഎയുടെ മകൻ ഹിന്ദുവിന്റെ ലേഖികയ്ക്കൊപ്പം വന്നെന്നും അഭിമുഖം നടക്കുന്പോൾ അപരിചിതനായ മറ്റൊരാൾ കയറിവന്നു എന്നുമാണു മുഖ്യമന്ത്രി പറഞ്ഞത്. അതു പിആർ ഏജൻസിയുടെ ആൾ ആണെന്ന് അറിയില്ലായിരുന്നു എന്നും ഹിന്ദുവിന്റെ പ്രവർത്തകൻ ആണെന്നാണു വിചാരിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിക്കുന്നു. മുഖ്യമന്ത്രിയുടെ മുറിയിലേക്ക് അഭിമുഖത്തിനിടയിൽ അപരിചിതനായ ഒരാൾ കടന്നുവരുന്നു എന്നത് മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ചും അവിടെ കടന്നു ചെല്ലുന്നതിനുള്ള രീതികളെക്കുറിച്ചും അറിയാവുന്ന ആർക്കും വിശ്വസിക്കാനാകുന്നതല്ല.
എത്രയോ തലത്തിലുള്ള പരിശോധനകൾക്കും ഇടപെടലുകൾക്കും ശേഷമാണ് ഒരാൾ മുഖ്യമന്ത്രിയുടെ അടുത്തേക്ക് എത്തിച്ചേരുക എന്ന് ആ സംവിധാനവുമായി പരിചയമുള്ള എല്ലാവർക്കും അറിയാവുന്നതാണ്.
മുഖ്യമന്ത്രി പറയാത്ത ഭാഗം പിആർ ഏജൻസിക്കാർ എഴുതിക്കൊടുത്തതാണെന്നാണ് പത്രത്തിന്റെ വിശദീകരണം. ആ ഭാഗമാകട്ടെ മലപ്പുറത്തേക്കു വൻതോതിൽ സ്വർണം കടത്തുന്നു എന്നും അതിന്റെ പണം രാജ്യദ്രോഹപ്രവർത്തനങ്ങൾക്കു വിനിയോഗിക്കുന്നു എന്നുമുള്ള ഗുരുതരമായ ആരോപണമാണ്. അത്തരത്തിലുള്ള തരത്തിൽ സംസാരിക്കുന്ന ആളല്ല താൻ എന്ന് എല്ലാവർക്കുമറിയാം എന്ന പൊതുപ്രസ്താവന മാത്രമാണു മുഖ്യമന്ത്രി നടത്തുന്നത്.
അതീവഗുരുതരമായ ഈ കൂട്ടിച്ചേർക്കൽ പത്രവും ഏജൻസിയും തമ്മിലുള്ള ഇടപാട് എന്ന തരത്തിൽ ലഘൂകരിക്കുകയും ചെയ്യുന്നു. പിആർ ഏജൻസിക്കെതിരേയോ പത്രത്തിനെതിരേയോ അന്വേഷണം നടത്തുമെന്നും പറയുന്നില്ല. അതു പരിശോധിക്കേണ്ട കാര്യമാണ് എന്നു മാത്രമാണു പറഞ്ഞത്. ഇതു സംശയം ഉയർത്തുന്ന നിലപാടുതന്നെയാണ്.
മുഖ്യമന്ത്രിയുടെ അഭിമുഖത്തിനായി ആര് ആരെയാണു സമീപിച്ചത്, ആരാണു കൂട്ടിച്ചേർക്കൽ നടത്തിയത്, അവരുടെ ഉദ്ദേശ്യം എന്തായിരുന്നു, അപരിചിതനായ വ്യക്തി എങ്ങനെ മുഖ്യമന്ത്രിയുടെ മുറിയിൽ കയറിപ്പറ്റി എന്നതെല്ലാം ഉത്തരമില്ലാത്ത ചോദ്യങ്ങളായി അവശേഷിക്കുകയാണ്.
കാലങ്ങളായി പരിചയമുണ്ടെ ന്നു പറയുന്ന മുൻ എംഎൽഎയുടെ മകൻ ഇത്രയൊക്കെ വിവാദങ്ങളുണ്ടായിട്ടും വിളിക്കുകയോ വിശദീകരിക്കുകയോ ചെയ്തില്ലെന്നും മുഖ്യമന്ത്രി പറയുന്നു. അഭിമുഖത്തിൽ വന്ന വിവാദ പരാമർശം മലപ്പുറത്തിനെതിരേ സംഘപരിവാർ ശക്തികൾ വർഗീയപ്രചാരണത്തിന് ഉപയോഗിക്കുകയാണെന്ന് മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. പ്രശ്നം ലാഘവത്തോടെ കാണാനാകില്ലെന്നും പൂരം പ്രശ്നവും ഇതേ ലാഘവത്തോടെയാണ് മുഖ്യമന്ത്രി കാണുന്നതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.