നിയമസഭാ സമ്മേളനം ഇന്നുമുതൽ
Friday, October 4, 2024 5:48 AM IST
തിരുവനന്തപുരം : നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങി 18ന് അവസാനിക്കും. പ്രധാനമായും നിയമ നിർമാണത്തിനായാണു സഭ ചേരുന്നത്. സമ്മേളന കാലയളവിൽ ആറു ബില്ലുകളാണു പരിഗണനയ്ക്കു വരുന്നതെന്ന് സ്പീക്കർ എ.എൻ. ഷംസീർ അറിയിച്ചു.
2017 ലെ കേരള സംസ്ഥാന ചരക്കു സേവന നികുതി നിയമം, 2020- ലെ കേരള ധനകാര്യ നിയമം, 2008- ലെ കേരള ധനകാര്യ നിയമം എന്നിവ ഭേദഗതി ചെയ്യുന്നതിനായി പുറപ്പെടുവിച്ച 2024-ലെ കേരള നികുതി ചുമത്തൽ നിയമങ്ങൾ (ഭേദഗതി) ഓർഡിനൻസിനു പകരമുള്ള ബില്ലും സമ്മേളനത്തിൽ പരിഗണിച്ച് പാസാക്കേണ്ടതുണ്ട്.
ബില്ലുകൾ പരിഗണിക്കുന്നതിനുള്ള സമയക്രമം സംബന്ധിച്ച് ഇന്ന് ചേരുന്ന കാര്യോപദേശക സമിതി തീരുമാനമെടുക്കുമെന്നും സ്പീക്കർ പറഞ്ഞു. നിയമസഭാ സെക്രട്ടേറിയറ്റിന്റെ ആഭിമുഖ്യത്തിൽ നിയമവകുപ്പിന്റെ സഹകരണത്തോടെ ഭരണഘടനാ നിർമാണ സഭയുടെ ഡിബേറ്റ്സ് മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുന്ന പ്രോജക്ട് 2022 മേയ് മാസത്തിൽ ആരംഭിച്ചിരുന്നു.
പരിഭാഷയുടെ ആദ്യ വാല്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് 2025 ജനുവരി 26-ന് പ്രകാശനം ചെയ്യാനാണുദ്ദേശിക്കുന്നതെന്നും സ്പീക്കർ പറഞ്ഞു. അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പ് അടുത്ത വർഷം ജനുവരി ആദ്യവാരം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാലു ബില്ലുകളുടെ കരടിന് മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം: ഇന്നു തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിച്ച് പാസാക്കാനുള്ള നാലു ബില്ലുകളുടെ കരടിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. ക്ലിനിക്കുകൾ അടക്കമുള്ള ആരോഗ്യ സ്ഥാപനങ്ങളുടെ
താൽക്കാലിക (പ്രൊവിഷണൽ) ലൈസൻസിലെ വൈഷമ്യങ്ങളും പോരായ്മകളും പരിഹരിക്കാനുള്ള കാലാവധി നാലര വർഷമായി ഉയർത്താൻ 2018ലെ കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്ട്രേഷനും നിയന്ത്രണവും) ആക്ട് ഭേദഗതി വരുത്തുന്നതിനായി 2024ലെ കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്ട്രേഷനും നിയന്ത്രണവും) അംഗീകരിച്ച കരട് ഭേദഗതി ബില്ലിൽ പറയുന്നു.
കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിൽ പേരുകളിലും മറ്റും വരുത്തേണ്ട ഭേദഗതികളും ഇതിലുണ്ട്. കാലഹരണപ്പെട്ട നിയമങ്ങളിൽ ഭേദഗതി വരുത്തുന്നതിനുള്ള 2024ലെ കേരള റദ്ദാക്കലും ഒഴിവാക്കലും ബില്ലിന്റെ കരടും അംഗീകരിച്ചു.
2024ലെ കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗര പ്രദേശ വികസനവും (ഭേദഗതി) ബില്ലിന്റെ കരട് അംഗീകരിച്ചു. 2024ലെ കേരള സൂക്ഷ്മ -ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങളും ഇതര വ്യവസായ സ്ഥാപനങ്ങളും സുഗമമാക്കൽ (ഭേദഗതി) ബില്ലിന്റെ കരട് അംഗീകരിച്ചു.